Apr 16, 2011

മരണമൊഴി


ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,
അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.
കുരുക്കു വീണു മുറുകും ഹൃദയം;
താളം തെറ്റിയിഴയും മിടിപ്പുകള്‍;
തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;
സഹിക്കാനാവുന്നില്ലീ പ്രാണവേദന.

എങ്കിലും, നഷ്ടപ്പെടുന്നോരമൂല്യനിധി
നശിപ്പിക്കപ്പെടുകില്ലെന്നാശ്വാസം.
അമൂല്യമാവട്ടെ എന്നാളും
ആരുടെ സമ്പത്തായ്‌ വാണാലും!
വീണ്ടും വിങ്ങലായ് ശേഷിപ്പൂ
അനാഥമായീടുമൊരു പൊന്‍തൂവല്‍!
ചെങ്കണ്ണുരുട്ടി കാവല്‍ നില്‍ക്കുമവന്‍
എടുക്കാനയക്കില്ലല്ലോ കൂടെയൊന്നും?

അടഞ്ഞിരിപ്പൂ കനിയേണ്ട കണ്‍കള്‍;
അണഞ്ഞിരിപ്പൂ തെളിയേണ്ട തിരികള്‍;
മരവിച്ചിരിപ്പൂ അറിയേണ്ട നെഞ്ചകം;
മണ്ണായിരിപ്പൂ കേള്‍ക്കേണ്ട കാതുകള്‍;
കല്ലായിരിപ്പൂ താങ്ങേണ്ട കൈയുകള്‍;
കളിയാക്കിച്ചിരിപ്പൂ വിധിയെന്ന ക്രൂരന്‍!

എന്നോടിനിയുമെന്‍ ദൈവം കനിഞ്ഞില്ലേല്‍;
എന്നെത്തഴുകാനാ കൈകളണഞ്ഞില്ലേല്‍;
ആശ്ചര്യമേറെ തീര്‍ക്കാന്‍ കഴിയുമാ
മാനസമിനിയും എന്നെയറിഞ്ഞില്ലേല്‍;
കനിവായ് തന്നൊരീ മാസക്കണക്കുകള്‍
തെറ്റായിപ്പോയിടും, എനിക്കതു നിശ്ചയം!
പോകാനെനിനിക്കിനി നിമിഷങ്ങള്‍ മാത്രം‍
വിട...... വിട...... വിട......