Jan 30, 2011

ചാപിള്ള

മനുഷ്യമനസ്സുകളില്‍ എന്‍ഡോസള്‍ഫാന്‍   പടര്‍ന്നിരിക്കുന്നു.
അവന്‍റെ വികാരങ്ങള്‍ വികലമായിരിക്കുന്നു.
കാഴ്ച നഷ്ടപ്പെട്ട സ്നേഹം;
നാവു കോടിയ പ്രതികരണാത്മകത;
വഴങ്ങാത്ത കൈകളുമായ് കാരുണ്യം;
വിറയ്ക്കുന്ന കാല്‍കളുമായ്  ആത്മബോധം;
എല്ലുന്തിയ നെഞ്ചിന്‍കൂടുമായ്
ചുരുണ്ടുകൂടുന്ന അഭിമാനം;
പേടിപ്പെടുത്തുന്ന ഞരക്കം മാത്രം
ബാക്കിയാക്കുന്ന പ്രണയം;
തുറിച്ച കണ്ണുകളുമായ് ക്രൂരത;
വികൃതമായ തലയുമായ് മതവികാരങ്ങള്‍;
ഈ വിഷദുരന്തത്തിനെതിരേ നടത്തണം,
പുതുതലമുറയില്‍ ബോധവല്‍ക്കരണം! 
അധികാരികള്‍ അപേക്ഷ സ്വീകരിച്ചു.
സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ എന്‍ഡോസള്‍ഫാന്‍
കലക്കിക്കുടിച്ച് അവര്‍ രംഗത്തിറങ്ങി;
അലമുറകള്‍ക്ക് പ്രതിവിധിയായ് പിറന്ന
ചാപിള്ളയുടെ അലങ്കരിച്ച ശവമഞ്ചവുമായ്...

Jan 25, 2011

സിംഹിണിയുടെ ആജ്ഞ

എന്റെ ഗുഹക്കു മുന്നില്‍
ഓരിയിടുന്ന ചെന്നായ്ക്കളേ, 
നിങ്ങളെന്നെ പുറത്തിറക്കല്ലേ.
എന്‍റെ മക്കളും പ്രിയതമനും
സുഖമായുറങ്ങുന്നു.
അവരുടെ ഉറക്കം കെടുത്തരുത്.
എന്‍റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ.
ഇവര്‍ക്കു കാവലായി
ശാന്തമായിരുന്നോട്ടെ ഞാന്‍.
എന്‍റെ ശാന്തത നിങ്ങളുടെ വിജയമെന്ന്
തെറ്റിദ്ധരിച്ച്‌ പരിഹസിച്ചു ചിരിക്കല്ലേ.
സിംഹക്കൂട്ടിനു മുന്നില്‍ നിന്ന്
ഓരിയിട്ടാല്‍ അത് ഗര്‍ജനമാവില്ല.
ഇവിടെ നിന്ന് അഹങ്കാരച്ചിരി ചിരിച്ചാല്‍
ആരും നിങ്ങളെ മൃഗരാജരായ് വാഴിക്കില്ല.
നിങ്ങളുടെ അപകര്‍ഷതാബോധം 
മൂടിവെക്കാനുള്ള പാഴ്ശ്രമം മാത്രം! 
സഹതാപമുണ്ട് നിങ്ങളോട്;
അതിനാലവസരം തരുന്നു രക്ഷപ്പെടാന്‍.
എന്‍റെ കൂര്‍ത്ത നഖങ്ങളിലും
മൂര്‍ച്ചയുള്ള ദംഷ്ട്രകളിലും
കിടന്നു പിടയാതെ രക്ഷപ്പെട്ടോളൂ.

Jan 23, 2011

ദോഷൈകദൃക്ക്

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി;
മക്കളുമായി മല്ലടിച്ച്
അടുക്കളയില്‍ വട്ടംതിരിയുന്ന
ഭാര്യയുടെ ശ്രദ്ധക്കുറവ്!

പത്രമോടിച്ചുനോക്കിയപ്പോള്‍
വായിക്കാന്‍ ആകാംക്ഷ നല്‍കിയത് 
കറുത്ത വിശേഷങ്ങള്‍ മാത്രം;
ഈ ലോകം നന്നാവില്ല!

മതിലിനരികില്‍ മകന്‍
അടുത്ത വീട്ടിലെ കൌമാരക്കാരിയോട്
കുശലം ചോദിക്കുന്നു;
അയല്‍വാസിയുടെ വളര്‍ത്തുദോഷം!

മൊബൈലിന്‍റെ കരച്ചിലടക്കാന്‍ തിരിയുമ്പോള്‍
പാളിയ വണ്ടിച്ചക്രങ്ങളില്‍ നിന്ന്
തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥി;
ഇവറ്റക്കൊക്കെ നോക്കി നടന്നൂടെ?

ദാരിദ്ര്യരേഖപോല്‍ തൂങ്ങിയാടുന്ന കൈകളില്‍ 
ഒരുകെട്ട് കടലാസുമായ് എന്നുമീ ആപ്പീസില്‍
കയറിയിറങ്ങുന്ന വൃദ്ധന്‍ മയങ്ങിവീഴുന്നു;
വല്ലതും തിന്നും കുടിച്ചും ഇറങ്ങിപ്പുറപ്പെട്ടൂടെ?

 വൈകുന്നേരം വീട്ടിലേക്കു തിരിച്ചപ്പോള്‍
വഴിമുടക്കിയായി കിടക്കുന്നു
അന്നത്തെ കാറ്റിലും മഴയിലും വീണ മരച്ചില്ല;
ആര്‍ക്കെങ്കിലും ഇതൊന്നെടുത്തു മാറ്റിക്കൂടെ?

പ്രോഗ്രസ് കാര്‍ഡ് ഒപ്പിടീക്കാന്‍
പരുങ്ങിപ്പരുങ്ങി പിന്നാലെ നടക്കുന്നു
ഭാര്യ ലാളിച്ചു വഷളാക്കിയ ഇളയ സന്തതി;
എന്തുകൊണ്ട് നീ രണ്ടു മാര്‍ക്ക് നഷ്ടപ്പെടുത്തി?

ടിവിയില്‍  അവതാരകരുടെ രൂപം മോശം;
ചിരിപ്പിക്കാന്‍ വന്നവരുടെ വേഷം മോശം;
ചിന്തിപ്പിക്കാന്‍ വന്നവരുടെ കോലം മോശം;
എവിടുന്നു കിട്ടി ഇവറ്റകളെയൊക്കെ?

ഓണ്‍ലൈനില്‍ പഴയ സഹപാഠി
പച്ചക്കൊടി പിടിച്ചു നില്‍ക്കുന്നു;
ഉയര്‍ന്ന ഉദ്യോഗസ്ഥനാണേലും അറിവില്ല;
കുറച്ചു വിജ്ഞാനം വിളമ്പിക്കൊടുക്കാം.

ഫേസ്ബുക്കില്‍ സാധാരണക്കാരന്‍റെ ക്രിയാത്മകതകള്‍
ഫോട്ടോകളായും വീഡിയോകളായും രചനകളായും;
ഇവന്മാര്‍ക്കുമാകാം കുറച്ച് കമന്‍റ്;
ഭംഗി പോരാ, വിഷയം പോരാ, തീക്ഷ്ണത പോരാ!

ഉറങ്ങുന്നതിനു മുമ്പ് ഭാര്യക്ക് താക്കീത്;
മുറികളെല്ലാം ശരിക്ക് പൂട്ടണം.
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനോഗതം;
ഭൂമിയില്‍ നന്മയെന്നൊന്നില്ല, കലികാലം!

Jan 22, 2011

അനുരാഗതപസ്യ

കല്പനാജാലകവാതില്‍ക്കല്‍ ഞാന്‍  
കാണ്മൂ നിത്യവും നിന്‍റെ രൂപം.
കുളിരേകും ശാന്തമാം ശ്യാമാരാവിന്‍
വശ്യതയോലുമാ കാഴ്ചകാണേ
ഇരുളില്‍ വിരിയുന്ന വെണ്‍പുഷ്പത്തിന്‍
മാദകഗന്ധം പടര്‍ന്നിടുന്നു.
രാപ്പാടിപ്പാട്ടുപോല്‍ താളാത്മകം
നിന്നുടെ ശ്വാസവും നിശ്വാസവും.
മോഹവും ഭീതിയും ചേര്‍ത്തുണര്‍ത്തും

മോഹനഗന്ധര്‍വസുന്ദരന്‍ നീ. 
കണ്ണില്‍ കത്തുന്ന ശൈവഭാവം,
കരളില്‍ കനക്കുന്ന മൌനരാഗം,
വിശ്വം നമിക്കുന്ന പ്രൌഢശബ്ദം,
വിളങ്ങും മുഖത്തു വിജയീഭാവം,
വാക്കില്‍ കാമന്‍റെ പൂവമ്പില്ല,
നോക്കില്‍ പ്രണയത്തിന്‍ തേനൂറില്ല.
ആരാധിക്കുന്നു ഞാനീ ധാര്‍ഷ്ട്യത്തെ,
പ്രണയിച്ചിടുന്നു ഞാനീ പാരുഷ്യം.
പരുക്കനാ നെഞ്ചിലൊളിച്ചിരിക്കും
മൃദുലാനുരാഗം വെളിച്ചംകാണ്‍കെ
പ്രണയത്തിന്നേഴു നിറങ്ങളും നാം
വെണ്മയായ് പ്രതിഫലിപ്പിച്ചിടേണം.
ഏഴഴകുള്ള കറുപ്പായ് തമ്മില്‍
ദു:ഖങ്ങള്‍ സ്വാംശീകരിച്ചിടേണം.
കളങ്കത്തിന്‍ ചായക്കൂട്ടു കടത്താത്ത
കാപട്യത്തിന്‍ നിറങ്ങളെടുക്കാത്ത
തൂമഞ്ഞിന്‍ കുഞ്ഞുകണങ്ങളാല്‍ തീര്‍ത്തൊരു  
സ്നേഹപ്പളുങ്കായ് ചിരിച്ചിടേണം.

Jan 19, 2011

കിമേറയോട്*

നിന്നെയോ ക്രൂരതയുടെ മൂര്‍ത്തീഭാവമാക്കിയത്?
നിന്നെയോ ദുഷ്ടതയുടെ പര്യായമെന്ന് വിളിച്ചത്?
നിന്‍റെ നിര്‍വചനം അപ്രാപ്യപ്രതീക്ഷയെന്നോ? 
പക്ഷെ ഞാന്‍ നിന്നെ ഒരുപാടിഷ്ടപ്പെടുന്നു.

നിന്‍റെ തീതുപ്പും മൃഗരാജശിരസ്സും
പാമ്പിന്‍വാലും കാണുന്നവരെന്തേ
നിന്നിലെ മാതൃത്വത്തിന്‍ പ്രതീകമാം
അകിടു കാണാതെ പോകുന്നു?
അതുണര്‍ത്തുന്നെന്നില്‍ അവാച്യവികാരങ്ങള്‍!

ഇന്നിന്‍റെ തലമുറ നിന്നെപ്പോലെ 
പ്രതികരണാഗ്നി വമിപ്പിച്ചെങ്കില്‍;
അനീതിക്കെതിരെ ഗര്‍ജ്ജിച്ചെങ്കില്‍;
അഴിമതിക്കെതിരെ വിഷം ചീറ്റിയെങ്കില്‍;
ഇതിനെല്ലാമപ്പുറമവര്‍
മാനവികതയെ വാരിപ്പുണര്‍ന്നെങ്കില്‍.

കിമേറാ, അവരെ വിളിച്ചുണര്‍ത്തൂ!
അവരെ നയിക്കും വെണ്‍പ്രതീക്ഷയാകൂ നീ!  

*കിമേറ : ഗ്രീക്ക് ഇതിഹാസകഥാപാത്രം - തീ തുപ്പുന്ന വായും സിംഹത്തിന്റെ തലയും ആടിന്റെ ഉടലും പാമ്പിന്റെ വാലുമുള്ള ഒരു പെണ്‍ജീവി. പില്‍ക്കാലത്ത്‌ 'കിമേറ' എന്ന വാക്കിന് 'നടക്കാന്‍ സാധ്യതയില്ലാത്ത ഭാവനകളും പ്രതീക്ഷകളും', 'അവിശ്വസനീയം' എന്നീ അര്‍ഥങ്ങള്‍ വന്നു.

Jan 16, 2011

മുഖംമൂടി


വലിച്ചെറിയൂ നിന്‍റെ പാഴ്മനസ്സ്
പറിച്ചുകളയൂ  നിന്‍റെ പരിഹാസ്യഹൃദയം
കൊട്ടിയടക്കൂ നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍

നല്ലൊരു മുഖംമൂടിയെടുത്തണിഞ്ഞ്  
കാപട്യത്തിന്‍റെ വസ്ത്രങ്ങളണിഞ്ഞ്
ചായക്കൂട്ടുകള്‍ വാരിത്തേച്ച്‌ 
അണിഞ്ഞൊരുങ്ങി നീ വരൂ

പിന്നെ ദു:ഖങ്ങളില്ല ദൈന്യതയില്ല
കരളലിയും അനുകമ്പയില്ല
പശ്ചാത്താപമില്ല നഷ്ടബോധമില്ല

Jan 13, 2011

കരുണവിപ്രലംഭം

വിഷ്ണോ! മഹാപ്രഭോ! കാണുവാനില്ലയോ
ഹിമവല്‍മാറില്‍ ബദരികാശ്രമത്തില്‍  
സര്‍വം ത്യജിച്ചു നിന്‍ പ്രീതിലബ്ധിക്കായി
ഘോരതപം ചെയ്യും കന്യാതുളസിയെ?
പഞ്ചാഗ്നി മധ്യത്തിലങ്ങയെ പൂജിപ്പൂ
വേനലില്‍, പൊള്ളും കൊടുംചൂടിലും പ്രഭോ;
നീരാന്തരത്തിലൊരു ശൈത്യം മുഴുവനും
അങ്ങേ സ്തുതിക്കുന്നേനൊട്ടും വിറക്കാതെ.
നിത്യവുമാപുണ്യപാദങ്ങള്‍ സങ്കല്പി-
ച്ചവയെ പുണര്‍ന്നു മയങ്ങുന്നോളല്ലോ ഞാന്‍.
എന്നുടെ ഭക്ഷണമങ്ങുതന്നുച്ഛിഷ്ട-
മെന്നു സങ്കല്പിച്ചു ഭോജിപ്പോളല്ലോ ഞാന്‍.
 നിര്‍വൃതിക്കൊള്ളുന്നാ സങ്കല്പമാത്രയില്‍
സങ്കല്പമെന്തേ നിജമാകാത്തൂ പ്രിയാ?
ഹൃദയത്തിന്നോരോ തുടിപ്പിലും വിങ്ങുന്നു
ഉയിരിന്‍റെയോരോ ശ്വാസത്തിലും തേടുന്നു
കണ്ടതില്ലങ്ങയെ, വന്നതില്ലങ്ങെന്തേ?
പിടയുന്നു ഞാനാ വരപ്രസാദത്തിനായ്.
കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍ വയ്യാ ഇനിയുമീ നൊമ്പരം!
ഉണ്ണാവ്രതം നോല്‍ക്കാം ജലപാനം വെടിയാം ഞാന്‍
ശ്വാസനിശ്വാസങ്ങള്‍ പോലുമുപേക്ഷിക്കാം.
കാത്തിരുന്നീടാം ഞാന്‍, കാണുന്നില്ലങ്ങയെ
വൈകുന്നതെന്തങ്ങെന്‍ പ്രാണേശ്വരാ വരാന്‍?
നിത്യവുമങ്ങയെത്തേടുമെന്‍ മാനസം
കാണാത്തതെന്തങ്ങ്? കനിയാത്തതെന്തങ്ങ്?
നരകാന്തകാ, നൊന്തുവെന്തുനീറുന്നൊരീ 
ഹൃത്തടമങ്ങു തഴയുന്നതെന്തിനോ?
സംവത്സരങ്ങള്‍ ഞാന്‍ കാത്തിരിക്കാമെന്‍റെ
സര്‍വവുമങ്ങേക്കായ് ഞാന്‍ ത്യജിക്കാം.
ഒന്നിങ്ങു വന്നെങ്കില്‍, അന്നു ഞാനാ പുണ്യ-
പാദങ്ങളില്‍ വീണു പൂജ ചെയ്യാം.
ദു:ഖങ്ങളെല്ലാം ക്ഷണംകൊണ്ടു മായ്ക്കുമാ
മാറില്‍ ചേര്‍ന്നന്നു ഞാന്‍ സ്വര്‍ഗം പൂകും!

Jan 10, 2011

വിചിത്രം!

ആരും കാണാതെ ചിപ്പിക്കുള്ളിലൊളിച്ച 
രാമഴയുടെ കണ്ണീര്‍ത്തുള്ളിയെ തുറന്നെടുത്ത്
അമൂല്യസൌന്ദര്യമായി വില്‍ക്കുന്നു!

രയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു!

വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ  രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!

വെട്ടംകണ്ടോടിയെത്തുന്ന  ഈയാംപാറ്റകളുടെ
ചിറകുകരിച്ച്‌, പിടക്കുന്ന നെഞ്ചില്‍ ചവിട്ടിനിന്ന് 
വീണ്ടും ഇരകളെ ആകര്‍ഷിക്കുന്നു! 

വെച്ചുകെട്ടിയ മാന്യതയുടെ മുഖംമൂടിയഴിഞ്ഞ്,
മറച്ചുവെച്ച സ്വതസിദ്ധഭാവങ്ങള്‍ വെളിച്ചപ്പെടുമ്പോഴതിനെ  
കാപട്യങ്ങളറിയാത്ത മിണ്ടാപ്രാണികളുടെ
'മൃഗീയത'യെന്നു വിളിക്കുന്നു!

Jan 8, 2011

അറിയാതെപോയ പ്രണയം

ആദ്യമായ് നമ്മള്‍ കാണുമ്പോള്‍
ഇടയ്ക്കു പതറിയും
ഇടയ്ക്കു വിസ്മയിച്ചും നില്‍ക്കുന്ന
പാതിവിടര്‍ന്ന കൌമാരമായിരുന്നെനിക്ക്‌.

നിന്‍റെ പുഞ്ചിരിയില്‍, 
ഒരു ഉദ്യാനപാലകന്‍റെ ലാളന.
നോട്ടത്തില്‍, ആകാശത്തുനിന്ന് കണ്ണിറുക്കുന്ന
നക്ഷത്രത്തിന്‍റെ കുസൃതി.
വാക്കുകളില്‍, എന്‍റെ ഇതളുകളില്‍  തലോടുന്ന
മഞ്ഞുകണത്തിന്‍റെ കുളിര്.
കോപിക്കുമ്പോള്‍, എനിക്കു വിടരാനായ്
വെളിച്ചംവീശുന്ന സൂര്യന്‍റെ ഇത്തിരിച്ചൂട്.
അടുത്തെത്തുമ്പോള്‍, തേന്‍ നുണയാനെത്തുന്ന  
ശലഭത്തിന്‍റെ ചിറകുകളുടെ മൃദുസ്വനം.
നീയകലുമ്പോള്‍, എന്നെത്തഴുകി ഓടിപ്പോകുന്ന
കാറ്റിനോടെനിക്ക് തോന്നുന്ന പരിഭവം.

എന്നിട്ടും ഞാനറിഞ്ഞില്ല;
എനിക്ക് നിന്നോട് പ്രണയമായിരുന്നെന്ന്.
എല്ലാമറിഞ്ഞിട്ടും നിന്‍റെ പ്രണയം
നീ പറയാതെ ഒളിച്ചുവെച്ചതെന്തേ?
ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

ഏതോ ഒരു ഇരുണ്ട സ്വീകരണമുറിയിലെ
ഇടുങ്ങിയ പൂപ്പാത്രത്തിലിരുന്ന്
വാടിത്തളര്‍ന്ന് ശ്വാസംമുട്ടുമ്പോള്‍  
ഞാന്‍ അവിടമാകെ തിരഞ്ഞത്
എന്നിലെ ജീവന്‍റെ ഓജസ്സായിരുന്ന
നിന്‍റെ പുഞ്ചിരിയിലെ ലാളനയെയാണ്;
നിന്‍റെ നോട്ടത്തിലെ നക്ഷത്രക്കുസൃതിയെയാണ്;
നിന്‍റെ വാക്കുകളിലെ കുളിരിനെയാണ്;
നിന്‍റെ കോപത്തിന്‍റെ ഇത്തിരിച്ചൂടിനെയാണ്;
നിന്‍റെ സാമീപ്യത്തിന്‍റെ മൃദുസ്വനത്തെയാണ്;
എന്‍റെ പരിഭവംകാണാന്‍ ഓടിയൊളിക്കുന്ന നിന്നെയാണ്.

അന്നാദ്യമായ്‌ ഞാന്‍ തിരിച്ചറിഞ്ഞു
എനിക്കു നിന്നോട് പ്രണയമായിരുന്നെന്ന്!

Jan 4, 2011

കര്‍ക്കിടകപ്പെണ്ണ്

നിങ്ങളെന്‍റെ വരവും കാത്തിരിക്കുകയായിരുന്നു;
ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക്‌ തണുപ്പു പകരാന്‍!
നിങ്ങള്‍ക്കായ് സമൃദ്ധിയുടെ പറുദീസ ചമയ്ക്കാന്‍!

ഉള്ളിലൊരു സാഗരത്തോളം ദു:ഖങ്ങളുടെ അലകളൊതുക്കി
വിങ്ങുന്ന ഹൃദയത്തിന്‍റെ തുടിപ്പുകളുമായി ഞാനെത്തി;
എന്‍റെ കരിനീലമിഴികളെ നോക്കി നിങ്ങള്‍ പുഞ്ചിരിച്ചു.
ആ  ചഞ്ചലനേത്രങ്ങളില്‍ നിങ്ങള്‍ കണ്ടില്ല
തുളുമ്പിവരുന്നോരെന്‍ തേങ്ങലുകള്‍;
പകരം നിങ്ങളതില്‍ത്തിരഞ്ഞു
 സുഖസമൃദ്ധികളുടെ താക്കോല്‍പ്പഴുത്;
സ്വാര്‍ഥതകളില്‍ കപടസ്നേഹത്തിന്‍റെ ചായമടിച്ച്‌,
ആ കൃത്രിമപ്പൂക്കള്‍ എന്‍റെ കാലടികളിലര്‍പ്പിച്ച്,
നിങ്ങളെന്നെ പൂജിച്ചു; പ്രീതി യാചിച്ചു.

ഇടക്കാരോ പിറുപിറുത്തു-
മോഹിനിയായ് വന്ന ഭീകരരൂപിണി;
ദുരിതം വിതക്കുമിവള്‍!
ശ്യാമദു:ഖങ്ങളെ ഇമകള്‍ക്കകത്തിട്ടുപൂട്ടി ഞാന്‍,
ശ്വേതസ്മിതവുമായ് പെയ്തൊഴിയാതെനിന്നു.
ഉള്ളില്‍ തിങ്ങിനിറയുന്ന നെടുവീര്‍പ്പുകള്‍
ഇടംകിട്ടാതെ രക്ഷപ്പെടാന്‍വെമ്പി.
എന്‍റെ നിശ്വാസങ്ങുടെ ചൂട് താങ്ങാനാവാതെ
നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ഷിച്ചു.

ഒടുവില്‍ തുറന്നു ഞാനെന്‍ ഇമകള്‍!
മനസ്സിന്‍റെ പിരിമുറുക്കം കുറഞ്ഞു;
നിശ്വാസങ്ങളുടെ ചൂടു കുറഞ്ഞു;
സ്വാഭാവികമായ കുളിര്‍മയോടെ
അവ നിങ്ങളെ തഴുകി;
വിതുമ്പി നിന്നിരുന്ന അശ്രുബിന്ദുക്കള്‍
വെമ്പലോടെ താഴേക്കുരുണ്ടു.

ഇടക്കെപ്പോഴോ എന്‍റെ നിയന്ത്രണം വിട്ടുവോ?
നിശ്വാസങ്ങള്‍ കൊടുംകാറ്റായി;
ദു:ഖങ്ങള്‍ കരിമ്പൂതങ്ങളായ് രൂപമെടുത്തു;
കൈകള്‍കോര്‍ത്തവര്‍ നിങ്ങളുടെ തലക്കുമീതെനിന്ന്  
വെള്ളിത്തീതുപ്പി അട്ടഹസിച്ചു;
അലട്ടുന്ന തണുപ്പോടെ ഒലിച്ചിറങ്ങി
പ്രളയമായ് പെയ്തൊഴിഞ്ഞു.
അപ്പോഴേക്കും എനിക്കു പോകാന്‍ സമയമായി.

ഇനിയും കാലമിവിടെ 
വേനലും വരള്‍ച്ചയും ഉരുക്കിയൊഴിക്കും.
ആവര്‍ത്തനങ്ങളെ മന:പൂര്‍വ്വം മറന്ന്,
എന്‍റെ യാത്രയും ചിങ്ങപ്പെണ്ണിന്‍റെ വരവും
നിങ്ങള്‍ മതിമറന്ന് മദിച്ച് ആഘോഷിക്കുമ്പോള്‍
കരിപിടിച്ച മേഘവിഴുപ്പുകളെ അലക്കിവെളുപ്പിച്ച്‌ 
ആകാശക്കൊമ്പത്ത് ഉണക്കാനിടുന്ന സൂര്യന്‍
അര്‍ത്ഥംവെച്ചൊന്നു ചിരിച്ചു. 
ഞാന്‍ മറന്നുവെച്ചുപോയ ഒരു കണ്ണീര്‍ത്തുള്ളിയില്‍
അത് ഏഴുവര്‍ണങ്ങളില്‍ പ്രതിഫലിച്ചു;
ഇനിയും നിങ്ങള്‍ക്കായ് വസന്തമൊരുക്കാമെന്ന  
നിറമുള്ള എന്‍റെ സ്വപ്നപ്പീലികള്‍ വിരിച്ചാടും മയിലായ്
ലോലമേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിച്ചു.

ഏകാന്തമായ ഒരു കോണിലിരുന്ന്
ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു.
അവിടെ പ്രളയം നിലച്ചിരിക്കുന്നു;
മരതകവും പൊന്നും മിന്നിത്തിളങ്ങുന്നു;
മാദകമായ നിറക്കൂട്ടുകളുടെ ഊഞ്ഞാലില്‍
വസന്തം നിങ്ങളെ താലോലമാട്ടുന്നു;
എന്നില്‍നിന്നും അടര്‍ന്നുവീണുപോയ ദു:ഖപുത്രികള്‍
വെള്ളിക്കൊലുസുമിട്ട് കുണുങ്ങിക്കുണുങ്ങി ഒഴുകിനടക്കുന്നു;
കടലലകളെ ചെന്നുപുണര്‍ന്ന് പൊട്ടിച്ചിരിക്കുന്നു;
നിങ്ങളെന്നെ മറന്നിരിക്കുന്നു;
ഒരു നിറകണ്‍ചിരി എന്നില്‍ അറിയാതെ വിടര്‍ന്നു.   

Jan 3, 2011

ശ്മശാനഭൂമി

കത്തിയമര്‍ന്ന അനേകം ചിതകളുടെ 
ചാരം പേറുന്ന ഒരു ശ്മശാനഭൂമി.
അവിടവിടെ ചിതയുടെ ചൂടുതട്ടാന്‍
അവസരം കാത്തുകിടക്കുന്ന
മരിച്ചുമരവിച്ച സ്വപ്‌നങ്ങള്‍.
ചിതയിലെറിയാന്‍പോലും
ആരുമില്ലാത്ത അനാഥപ്രേതങ്ങളുടെ 
വൃഥാവിലുള്ള കാത്തിരിപ്പ്‌.
ഉച്ചിക്കുമുകളില്‍ കത്തിയെരിയുന്ന
 സൂര്യകോപത്തിനു കീഴെയും  
ആഴങ്ങളില്‍നിന്ന് ഉരുകിയുയരുന്ന
ആവിക്കു മീതെയും  
ചുറ്റിലും കറങ്ങിത്തിരിയുന്ന
 സഹതാപപ്പുഴുക്കത്തിനു നടുവിലും  
സ്നേഹത്തിന്‍റെ ചൂടുതട്ടാതെ
 മരവിച്ചുതന്നെ കിടക്കുന്ന
ആര്‍ക്കുംവേണ്ടാത്ത ശവശരീരങ്ങള്‍.  
ശ്മശാനം തണുപ്പിക്കാന്‍
പെയ്ത മഴക്കും വീശിയ കാറ്റിനും
കണ്ണീരിന്‍റെയും നെടുവീര്‍പ്പിന്‍റെയും 
അസ്വസ്ഥമായ ചൂട്.
വരണ്ടു വിണ്ട ഹൃദയം തലോടാന്‍
രണ്ടു കരിയിലകളെയെങ്കിലും വീഴ്ത്താനാവാതെ
അരികില്‍ ചലനമറ്റു നില്‍ക്കുന്ന,
മരണം കണ്ടുകണ്ടു മരിക്കാറായ ഉണക്കമരം.