Feb 26, 2011

വ്യാകരണം

നാമം; മനുഷ്യത്വം 
ക്രിയ; കാരുണ്യം
വിശേഷണം; നന്‍മ  
വചനം; ഉണ്മ 
ലിംഗം; സദാചാരം
കാലം; അനശ്വരം
അലങ്കാരം; അഭിമാനം
പ്രത്യയം;  സഹനം 
വിഭക്തി ക്രൌര്യത്തോട്‌
സമാസം സഹജീവിയോട്‌
സന്ധി ഹൃദയത്തോട്
വൃത്തം സ്നേഹംകൊണ്ട്

Feb 21, 2011

ശിശിരാന്തം

എകാന്തമീ ഹൈമവതഭൂവിന്‍ സീമന്തത്തില്‍
സിന്ദൂരം ചാര്‍ത്തിയൊരു സൂര്യാംഗുലി.
ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി;
കണ്ണീര്‍ക്കണങ്ങള്‍ കിലുങ്ങും മുത്തുകളായ്‌ മാറി.
വ്രണിതവികാരങ്ങള്‍ മരവിപ്പുവിട്ടു മിടിച്ചു;
പ്രണയപ്പക്ഷികള്‍ ചിറകുവിരിച്ചു പാറി.
വര്‍ണപ്പട്ടുചുറ്റി മനോലതകള്‍ പുഞ്ചിരിച്ചു;
പൂമ്പാറ്റകള്‍ വസന്തമധുചഷകം നുണഞ്ഞു.
അനംഗമാരുതന്‍ പരാഗരേണുക്കള്‍ വിതറി;
സ്നേഹമരച്ചില്ലകള്‍ പുഷ്പവൃഷ്ടി നടത്തി.
വാത്സല്യക്കൂട്ടിലൊരു കുഞ്ഞിക്കുയില്‍ പാടി;
തൂക്കണാംകുരുവികള്‍ തൊട്ടിലുകളാട്ടി.
അപ്സരസ്സുകള്‍ ചിലങ്ക കെട്ടിയാടി;
ദേവഗന്ധര്‍വന്‍മാര്‍ കിന്നരിവീണകള്‍ മീട്ടി.

Feb 17, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...

Feb 13, 2011

ചുവപ്പ്

സ്വാര്‍ത്ഥകോമരങ്ങള്‍ വാളെടുത്തു;
പലവര്‍ണക്കൊടികളില്‍ രക്തം പൊടിഞ്ഞു;
കാവിയിലും പച്ചയിലും ചുവപ്പ് പടര്‍ന്നു;
പെണ്ണും പൊന്നും ചുവപ്പില്‍ മുങ്ങി;
ദുഷിച്ച ഹൃദയങ്ങള്‍ ചോര വാര്‍ത്തു;
ദ്രവിച്ച തലച്ചോറുകള്‍ പിളര്‍ന്ന് ചോരചിന്തി;
ജലചക്രം രക്തവ്യൂഹത്തില്‍പ്പെട്ടുഴറി;
ബാഷ്പീകരിച്ചതും സാന്ദ്രീകരിച്ചതും
രൂക്ഷഗന്ധം പരത്തിയ ചുവപ്പ്;
തുടുക്കെ പെയ്തത് രുധിരമഴ;
ഒഴുകുന്നു വീണ്ടും ചോരപ്പുഴകള്‍; 
അലയടിക്കുന്നു വീണ്ടും രക്തക്കടല്‍.  

Feb 9, 2011

എന്‍റെ കുഞ്ഞ്

എന്‍റെ ഗര്‍ഭാശയത്തിലെ ആദ്യസ്പന്ദനം
കൊടുംനോവുകള്‍ക്കൊടുവിലെ നെടുവീര്‍പ്പ്
എന്‍റെ വാല്സല്യത്തിരി തെളിയിച്ച ദീപനാളം
അമൂല്യനിധിയായ്‌ കിട്ടിയ മിനുമിനുത്ത മുത്ത്‌
ഉള്ളിലെ ഇരുട്ടില്‍ വിടര്‍ന്ന വെളുത്ത പൂവ്
മുറിവുകളുണക്കാന്‍ ഒഴുകിയെത്തിയ അമൃത്
മനസ്സില്‍ കുളിരുതരാന്‍ വന്ന മഞ്ഞുതുള്ളി
നെഞ്ചിലെ ഗ്രീഷ്മത്തില്‍ പെയ്ത ചാറ്റല്‍മഴ
കണ്ണീര്‍ തുടക്കാന്‍ നീണ്ട സൂര്യസ്പര്‍ശം
ജീവനില്‍ സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല്

Feb 8, 2011

ഉതിര്‍ദളങ്ങള്‍

കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്.
സമ്മതം കാത്തുനില്‍ക്കാതെ
എന്‍റെ ചുണ്ടിലെ മധുരവും
മെയ്യിലെ സുഗന്ധവും കവര്‍ന്നെടുത്ത്
വന്നവരെല്ലാം തിരിച്ചുപോയി.
ഇന്ന്, ഇതളുകള്‍  കരിഞ്ഞ്  
കൊഴിഞ്ഞുവീണ എന്നെത്തഴുകാന്‍; 
ഇനിയെന്നെ നോക്കിച്ചിരിക്കാന്‍
നീയില്ലേ എന്ന് സങ്കടപ്പെടാന്‍;
എന്‍റെ നോവറിയാതെയെങ്കിലും
ഓരോ പീഡകള്‍ക്കുമൊടുവില്‍ 
ദാഹജലമേകിയെന്നെപ്പരിപാലിച്ച
ഈ കൊച്ചുകുഞ്ഞ് മാത്രം!

Feb 4, 2011

യാത്ര

തന്‍റെ തുടുത്ത ഹൃദയം 
അവളെനിക്ക്‌ തന്നു.
അതിന്‍റെ ജീവനൂറ്റിക്കുടിച്ച് 
നരച്ച ഹൃദയം
ഞാനവള്‍ക്ക് തിരികെക്കൊടുത്തു.
നരയുടെ ഒടുവില്‍
അതിന്‍റെ ആയുസ്സ്
ഒരു മരക്കൊമ്പില്‍
തൂങ്ങിയൊടുങ്ങി.
അതിനെ പിന്നിലാക്കി
അതില്‍നിന്നൂറ്റിയെടുത്ത  
ഉന്മേഷത്തോടെ, ഓജസ്സോടെ
ഞാന്‍ മുന്നോട്ടു നീങ്ങി;
മറ്റൊരു ജീവസ്സുറ്റ
ഹൃദയവും തേടി.

Feb 2, 2011

കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു

കൊടുത്തതെത്ര; കണക്കു വച്ചില്ല ഞാന്‍.  
കൊണ്ടതെത്ര; എഴുതിയും വച്ചില്ല ഞാന്‍.
മുന്നില്‍ നിരക്കുന്നു കണക്കുപുസ്തകങ്ങള്‍
മുതലും പലിശയും കൂട്ടുപലിശയുമായ്.
കണ്ണുരുട്ടിക്കൊണ്ടു നാവോങ്ങിനില്‍ക്കുന്നൂ
കണ്ടുശീലിച്ച  മുഖങ്ങളെല്ലാം മുന്നില്‍.
അറിയില്ല; കടങ്ങള്‍ വീട്ടുവാനൊരു മാര്‍ഗം.
അറിയില്ല; കിട്ടാക്കടങ്ങളുണ്ടോയെന്നും.
ഓര്‍മയില്‍പ്പോലും സൂക്ഷിച്ചുവെക്കുവാന്‍  
ഓര്‍ത്തതില്ല ഞാന്‍ കൊടുത്ത കണക്കുകള്‍.
കണ്ടതുമില്ലവയാരുടെ കണക്കിലും;
കണ്ടതോ ഞാന്‍ കടംവാങ്ങിയവ മാത്രം.
പിഴച്ചിരിക്കുന്നെന്‍ കണക്കുകളെല്ലാമേ.
പിഴുതെറിയുന്നതെങ്ങനെയീ പാഴ്ജന്മം?