Jan 8, 2011

അറിയാതെപോയ പ്രണയം

ആദ്യമായ് നമ്മള്‍ കാണുമ്പോള്‍
ഇടയ്ക്കു പതറിയും
ഇടയ്ക്കു വിസ്മയിച്ചും നില്‍ക്കുന്ന
പാതിവിടര്‍ന്ന കൌമാരമായിരുന്നെനിക്ക്‌.

നിന്‍റെ പുഞ്ചിരിയില്‍, 
ഒരു ഉദ്യാനപാലകന്‍റെ ലാളന.
നോട്ടത്തില്‍, ആകാശത്തുനിന്ന് കണ്ണിറുക്കുന്ന
നക്ഷത്രത്തിന്‍റെ കുസൃതി.
വാക്കുകളില്‍, എന്‍റെ ഇതളുകളില്‍  തലോടുന്ന
മഞ്ഞുകണത്തിന്‍റെ കുളിര്.
കോപിക്കുമ്പോള്‍, എനിക്കു വിടരാനായ്
വെളിച്ചംവീശുന്ന സൂര്യന്‍റെ ഇത്തിരിച്ചൂട്.
അടുത്തെത്തുമ്പോള്‍, തേന്‍ നുണയാനെത്തുന്ന  
ശലഭത്തിന്‍റെ ചിറകുകളുടെ മൃദുസ്വനം.
നീയകലുമ്പോള്‍, എന്നെത്തഴുകി ഓടിപ്പോകുന്ന
കാറ്റിനോടെനിക്ക് തോന്നുന്ന പരിഭവം.

എന്നിട്ടും ഞാനറിഞ്ഞില്ല;
എനിക്ക് നിന്നോട് പ്രണയമായിരുന്നെന്ന്.
എല്ലാമറിഞ്ഞിട്ടും നിന്‍റെ പ്രണയം
നീ പറയാതെ ഒളിച്ചുവെച്ചതെന്തേ?
ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

ഏതോ ഒരു ഇരുണ്ട സ്വീകരണമുറിയിലെ
ഇടുങ്ങിയ പൂപ്പാത്രത്തിലിരുന്ന്
വാടിത്തളര്‍ന്ന് ശ്വാസംമുട്ടുമ്പോള്‍  
ഞാന്‍ അവിടമാകെ തിരഞ്ഞത്
എന്നിലെ ജീവന്‍റെ ഓജസ്സായിരുന്ന
നിന്‍റെ പുഞ്ചിരിയിലെ ലാളനയെയാണ്;
നിന്‍റെ നോട്ടത്തിലെ നക്ഷത്രക്കുസൃതിയെയാണ്;
നിന്‍റെ വാക്കുകളിലെ കുളിരിനെയാണ്;
നിന്‍റെ കോപത്തിന്‍റെ ഇത്തിരിച്ചൂടിനെയാണ്;
നിന്‍റെ സാമീപ്യത്തിന്‍റെ മൃദുസ്വനത്തെയാണ്;
എന്‍റെ പരിഭവംകാണാന്‍ ഓടിയൊളിക്കുന്ന നിന്നെയാണ്.

അന്നാദ്യമായ്‌ ഞാന്‍ തിരിച്ചറിഞ്ഞു
എനിക്കു നിന്നോട് പ്രണയമായിരുന്നെന്ന്!

30 comments:

നാമൂസ് said...

ജിവിതത്തില്‍ പ്രണയിക്കാത്തവര്‍ ഉണ്ടാവില്ല സ്നേഹം തിരിച്ചറിയാത്ത ഒരവസ്ഥ ...സ്നേഹം തെറ്റ്ധരിക്കപെട്ട ഒരവസ്ഥ .... എല്ലാം ജിവിത യാത്രയില്‍ അനുഭവിച്ച ആളാണ് ഞാന്‍. ഒരാള്‍ക്കും സ്നേഹം തിരിച്ചറിയാന്‍ പറ്റാത്ത ഒരവസ്ഥ ഉണ്ടാവതിരിക്കട്ടെ
പൂവിനോടുള്ള പ്രണയം vനന്നായിട്ടുണ്ട് .നന്ദി....!

Jishad Cronic said...

പ്രണയം തുളുമ്പുന്നകവിത. നന്നായിരിക്കുന്നു...

കൊമ്പന്‍ said...

ഭൂമിയില്‍ എല്ലാവരും പ്രണയത്തെ കുരിചെയുതുന്നു
പ്രണയത്തെ കുറിച്ച് പറയുന്നു പ്രണയത്തെ സ്വപ്നം കാണുന്നുഎന്നിട്ടും ഭൂമിയില്‍ പ്രണയത്തെ മാത്രം ഞാന്‍ കാണുന്നില്ല
നല്ല വരികള്‍

Anonymous said...

ഉള്ളിലുറങ്ങി കിടന്ന പൊടിപിടിച്ച ഓര്‍മകളെ ഉണര്‍ത്തി ഈ കവിത....(ഉള്ളിണ്ടല്ലോ ഒരു നൊമ്പരം)

Sabu Hariharan said...

വായിച്ച ഉടൻ എഴുതാൻ തോന്നിയത്‌..
പറയാതെ പോയൊരു പ്രണയത്തിൻ നോവു ഞാന-
റിയുന്നു ഇന്നു നിൻ പ്രണയാക്ഷരങ്ങളിൽ..
വെറുതെ ഞാനോർക്കുന്നു ഇന്നുമീ സന്ധ്യയിൽ,
അറിയാതെ പോയ നിൻ പ്രണയ ഭാവം..

ധാരാളം എഴുതൂ, ധാരാളം വായിക്കൂ..
ആശംസകൾ.

ആചാര്യന്‍ said...

നന്നായി എഴുതി..ഓര്‍മകളില്‍ എവിടെയോ ഒരു നൊമ്പരം പതിയിരിക്കുന്നത് ഞാന്‍ കാണുന്നു..നല്ലത് വരട്ടെ..

Unknown said...

നല്ല വരികള്‍.

പ്രണയം പറയാതെ അറിയുന്നതില്‍ തന്നെ സുന്ദരം.
അതറൈയാതെ പോകുന്നതാണ് നിര്‍ഭാഗ്യം.

അനീസ said...

വൈകി പോയോ അറിയാന്‍ ?

Unknown said...

അന്നെങ്കിലും അറിഞ്ഞല്ലോ.....
നന്നായി

hafeez said...

അറിയാത്ത പ്രണയമാണ് കൂടുതല്‍ മധുരം ... ഓര്‍ക്കാനും സമാധാനിക്കാനും ..

MOIDEEN ANGADIMUGAR said...

വളരെ വൈകിപ്പൊയി അല്ലേ ആ പ്രണയം തിരിച്ചറിയാൻ..?

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

zephyr zia said...

വൈകിയാണെങ്കിലും അറിഞ്ഞതിന്‍റെ ഒരു സുഖമുണ്ടിപ്പോള്‍ മനസ്സില്‍..... ഒരു മധുരമുള്ള നോവായി അതവിടെ മായാതെ കിടക്കട്ടെ......
എല്ലാവരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദി!!!

Anonymous said...

ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ? ........


aashamsakal..sreekumar.

Anonymous said...

പ്രണയം.. എഴുതിയാലും എഴുതിയാലും തീരാത്ത വിഷയം.
പിറവിയെടുക്കട്ടെ ഇനിയും നല്ല വരികള്‍. !!! ഭാവുകങ്ങള്‍.

Kadalass said...

ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

ഹ്രദ്യമായ വരികള്‍
എല്ലാ ആശംസകളും നേരുന്നു

A Point Of Thoughts said...

ജീവിതത്തില്‍ പറയാതെ പോകുന്ന ഇഷ്ടങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടങ്ങളാണു ... പ്രണയത്തെ വളരെ നന്നായി എഴുതിയിട്ടുണ്ടു.. ഇതിനകം പ്രണയത്തെ കുറിച്ചു എത്രയോ കവിതകള്‍ നമ്മള്‍ വാങ്ങിയിട്ടുണ്ടു... എന്നിട്ടും മനോഹരമായ ഒന്നു കൂടി...

Junaiths said...

പ്രണയമേ,
ഞാന്‍ നിന്റെ നിഴലായിരുന്നെങ്കില്‍

Unknown said...

പ്രണയം വേദനനാണ് എന്ന് ആരാ പറഞ്ഞത് ...........പ്രണയം ഇത്ര മാത്രം സുന്ദരമാണോ ?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

nice

വാഴക്കോടന്‍ ‍// vazhakodan said...

:)

ente lokam said...

ഈ പറഞ്ഞാല്‍ തീരാത്ത
പ്രണയത്തെപ്പറ്റി എന്ത് പറയാന്‍
ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി said...

ഒരു കവിത മുഴുവന്‍ വായിക്കാന്‍ പറ്റിയാല്‍ അത് വലിയ കാര്യമാണ് എനിക്ക്.
അത് മനസ്സിലായാല്‍ അതിലേറെ സന്തോഷവും.
ഈ വരികള്‍ എനിക്ക് ഇഷ്ടായി ട്ടോ.
ആശംസകള്‍ സെഫയര്‍.

നീലാംബരി said...

ആളിപ്പടരുന്ന തീനാളത്തെ പ്രണയമെന്നാരോ വിളിച്ചു
ആ തീയില്‍ വെണ്ണീറായി , വീണ്ടും എരിഞ്ഞു,മനം

zephyr zia said...

അറിയാതെ പോയ പ്രണയത്തിന്‍റെ നോവ്‌ നെഞ്ചിലേറ്റിയ ഓരോരുത്തര്‍ക്കും നന്ദി! മജീ, ആ ചിരി കള്ളച്ചിരിയല്ലല്ലോ?

LiDi said...

നന്നായിരിക്കുന്നു...

കണ്ണന്‍ | Kannan said...

നല്ല കവിത.. !

Marykkutty said...

കടം തരുമോ സിയാ...
ഈ മനോഹരമായ വരികള്‍ ?

chinthaaram said...

തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ എല്ലാം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നു ...

Sandeep.A.K said...

പറയാത്തെ മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്‌.. പറയുവാന്‍ ആശിച്ചതെല്ലാം..
നല്ല വരികള്‍ സിയാ..
എല്ലാവരിലുമുണ്ടാവും ഇങ്ങനെ പറയാതൊരു പ്രണയം..