Nov 30, 2010

ഓര്‍മകള്‍

നെഞ്ചില്‍ ഓര്‍മകളുടെ തീ ആളിക്കത്തുന്നു;
സിരകളിലെ രക്തം തിളച്ചു തുടിക്കുന്നു;
തിളച്ചു തിളച്ചു ചോര വറ്റിത്തുടങ്ങി.
കരളിനുള്ളില്‍നിന്ന് കരിഞ്ഞ മണം!
ഈ കരിഞ്ഞു പിടിച്ച കറയുടെ
വൃത്തികെട്ട പാടുകള്‍ കളയുന്നതെങ്ങനെ?
ആദ്യം കണ്ണീരാല്‍ കഴുകിനോക്കി,
പിന്നെ ശാപവാക്കുകളാല്‍ ചുരണ്ടിനോക്കി,
ഒടുവില്‍ മറവിയാല്‍ മൂടിനോക്കി,
എന്നിട്ടും മായാതെ, മറയാതെ.....

Nov 24, 2010

പൂര്‍ണത

അയാള്‍ തന്‍റെ ഹൃദയം അവളെ
എല്പിച്ചിട്ടാണ് പോയത്.
എന്നാല്‍ അവള്‍ക്കു സ്വന്തം ഹൃദയം നഷ്ടപ്പെട്ടിരുന്നു!
ഒറ്റപ്പെട്ട അയാളുടെ ഹൃദയവും പേറി,
നഷ്ടപ്പെട്ട തന്‍റെ ഹൃദയത്തിനായി
അവള്‍ കാത്തിരുന്നു;
ഏകാന്തതയില്‍ നിന്ന്
മോചനം തരുന്നൊരു കൂട്ടിനായി.
പക്ഷെ അവള്‍ക്കറിയില്ലായിരുന്നു;
നഷ്ടപ്പെട്ടതാരുടെ ഹൃദയമെന്ന്.
അവള്‍ക്ക് രണ്ടും
വേര്‍തിരിച്ചറിയാനാവാത്ത വിധം
ഒരുപോലെയായിരുന്നു.
ഒന്ന് മാത്രം അവള്‍ക്കറിയാം-
ഒന്നില്ലാതെ മറ്റൊന്ന് അപൂര്‍ണമാണെന്ന്.

Nov 18, 2010

കൈവിട്ട സുകൃതം

മുലപ്പാല്‍ തിങ്ങിയ മാറിടം പോലെ
വിങ്ങിത്തുടിക്കുന്നെന്‍ ഹൃത്തടം.
എന്‍റെ സ്വപ്‌നങ്ങള്‍ നുകര്‍ന്ന്
എന്‍റെ വികാരങ്ങള്‍ക്ക് ധന്യത നല്‍കിയ കവിതേ,
നിന്നെ എന്നില്‍ നിന്നും പറിച്ചെടുത്തതാര്?
ഉള്ളില്‍ക്കിടന്നു വിങ്ങുമെന്‍ സ്വപ്നങ്ങളെ
വലിച്ചു കുടിച്ചെന്‍റെ വിങ്ങല്‍ തീര്‍ക്കാന്‍
നീ വരാത്തതെന്തേ എന്‍ കുഞ്ഞേ?

കൊതിച്ചു നടന്നിരുന്നു ഞാന്‍;
എനിക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായെങ്കില്‍!
എന്‍റെ സുകൃതങ്ങളെന്നില്‍ കനിഞ്ഞെങ്കില്‍!

നീ എന്‍റെ മനസിന്‍റെ ഗര്‍ഭത്തില്‍
നാമ്പെടുത്ത നാള്‍ മുതല്‍
ഉണ്ണാനുമുറങ്ങാനും മറന്ന്
നിനക്കായ് വിരുന്നൊരുക്കി ഞാന്‍ കാത്തിരുന്നു.
കുഞ്ഞുടുപ്പുകള്‍ നെയ്ത്, കിന്നരിമാലകള്‍ കോര്‍ത്ത്‌,
നിന്‍റെ കുഞ്ഞുമുഖത്തിന് ചന്തം കൂട്ടാന്‍
ഞാനൊരുക്കിവെച്ചു.

നീ വന്നു പിറന്ന നാള്‍ മുതല്‍
എന്‍റെ സര്‍വസ്വവും നീയായി മാറി.
എന്‍റെ ഭാവനകളൂട്ടി
എന്‍റെ ജ്ഞാനം പകര്‍ന്ന്
നിന്‍റെയുയിരിനു ഞാന്‍ ശക്തി നല്‍കി.
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടു ഞാന്‍ നിര്‍വൃതിക്കൊണ്ടു.

ഏവരും നിന്നെ പ്രശംസിച്ചപ്പോള്‍
ഞാനാനന്ദാശ്രുക്കള്‍ പൊഴിച്ചു.
മതിമറന്ന് സന്തോഷിച്ച ഞാന്‍
നിന്നെ അഭിമാനത്തോടെ വാരിപ്പുണര്‍ന്നു.
നിന്നെച്ചിലര്‍ വിമര്‍ശിച്ചപ്പോള്‍
മാതാവിന്‍ വ്യഥ ഞാന്‍ തൊട്ടറിഞ്ഞു.
പെറ്റു വളര്‍ത്തിയൊരെന്‍ കുഞ്ഞിനു ഞാനൊരു
കുറ്റവും കണ്ടതില്ലിന്നേ വരെ.

താലോലിച്ചു കൊതി തീരും മുമ്പേ
ഞാനറിയാതെ നിന്നെക്കവര്‍ന്നോടിയതാര്?
നിന്‍റെ രോദനം കേള്‍ക്കുന്നതെവിടെനിന്ന്?
എരിയും മനസിനു കുളിരായി നീ
ഓടിയണയാത്തതെന്തേ എന്‍ കവിതേ?

Nov 14, 2010

എങ്കില്‍......

ചന്ദ്രരശ്മികള്‍
പ്രണയം പൊഴിക്കുമീ രാവില്‍
ഒരു ചന്ദ്രകാന്തമായ്
ഉരുകാന്‍ കഴിഞ്ഞെങ്കില്‍....

പ്രണയവിവശയായ് ലജ്ജാവതിയായ്
നിലാവിന്‍റെ മാറില്‍
കുളിരായ് വന്നു
പതിയെ പതിച്ചെങ്കില്‍....

പടര്‍ന്നുകിടക്കുന്ന നീലിമയില്‍
വെള്ളിക്കൊലുസിന്‍റെ
കുഞ്ഞുമണികളായ്
മെല്ലെച്ചിതറിയെങ്കില്‍.........

Nov 12, 2010

എന്‍റെ മയില്‍പ്പീലിത്തുണ്ട്

പഞ്ചവര്‍ണക്കിളിത്തൂവല്‍
വാത്സല്യത്തിന്‍റെ മഷിയില്‍ മുക്കി
ഞാന്‍ കവിതകളെഴുതി സൂക്ഷിക്കുന്ന
മയില്‍പ്പീലിത്തുണ്ടാണു നീ!

Nov 11, 2010

തൊട്ടാവാടീ......

സുഗന്ധം പരത്തി, മാദകമധു നിറച്ച്,
ശലഭങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്ത
വെറുമൊരു തൊട്ടാവാടിപ്പൂവാണു നീ.
ദു:ഖത്തിന്‍റെ മുള്‍പ്പടര്‍പ്പില്‍,
ഭയത്തിന്‍റെ കുറ്റിക്കാടുകള്‍ക്കിടയില്‍,
പതിഞ്ഞു കിടന്നാലും;
നോവിനെ മറക്കുന്ന നിന്‍റെ പുഞ്ചിരിയും
സദാ പ്രസരിപ്പാര്‍ന്ന ഭാവവും
എന്നിലുണര്‍ത്തുന്നു മാസ്മരരാഗങ്ങള്‍.
സൌന്ദര്യശാസ്ത്രവിശാരദന്മാര്‍
ലക്ഷണം നോക്കിപ്പറയുന്നു;
നിന്നിലില്ലൊട്ടും, ആരെയുമാകര്‍ഷിക്കും
വശ്യമനോഹരമാമഴക്!
പക്ഷെ...
നിന്‍റെ നനുത്ത മന്ദസ്മിതത്തില്‍,
വറ്റാത്ത പ്രസരിപ്പില്‍,
നിന്‍റെയിളം കാന്തിയില്‍ തുളുമ്പും ശാലീനതയില്‍,
കാണുന്നു ഞാന്‍; നിന്‍റെയുള്ളിന്‍റെയുള്ളിലെ
നൈര്‍മ്മല്യദീപത്തിന്‍ ചൈതന്യം.
നിന്നെത്തലോടാനായ് ഞാന്‍
കൊതിപൂണ്ടു കൈനീട്ടുമ്പോള്‍
ഒരു വിടര്‍ന്ന പുഞ്ചിരി മാത്രം നല്‍കി
തെന്നി മാറുന്നതെന്തിനു നീ?
ഈ നോവുകളുടെയന്ധകാരത്തില്‍നിന്നും
നിന്നെ ഞാനെന്‍റെ
പ്രണയത്തിന്‍ വെട്ടത്തിലേക്ക് പറിച്ചുനട്ടോട്ടേ?
പരുപരുത്ത എന്‍റെ മാറില്‍ കുടിയിരുത്തി;
എന്നിലെ, ആരും രുചിക്കാത്ത
സ്നേഹനദിയിലെ ജലം തളിച്ച്;
നിന്നെ ഞാന്‍ തഴുകിയണച്ചോട്ടേ?

Nov 8, 2010

എനിക്കായ് പെയ്യുന്ന പ്രണയം

ആ ഹൃദയത്തില്‍ പ്രണയം നിറഞ്ഞു തുളുമ്പുന്നു-
അതിന് തുടുത്ത നിറം!
ആ മാറോടു തല ചായ്ച്ചുവയ്ക്കുമ്പോഴെല്ലാം
എനിക്കാ നേര്‍ത്ത സ്വരം കേള്‍ക്കാം....
സിരകളിലേക്ക് ഇറ്റിറ്റു വീഴുന്ന പ്രണയത്തിന്‍റെ സ്വരം.
ഇലത്തുമ്പില്‍ നിന്ന് മെല്ലെപ്പതിക്കുന്ന
മഴത്തുള്ളികളുടെ നനുത്ത നാദം പോലെ!
നിലക്കാതെ അത്
പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു;
എന്നിലെ ജീവന് ഉണര്‍വ്വായി....
ഉന്മേഷമായി.....

Nov 5, 2010

അശ്വമേധം


ദോഷനിവൃത്തിക്കായി ഞാനെന്‍റെ അശ്വമേധം തുടങ്ങട്ടെ.
മനസ്സാകുന്ന എന്‍റെ അശ്വമേ,
നിന്‍റെ മസ്തകത്തില്‍ ബന്ധിച്ച ജയപത്രവുമായി
നീ യഥേഷ്ടം പായുക!
നിന്നെ പിടിച്ചുകെട്ടുന്നവനുമായുള്ള യുദ്ധത്തില്‍
നീ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ
ഞാന്‍ നിന്നെ വിട്ടയക്കുന്നു.
പിടികൊടുക്കാതെ സര്‍വലോകങ്ങളും താണ്ടി നീ
മടങ്ങിയെത്തുമെന്നു ഞാനാശിക്കുന്നു.
നിന്നെ പിടിച്ചുകെട്ടി
യുദ്ധത്തിലെന്നെ ജയിക്കാന്‍ കഴിയുന്ന
ഒരു വീരനും എങ്ങുമില്ലാതിരിക്കട്ടെ!
പായുക, പായുക, എന്‍റെ അശ്വമേ,
സ്വതന്ത്രനായി പായുക!
വിജയശ്രീലാളിതനായി മടങ്ങി വരിക!

കടപ്പാട്

വിധേയത്വമെന്ന യന്ത്രത്തിന്‍റെ സഹായത്താല്‍
എളുപ്പം ചെയ്തു തീര്‍ക്കാവുന്ന ജോലി-
അതല്ലേ കടപ്പാട്!
അവിടെയെന്തിന് ഞാനെന്‍റെ സ്നേഹോര്‍ജ്ജം
വെറുതെ പാഴാക്കണം!

Nov 3, 2010

ജീവിതത്തിന്‍റെ രുചി

ദു:ഖങ്ങള്‍ക്ക് ഉപ്പുരസമാണ്‌.
അവ കണ്ണില്‍ നിന്നും കവിളിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍,
ഇടയ്ക്കു ദിശ മാറി ചുണ്ടില്‍ തട്ടുമ്പോള്‍,
പലപ്പോഴും എനിയ്ക്കത് മനസ്സിലായിട്ടുണ്ട്.

സന്തോഷത്തിനോ?
മധുരമാണെന്നെല്ലാവരും പറയുന്നു.
പക്ഷെ....
സന്തോഷമനുഭവിച്ചപ്പോഴൊന്നും
ആ മധുരം എനിക്കനുഭവപ്പെട്ടിട്ടില്ല.
അപ്പോഴും
കണ്ണില്‍ നിന്നൊഴുകിയെത്തിയ വികാരധാരകള്‍ക്ക്
ഉപ്പുരസമായിരുന്നു.

Nov 2, 2010

നമ്രമുഖി

കൈലാസനാഥന്‍റെ തിരുമുടിക്കെട്ടില്‍ നി-
ന്നിറ്റിറ്റു വീഴുന്ന ഗംഗാംബുബിന്ദുക്കള്‍
ചന്ദ്രക്കലയിലുരുമ്മിയാ ജ്യോത്സ്ന തന്‍
കുളിരാര്‍ന്നു മഞ്ഞുകണങ്ങളായ് മാറിയീ
ഭൂവിലെക്കൊഴുകുന്നു, രാവിന്റെ മഞ്ജീര-
മണികളായെങ്ങും കിലുങ്ങും ധ്വനിയോടെ.

ആ സ്നിഗ്ധ മഞ്ഞുകണങ്ങളില്‍ നീരാടി,
പുളിയിലക്കരയണി നേരിയതും ചുറ്റി,
നമ്രമുഖിയായി, സുന്ദരരൂപിയായ്,
ഏകയായ് നില്പൂ മുളകുചെമ്പരത്തി.

ഉത്സാഹമെമ്പാടും വാരിയെറിഞ്ഞുകൊ-
ണ്ടുന്മേഷമോടെയുഷസ്സണഞ്ഞീടുമ്പോള്‍
നിന്നില്‍നിന്നൂര്‍ന്നു മണ്ണില്‍ പതിച്ചീടുവാന്‍
നിന്‍ വിരല്‍ത്തുമ്പില്‍ വിതുമ്പി നില്‍ക്കുന്നൊരു
മഞ്ഞുകണത്തിന്‍റെ കൊച്ചുഗോളത്തിലായ്‌
തെളിയുന്നീ മോഹന ഭൂഗോളമാകെയും.

നിന്‍റെ തുടുപ്പാര്‍ന്ന മേനിയില്‍നിന്നല്പം
ചെഞ്ചായം സൂര്യന്‍ കടമെടുത്തെന്നാളും
രാപ്പകല്‍ സംഗമ വേളകളെത്രയും
ശോഭാനമാക്കുവാന്‍ ചുറ്റിലും തൂവുന്നു.

ഉള്ളിലലക്കുമനന്തമാം ദു:ഖത്തി-
ന്നോളങ്ങളെയൊന്നടക്കിനിര്‍ത്തീടാനോ,
തുള്ളിത്തുളുമ്പുവാന്‍ വെമ്പിനില്‍ക്കുന്ന നി-
ന്നശ്രുകണങ്ങളെ മെല്ലെത്തടുക്കാനോ,
നീയെന്നുമിങ്ങനെ കൂമ്പിനിന്നീടുന്നു
നിത്യവും മന്ദസ്മിതം തൂകുമെന്‍ തോഴീ?

ദീര്‍ഘമാംഗല്യത്തിന്‍ ഭാഗ്യം നിറച്ചൊരു
സിന്ദൂരച്ചെപ്പേന്തും നിത്യലാവണ്യമേ,
വിങ്ങും മനസ്സിന്നൊരാശ്വാസമേകുന്നു
തേജസ്സെഴുന്ന നിന്‍ സുന്ദരദര്‍ശനം!

മായ

നീയണയുമ്പോള്‍
മമമാനസസരസ്സിന്‍റെ മായാതീരത്ത്
മായാവിലോലരായ്
മയൂരങ്ങള്‍ നൃത്തമാടുന്നതെന്തിനു മായികേ?

നിന്‍ മന്ദഹാസങ്ങള്‍ തീര്‍ക്കും
മാരിവില്ലുകളീ
മായാപ്രപഞ്ചത്തിന്‍ മാനത്ത്
മുത്തമിടുന്നതിനാലോ?

ഞാന്‍

കാണാന്‍ കഴിയാതെന്‍ കണ്‍കള്‍‍ക്കു തിമിരമായ്,
കേള്‍ക്കാന്‍ കഴിയാതെന്‍ കാതുകള്‍ ബധിരമായ്‌,
മിണ്ടാന്‍ കഴിയാതെന്‍ ചുണ്ടുകള്‍ മൂകമായ്,
പാടാന്‍ കഴിയാതെന്‍ ശാരീരം ചോര്‍ന്നുപോയ്‌,
ആടാന്‍ കഴിയാതെന്‍ മെയ്യു തളര്‍ന്നുപോയ്‌,
കരയാന്‍ കഴിയാതെന്‍ മനസ്സിന്നു മരവിപ്പായ്.

ഒരു മുളംതണ്ടായി പാടുവാന്‍ മോഹിപ്പൂ
ഞാന്‍ കാണുമോരോ മനസ്സിന്‍ തുടിപ്പിലും!
എന്നിലെ മാധുര്യമൂറ്റിക്കുടിച്ചവര്‍
നിര്‍ദ്ദയമെന്നെ ചവച്ചുതുപ്പുന്നല്ലോ.....