Dec 28, 2010

നിള

ഇന്നലെ.....
മലയാളമണ്ണിനെ താരാട്ട് പാടിയുറക്കിയിരുന്നവള്‍;
സാന്ദ്രമായ് എന്നും സാന്ത്വനമേകിയിരുന്നവള്‍;
സന്തോഷങ്ങള്‍കേട്ട് ആവേശമേകിയിരുന്നവള്‍;
സന്താപങ്ങള്‍കേട്ട് മെല്ലെത്തലോടിയിരുന്നവള്‍;
നന്‍മ പുകഴ്ത്തി അനുഗ്രഹിച്ചിരുന്നവള്‍;
തിന്മകള്‍ കണ്ടാല്‍ ശിക്ഷിച്ചിരുന്നവള്‍;
ഒടുവില്‍ ഒരുപിടി ചാരമായ്തീരും മക്കളെ
മാറിലേറ്റി തന്‍റെ പുണ്യം പകര്‍ന്നിരുന്നവള്‍.

ഇന്ന്.....
ശുഷ്കിച്ച് വാടിത്തളര്‍ന്നവള്‍;
കണ്ണീരു പോലും വറ്റിയവള്‍;
താരാട്ടു പാടാന്‍ മറന്നവള്‍;
ഒന്നായിക്കണ്ട മക്കള്‍ പലരായിപ്പിരിഞ്ഞ്
സ്വാര്‍ഥതയും പാപങ്ങളും വെട്ടിപ്പിടിക്കുന്നു;
മെയ്യറ്റ, തലയറ്റ പ്രേതങ്ങള്‍ മോക്ഷം ലഭിക്കാതെ
ഇവളുടെ മാറിലൂടലഞ്ഞുതിരിയുന്നു;
മരണശയ്യയില്‍ കിടന്നവള്‍ നെടുവീര്‍പ്പിടുന്നു;
ആ നിശ്വാസങ്ങള്‍ ചുടുകാറ്റായ് പടരുന്നു.

നാളെ.....
ഇവളെ കുരുതികൊടുത്ത്, ഇവളുടെ മടിത്തട്ടുപിളര്‍ന്ന്‌
അതില്‍ കാലൂന്നിയുയരുന്ന സുഖവാസമന്ദിരങ്ങളില്‍
ശീതീകരിച്ച മുറികളിലിരുന്ന് പാതിമുറിഞ്ഞ മലയാളത്തില്‍
ഇവളുടെ കൊച്ചുമക്കള്‍ കേള്‍ക്കുന്ന പഴംകഥ;
ഇവളുടെ വരണ്ട മാറിടം വെട്ടിപ്പിളര്‍ന്നവര്‍തന്നെ
വിരുന്നുകാര്‍ക്കു ചൊല്ലിക്കൊടുക്കുന്ന ജന്‍മനാടിന്‍ അഭിമാനഗാഥ.

Dec 25, 2010

കാത്തിരിപ്പ്

നേരിയ നിലാവ് പടര്‍ന്നു തുടങ്ങിയിരുന്നു.
നിഴല്‍ നിലാവിന്‍റെ മടിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. 
കടലോരത്തെ തണുത്ത കാറ്റില്‍ ഞാനിരുന്നു.

തിരകള്‍ എന്‍റെ കാലില്‍ തൊട്ടുവിളിച്ചു.
കടലെന്നോട് മന്ത്രിച്ചു.
മനം തളരാതെ, പ്രതീക്ഷ കൈവിടാതെ, നിന്നെപ്പോലെ,
 നിത്യവും ഞാനീ തീരത്തിന്‍റെ മാറില്‍ വന്നുപുണരുന്നു;
ഒന്ന് ചേര്‍ത്തുപിടിക്കുമെന്ന പ്രതീക്ഷയോടെ.
ഓരോ തവണയും, ഒന്നു തലോടുകപോലും ചെയ്യാതെ,
അവനെന്നെ മടക്കിയയക്കുന്നു.
നിനക്ക് കാത്തിരിപ്പ് മടുക്കുമ്പോള്‍
എന്നിലേക്ക്‌ വന്നോളൂ.
തളരാത്ത ഒരായിരം കൈകളാല്‍
ഞാന്‍ നിന്നെ പുണരാം മകളേ.
നീ എന്‍റെ അഗാധതയില്‍ ലയിച്ചു ചേര്‍ന്നോളൂ.

അതിലേപ്പോയ തെന്നല്‍ കടലിനെ ആശ്വസിപ്പിച്ചു;
കടലും കരയും ഒന്നാകുന്ന ഒരു പ്രളയകാലം വരും.
നിങ്ങളെ വേര്‍തിരിക്കുന്ന എല്ലാ ശക്തികളെയും തകര്‍ത്ത്
നിങ്ങള്‍ മാത്രമാകുന്ന കാലം.

ഭൂമി ഒന്ന് നെടുവീര്‍പ്പിട്ടു.
യുഗങ്ങളായി ഞാന്‍ ആകാശത്തെ പ്രണയിക്കുന്നു.
അവനെന്‍റെ മുകളില്‍
ഒരു കുടയായെനിക്ക് കാവല്‍ നില്‍ക്കുന്നു.
കുളിര്‍മഞ്ഞും ചുടുവെയിലും  
മഴനീരും നിലാത്തണലും
പകര്‍ന്നെന്നെ പരിപാലിക്കുന്നു.
എന്നിട്ടും, എന്‍റെ ഹൃദയം വിതുമ്പുന്നു.
ആ മാറിലൊന്നു  തലചായ്ക്കാനാവാത്തത്ര
വിദൂരതയിലാണവനെന്നറിഞ്ഞിട്ടും
ഇന്നും ഞാനവനെ പ്രണയിക്കുന്നു.
എന്‍റെയുള്ളിലിപ്പോഴും
കാത്തിരിപ്പിന്‍റെ ചുട്ടുപൊള്ളുന്ന ചൂടുണ്ട്.
നിനക്കു മടുക്കുമ്പോള്‍
എന്‍റെ മാറുപിളര്‍ന്നുകയറി
അതിലുരുകിയില്ലാതായിക്കോളൂ മകളേ.

തെന്നല്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു;
അവന്‍റെ സൂര്യചന്ദ്രകരങ്ങളിലെ
വിരലുകള്‍ കൊണ്ടവന്‍ 
നിന്നെ നിത്യം തലോടുന്നില്ലേ?
ചക്രവാളങ്ങളില്‍,
അവന്‍ നിന്നെ ചേര്‍ത്തുപിടിക്കുമ്പോള്‍,
നിന്‍റെ മുഖം തുടുക്കാറുള്ളത്
നീ മറന്നുപോയോ?

എന്‍റെ കാത്തിരിപ്പ് വൃഥാവിലാകുമോ?
മുന്നില്‍ ഭീമാകാരനായി നില്‍ക്കുന്ന ഏകാന്തത.
എനിക്ക് ഭയമാകുന്നു.
എതമ്മയുടെ മടിയില്‍ മുഖംപൂഴ്ത്തി
ഇവനില്‍നിന്നു രക്ഷപ്പെടണം.

തെന്നല്‍ എന്നെ തലോടിക്കൊണ്ടു പറഞ്ഞു;
 ഒരു കാലം വരും.
നിന്നെ തടവിലിട്ടിരിക്കുന്ന
കരുത്തനായ ഏകാന്തതയെ വെല്ലുവിളിച്ചുജയിച്ച് 
നിന്‍റെ പ്രിയതമന്‍ നിന്നെ 
 സ്വതന്ത്രയാക്കുന്ന ഒരു കാലം.
കടലിനെയും ഭൂമിയെയും പോലെ
പ്രണയിച്ചുകൊണ്ടേയിരിക്കൂ.
പ്രതീക്ഷയൊഴിയാതെ കാത്തിരിക്കൂ. 

Dec 24, 2010

എന്‍റെ പുലരികള്‍


എന്‍റെ സ്വപ്‌നങ്ങള്‍  കൊണ്ട് 
പ്രതീക്ഷകളുടെ ശിഖരങ്ങളില്‍ ‍
ഞാന്‍ കെട്ടിയ  ഊഞ്ഞാലില്‍, 
മോഹങ്ങളുടെ ഇളംകാറ്റേറ്റ്,  
ആരോ  പൊഴിക്കുന്ന  സ്നേഹത്തിന്‍റെ  
പുഷ്പവൃഷ്ടിയില്‍  കുതിര്‍ന്ന്,
ദൂരെയെങ്ങോ നിന്നൊഴുകിവരുന്ന
നേര്‍ത്ത  സംഗീതത്തില്‍ ലയിച്ച്,
പുലരികളിലെന്നും, പതുക്കെ,
വളരെപ്പതുക്കെ ഞാനാടുന്നു.

Dec 20, 2010

മോഹച്ചെപ്പു തേടി

മരുഭൂമിയിലെ കൊടുംചൂടില്‍
ജീവിതവും മനസ്സും വേവുമ്പോള്‍,
മണല്‍ക്കാട്ടില്‍ ബന്ധങ്ങള്‍ക്ക് പൊടിപിടിക്കുമ്പോള്‍,
എന്‍റെ പ്രതീക്ഷകള്‍ക്ക് ജീവജലമേകാന്‍
ഒരു മരുപ്പച്ച പ്രത്യക്ഷപ്പെട്ടു.

അപ്രതീക്ഷിതമായിരുന്നു,
മണല്‍ക്കുന്നിനു പിറകില്‍ ഒളിച്ചിരുന്ന
കൊള്ളക്കാരുടെ ആക്രമണം.

ചെറുത്തുനില്‍ക്കാനാവാതെ
പകച്ചു നില്‍ക്കുന്നതിനിടയില്‍,
എന്‍റെ മോഹച്ചെപ്പ് കവര്‍ന്നെടുത്ത്‌
അവര്‍ എങ്ങോട്ടോ കടന്നു കളഞ്ഞു.

ആ മരുപ്പച്ചയുടെ തീരത്ത്,
എന്‍റെ പ്രതീക്ഷകളെല്ലാം ഇറക്കിവെച്ച്,
വീണ്ടും മരുഭൂവിന്‍റെ വിജനതയില്‍
അലയുകയാണു ഞാന്‍.

എന്‍റെ മോഹച്ചെപ്പ് വീണ്ടെടുത്ത്‌
എനിക്കിനിയും പോകണം-
എന്‍റെ പ്രതീക്ഷകള്‍ക്ക് കാവലിരിക്കുന്ന
ആ മരുപ്പച്ചയിലേക്ക്‌.

Dec 16, 2010

വേശ്യയുടെ പ്രണയം

ഞാന്‍, ഇരുട്ടറയിലെ നിന്‍റെ ശയ്യയില്‍......
പണ്ടെങ്ങോ നിനക്കു നഷ്ടപ്പെട്ട ചെമ്പനീര്‍പ്പൂവ്,
നിന്‍റെ കൈക്കുമ്പിളില്‍ വന്നുപതിച്ച ദേവദാനം,
നിന്‍റെ കിനാവുകളില്‍ പെയ്തിറങ്ങിയ സ്വപ്നസഖി,
നിനക്കായ് സ്വയം വസന്തമായ്‌ വിരിയുന്ന നിത്യപ്രണയിനി,
നിന്‍റെ മാനസസാമ്രാജ്യത്തിലെ അന്ത:പുരറാണി.

ഞാന്‍, അസ്തമയങ്ങളില്‍.....
കടലോരത്തെ പാറക്കെട്ടുകള്‍ക്കുമുകളില്‍
നിസ്സംഗതയോടെയിരിക്കുമ്പോള്‍;
തൊട്ടടുത്ത്, മുട്ടോളം വെള്ളത്തില്‍ നിന്ന്,
നിന്‍റെ വധുവിന്‍റെ അരക്കെട്ടില്‍ ഇറുക്കിപ്പിടിച്ച്‌,
അവളുടെ ചുണ്ടുകളുടെ മധുരം നീ നുണയുന്നു.

അവളുടെ അഭിമാനത്തില്‍ ചിരിക്കുന്നു വേശ്യയോടുള്ള പുച്ഛം;
നിന്‍റെ അവഗണനയില്‍ ചിരിക്കുന്നു മാന്യതയുടെ പരിഹാസം;
എന്‍റെ അടിവയറ്റില്‍ ഊറിച്ചിരിക്കുന്നു നിന്‍റെ രതി ചോര്‍ത്തിയ ശുക്ലം!!!

Dec 14, 2010

എന്‍റെ നഖങ്ങളില്ലാത്ത വിരലുകള്‍

നിങ്ങള്‍ എന്‍റെ നഖങ്ങള്‍ അടര്‍ത്തിയെടുത്തു.
പക്ഷെ വിരലുകള്‍ എന്‍റെ കൈകളില്‍ത്തന്നെയുണ്ട്.
അവയുടെ സ്വാധീനം നിലച്ചിട്ടില്ല.
മോഹിച്ചത് സ്വന്തമാക്കാനും
വെറുത്തത് തള്ളിക്കളയാനും
നഖങ്ങളില്ലാത്ത ഈ വിരലുകള്‍തന്നെ ധാരാളം.

Dec 12, 2010

സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം

കിരണങ്ങള്‍നീട്ടി വൈക്കോല്‍വിടവിലൂടെ ചിത്രംവരയ്ക്കുന്ന സൂര്യന്‍;
നിഴലുകള്‍ക്ക് മീതെ നിലാവിന്‍റെ നീലിമ ചാലിച്ച് പച്ചകുത്തുന്ന ചന്ദ്രന്‍;
കരുത്തില്ലാതെയിടറും കീറോലമറകളിലൂടെ ഓടിയെത്തുന്ന ഇളംതെന്നല്‍;
അതിലെയുമിതിലെയും ഇറ്റിറ്റും പാറിയുമെത്തുന്ന ചാറ്റല്‍മഴത്തുള്ളികള്‍;
ഞങ്ങള്‍ക്കായ്, കഞ്ഞിക്കലത്തിന്നടിയില്‍ മക്കള്‍ ബാക്കിവെച്ച
നാഴിവെള്ളത്തില്‍ തെളിയുന്ന പ്രാണന്‍റെ ഇത്തിരിവെട്ടം;
പുത്തന്‍നഗരങ്ങളില്‍ നിലനിലയായുയരുന്ന കുഞ്ഞന്‍വീടുകളുടെ
അതിര്‍വരമ്പുകളില്‍ ശ്വാസംമുട്ടി ഞങ്ങളെത്തേടിയെത്തിയ സ്വാതന്ത്ര്യം;
സ്നേഹവാത്സല്യങ്ങള്‍ നഷ്ടപ്പെടാത്തൊരീ കൂരയില്‍
കൂട്ടിനിവരുള്ളപ്പോള്‍ സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം!

Dec 9, 2010

ഉയിര്‍ത്തെഴുന്നേല്‍പ്പ്

വായുവില്‍ ലയിപ്പിച്ചെന്‍ ജീവാംശം ബ്രഹ്മാവപ്പോള്‍
സുവര്‍ണാംഗിയായ് ജൂഹുവാനയായ് പിറന്നു ഞാന്‍.
ചാരത്തിന്‍ കരിമ്പടം പുതച്ചാ ചൂടേറ്റിന്നു
കണ്ണടച്ചുറങ്ങുമ്പോള്‍ ആരെന്നെയുണര്‍‍ത്തുന്നൂ?
ശോകത്താലാളിക്കത്തിയാകവേ ചുവന്നൊരെന്‍
അകവും പുറവും ഞാന്‍ മറച്ചീ കംബളത്താല്‍.
എന്നിലെയിളംചൂടു നിങ്ങള്‍ക്കായേകുന്നല്ലോ
നവ്യമാം പ്രസരിപ്പും ഉണര്‍വും സദാനേരം.
എന്നിട്ടും ചപ്പുചവറെറിഞ്ഞും കുത്തീം ചിക്കീം
മറക്കാന്‍ ശ്രമിക്കുമെന്‍ സ്മൃതിയില്‍ ചികയുന്നോ?
നിങ്ങള്‍ക്കു നല്‍കീടുന്നോരൂഷ്മളസ്നേഹത്തിന്നു
പകരം നല്‍കീടുന്നോ ശാപവും ദ്രോഹങ്ങളും?
എങ്കിലും സകലതും കൈക്കൊണ്ടു, മിഴിപൂട്ടി,
മൂകയായ്‌ കിടപ്പൂ ഞാന്‍ സഹിപ്പൂ സര്‍വം നിത്യം.
ഉമ്മവെച്ചണച്ചെന്നെ ആര്‍ദ്രയാക്കിയിട്ടെന്നും
താരാട്ടിയുറക്കിയോരച്ഛനാം 'പുരുഷനോ'
കരുത്താര്‍ന്നൊരാ കൈയാല്‍ തന്‍റെത്താന്‍ മകളുടെ
അംബരമുരിയുന്നൂ; കാര്‍ന്നുതിന്നുന്നൂ മാംസം.
വയ്യിനി സഹിക്കില്ല; കനിയില്ലിനിയൊട്ടും;
ജ്വാലയായുയിര്‍ക്കൊള്ളും വെറുമീ കനലാം ഞാന്‍.
ഉരുകും മനസ്സില്‍നിന്നുതിരും ശാപങ്ങളില്‍
പതിരുണ്ടാകില്ലൊട്ടും; കിളിര്‍ക്കും സകലതും.
മലര്‍ക്കെത്തുറന്നൊരെന്‍ മാനസകവാടത്തിന്‍
ഇരുവാതിലുകളിലൊന്നു ഞാന്‍ ചാരീടട്ടെ.
സ്നേഹത്തിന്നലയുന്നോര്‍ക്കണയാനൊരു വാതില്‍;
എന്‍ സ്നേഹം പുച്ഛിച്ചോരെ ബന്ധിക്കാന്‍ മറുവാതില്‍.
തടവില്‍ക്കിടത്തിയെന്‍ പ്രതികാരത്തിന്‍ താപം
മമതാജ്വാലകളായ് നിങ്ങളില്‍ ചൊരിയും ഞാന്‍.
സ്വാര്‍‍ത്ഥരേ, അഹന്തതന്‍ കോടിയില്‍ ഭോഗിപ്പോരേ,
ന്യായങ്ങള്‍ നിരത്തിത്തന്‍ ദുര്‍മനം മറപ്പോരേ,
എന്നിലെ ന്യായാധിപന്‍ നിങ്ങള്‍ക്കായ് വിധിക്കുന്നൂ
ആജന്‍മമെന്നില്‍നിന്നും ദയയും മമതയും.
ക്ഷമയര്‍ഹിക്കാത്തോരോ വഞ്ചനകള്‍ക്കും നല്‍കും
തീവ്രമാം ദണ്ഡങ്ങളായ് സഹനജ്വാലാജിഹ്വം.
നിന്ദ്യമീ മനസ്സാക്ഷിക്കൂട്ടത്തെപ്പിടപ്പിക്കും
സ്നേഹമായാളിക്കത്താനെന്നുള്ളം ജ്വലിക്കുന്നു.
പൊള്ളുമ്പോള്‍, തളരുമ്പോള്‍, വേവുമ്പോളിറ്റിക്കെന്നില്‍
അനുതാപത്തോടാല്പം വാത്സല്യക്കുളുര്‍ജലം.
നിറയും നിര്‍വൃതിയോടേകിടാമന്നീ നെഞ്ചിന്‍
കുളിരുമിളംചൂടും ചേര്‍ന്നിടും സഞ്ജീവനി.

*സ്വന്തം പിതാവ് മകളെ ബലാല്‍സംഗം ചെയ്തെന്ന പത്രവാര്‍ത്തയാണ് ഈ കവിതയെഴുതാന്‍ എന്‍റെ മനസ്സിനോട് പറഞ്ഞത്*

Dec 4, 2010

കന്മദം

ആര്‍ക്കൊക്കെയോ വേണ്ടി
ജീവിതത്തില്‍ വഴിമാറി സഞ്ചരിക്കേണ്ടിവന്നപ്പോള്‍
പിന്നില്‍ കൊഴിഞ്ഞു വീണ സ്വപ്‌നങ്ങള്‍;
വാടിവീണ മോഹങ്ങള്‍;
അവരെ താലോലിക്കാതെ,
മുറിപ്പാടുകളില്‍ തലോടാതെ,
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ,
ദൂരേക്കു നടന്നകലുമ്പോള്‍
അവരെന്നെ ശപിച്ചു-
"ഒരിക്കലും ഒന്നിലും ഉരുകാത്ത ശിലയായ്,
ചുട്ടുപഴുത്തും തണുത്തു മരവിച്ചും
കാലത്തോടൊപ്പം നീ ഉരുണ്ടു നീങ്ങട്ടെ!
അവഗണിക്കപ്പെടലിന്‍റെ വേദനയില്‍ വിങ്ങിയ
ഞങ്ങളുടെ ശാപത്തിന്‍റെ സ്മാരകമായി
യുഗങ്ങളോളം നീ അലഞ്ഞു തിരിയട്ടെ!"

ഞാനുമാശിക്കുന്നു;
"ഈ അഹല്യയുടെ മോക്ഷപ്രാപ്തിക്കായി
ഒരു ശ്രീരാമന്‍ ഉണ്ടാകാതിരിക്കട്ടെ!
എന്‍റെ അവസാനനാളില്‍,
എന്നില്‍‍നിന്നുരുകി പുറത്തേക്കൊഴുകുന്ന കന്മദം
വരും തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ഒരൌഷധമാവട്ടെ!"