Mar 21, 2011

മൌനം

വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച്
മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.
അകത്തളങ്ങള്‍ മരവിപ്പിട്ടു തുടച്ചുമിനുക്കിയും
പരിസരം ശൂന്യത നട്ടുപിടിപ്പിച്ചും അലങ്കരിച്ചു.
 
അയല്‍വാസികള്‍ പുകഴ്ത്തി; അവിടമിപ്പോള്‍
സന്തോഷക്കിളികള്‍ ശല്യമുണ്ടാക്കി കലപിലകൂട്ടാറില്ല.
അകത്തളങ്ങളില്‍ ദു:ഖം തുളുമ്പിവീണു നനയാറില്ല.
ചുവരുകളില്‍ പരിഭവങ്ങള്‍ ചിതറിത്തെറിക്കാറില്ല.
അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല.
 
ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,
അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,
അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,
വാതിലുകളും ജനലുകളും കൊട്ടിയടച്ച്,
മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ
മൌനം ആലസ്യത്തോടെ ഉറങ്ങി.

Mar 16, 2011

ദിനചര്യ

ഉച്ചയോടെ ഉണര്‍ന്നു.
മൊബൈലില്‍, മിന്നിസ്പന്ദിച്ച
മിസ്‌കോളുകളും മെസേജുകളും.
ജെല്‍ തേച്ച് മുടിമിനുക്കി.
കിട്ടിയതെല്ലാം മുഖത്ത് വാരിത്തേച്ചു.
സ്റ്റുപ്പിഡ് അച്ഛനേം അമ്മയേം തള്ളിമാറ്റി,
ഇരുചക്രവാഹിനിയില്‍ കേറിപ്പറന്നു.
സ്വവര്‍ഗപങ്കാളിയോടൊപ്പം കഴിച്ചു,
ഒരു മുലപ്പാല്‍ ഐസ്ക്രീം.
ഒറ്റക്കൂട്ടാളി പോരാഞ്ഞ്
ചാറ്റ്റൂമില്‍ ഒപ്പുവെച്ചു.
ഇരുട്ടുവോളം കറങ്ങിത്തിരിഞ്ഞു.
ഇടക്കോരോ പിസ്സയും കോളയും.
നിശാക്ലബിലെ നീലവെളിച്ചത്തില്‍
ലഹരിപിടിച്ച രാത്രി.
പുലരാന്‍നേരം പുതപ്പിനടിയിലേക്ക്‌
ആലസ്യത്തോടെ ചുരുണ്ടുകൂടി.

Mar 11, 2011

നഷ്ടം

മൊഴിമുത്തുകള്‍ കൊണ്ടു മാല തീര്‍ത്തു;
പുഞ്ചിരി ചേര്‍ത്തതിന്‍ മാറ്റുകൂട്ടി;
മെല്ലെയെന്‍ ചാരത്തു വന്നിരുന്നു;
മിഴിയില്‍ മിഴിനട്ടു ചാര്‍ത്തിത്തന്നു.
മറ്റാരും കാണാതൊളിപ്പിച്ചൊരെന്‍
ഹൃദയം പകരമായ് നല്‍കീ ഞാനും.

ചിണുങ്ങിപ്പെയ്തീടും മിഥുനരാവില്‍
മിണ്ടാതവനെങ്ങോ പോയ്മറഞ്ഞു.
കണ്ണീരുവാര്‍ക്കുന്ന വാനിന്‍ കീഴില്‍
ഖിന്നയായ് തേടിയലഞ്ഞിടവേ,
കണ്ടു ഞാനന്നവന്നേകിയോരെന്‍
ശോണിമയാര്‍ന്ന നറുംപൂവിനെ.

വാടിയിട്ടില്ലതിന്‍ തേജസ്സെന്നാല്‍
പാഴായി വീണിന്നു വ്യര്‍ത്ഥമായി.
അന്നവന്‍ തന്നൊരാ മാല ഞാനെന്‍
നെഞ്ചോടു കൈവെച്ചു നോക്കിടവേ,
കണ്ടതോ കണ്ണീര്‍ പടര്‍ന്നതോടെ
മങ്ങിയ വ്യാജമാം മുത്തുകളും.

Mar 7, 2011

പ്രതീക്ഷ

നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി   
കോരിക്കുടിക്കുകെന്‍ മകളേ നീയാവോളം.
നിറയുമാ സ്നേഹത്തില്‍ തിരിയിട്ടു കത്തിക്കൂ.
കണ്ണിലെ താരവിളക്കുകള്‍ തെളിയിക്കൂ.
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍
നന്‍മയായ്, കരുണയായ്,  സാന്ത്വനനാളമായ്.....   

Mar 3, 2011

അമ്മേടെ വാവ

വാവയിപ്പോ പയ്യിന്‍റെ പിന്നാലെ പായാറില്ലല്ലോ? 
മഴയത്തിറങ്ങി തുള്ളിത്തുള്ളിക്കളിക്കാറില്ലല്ലോ?
കത്തുന്ന അടുപ്പിലേക്ക് കുഞ്ഞിക്കൈകള്‍ നീട്ടാറില്ലല്ലോ?
 അയലത്തെ മുത്തിയെ കൂനിക്കാട്ടി കളിയാക്കാറില്ലല്ലോ?
വാവേടെ ദേഹത്തെ ഉവ്വാവുവും ഇപ്പൊ മാറീട്ടുണ്ടല്ലോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

മധുരമുള്ള ഒത്തിരി പഴങ്ങള്‍ പറിച്ചു കൈയില്‍ത്തരാന്‍,
കളിവീണമീട്ടി എന്നും നല്ല പാട്ടുകള്‍ പാടിത്തരാന്‍,  
മഞ്ചാടിക്കുരുവും പൂക്കളും പെറുക്കി കൂടെനടന്നീടാന്‍,
ഓടിപ്രാന്തനും കള്ളനും പോലീസും കളിച്ചുരസിച്ചീടാന്‍,  
വാവക്കിവിടെ എത്രയെത്ര കൂട്ടുകാരാണെന്നോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

എന്നാലും അമ്മയെ പറ്റിച്ചോടിയൊളിച്ചു  പതുങ്ങാനും
'കുറുമ്പാ' എന്ന അമ്മേടെ വിളികേട്ടു കുണുങ്ങിച്ചിരിക്കാനും  
കുഞ്ഞിത്തോര്‍ത്തുടുപ്പിച്ചമ്മ രാവിലെ കുളിപ്പിച്ചീടാനും
അമ്മേടെ കഥ‍കേട്ടമ്പിളിമാമനെനോക്കി മാമുണ്ണാനും  
താരാട്ടുകേട്ട് അമ്മയെ കെട്ടിപ്പിടിച്ചൊന്നുറങ്ങാനും  
വാവക്കെപ്പോഴും ഒത്തിരിയൊത്തിരി കൊതിയാവുന്നുണ്ടമ്മേ!

കുഞ്ഞിച്ചിറകുള്ള ഇവിടുത്തെ ഒത്തിരി മാലാഖമാര്‍ക്കൊപ്പം
മാനത്തെന്നും വന്നമ്മയെ വാവ മാടിവിളിച്ചിട്ടും
അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
"കരയല്ലേ അമ്മേ" എന്നെത്രയോ തവണ നൊന്തുപറഞ്ഞിട്ടും
കാറ്റിന്‍റെ കൈയില്‍ ചക്കരയുമ്മ കൊടുത്തുവിട്ടിട്ടും
വാവയെ മേലോട്ടൊന്നു നോക്കാത്തതെന്തേ എന്നമ്മേ?

വാവയിപ്പോള്‍ ഒട്ടും കുറുമ്പ് കാട്ടാറേയില്ലമ്മേ
വാവയെ നോക്കിയൊന്ന്‌ ചിരിച്ചൂടേ എന്‍റെ പൊന്നമ്മേ?
ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ  
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?