Jun 18, 2011

വരവുണ്ടെന്‍ കണ്ണന്‍

പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ
വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍.
അമ്മയായ് തോഴിയായ് കൂടെനിന്നെന്നും
കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍?
ദാസിയായ്‌ കണ്ണന്‍റെ പ്രാണപ്രിയയായി  
വിരഹം കൊണ്ടു വലഞ്ഞു പോകുന്നിപ്പോള്‍!

പാറുന്നു ദൂരെ സ്വര്‍ണമണല്‍രേണുക്കള്‍,
വരവുണ്ടെന്‍ കണ്ണന്‍ അശ്വരഥമേറി.
കണ്ണില്‍ തിളങ്ങും കുസൃതിയുണ്ടാവും,
ചുണ്ടില്‍ മധുവൂറും പുഞ്ചിരിയുമുണ്ടാം,
വെണ്ണക്കൈ കണ്ടുഞാന്‍ മെല്ലെച്ചൊടിക്കുമ്പോള്‍
കാണുമാ കള്ളപ്പരിഭവവുമുണ്ടാം.

കേള്‍ക്കാന്‍ തിടുക്കമായാ വേണുഗാനം,
കാണാന്‍ തിടുക്കമായാ മഞ്ജുരൂപം.
അശ്വവേഗത്തില്‍ തുടിക്കുന്നെന്‍ പ്രാണനും
കണ്ണാ നീയെന്നുടെ ചാരത്തണയുമ്പോള്‍.
കുന്നിമണികളാല്‍ ഞാന്‍ കോര്‍ത്ത മണിമാല
കൈയില്‍ക്കിടന്നു പിടക്കുന്നതെന്തിനോ?

Jun 10, 2011

ഗ്രഹണം

നെഞ്ചോടുചേര്‍ത്തെന്നെ മൃദുവായ്ത്തലോടി
മധുവിധുരാവില്‍ ചൊല്ലിത്തന്നു നീ;
വിരഹത്തിന്‍ വിരസമാം രാവുകളില്‍ ദൂതുമായ്‌
ഇത്തിരിമധുരം പകരാന്‍ വരും ചന്ദ്രന്‍.
ദൂരെയൊരു കടലിന്‍റെ തീരത്ത്‌ ഞാനും
ഇങ്ങീ ഏകാന്തതീരത്തു നീയും
വാനിലേക്കുറ്റുനോക്കിക്കിടക്കുമ്പോള്‍,
ഞാനും നീയും കാണുന്നതിവനെ!
നമ്മിലിവന്‍ പൊഴിച്ചീടും പ്രണയാമൃതം.
ഒരേ വാനിന്‍റെ കീഴില്‍ നമ്മള്‍
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.

നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന്‍ മുഖംവാടി നിന്നെന്‍റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.

Jun 6, 2011

ഉന്മാദികള്‍

ഉന്മാദികള്‍ ചിലര്‍ രാജ്യസ്നേഹത്താല്‍;
ഉന്മാദികള്‍ ചിലര്‍ സിംഹാസനത്തിനായ്;
ഉന്മാദികള്‍ ചിലര്‍ ദൈവനാമത്തില്‍;
ഉന്മാദികള്‍ ചിലര്‍ സമ്പത്തിനോടും;
ഉന്മാദികള്‍ ചിലര്‍ ഹിംസയില്‍; കാമത്തില്‍;
ഉന്മാദികള്‍ പുളഞ്ഞാര്‍ക്കുന്ന ഗര്‍ത്തം!

മനീഷയുടെ രക്തമവരൂറ്റിക്കുടിക്കുന്നു;
മനസ്സിന്‍റെ കനിവുറവ വറ്റി വരളുന്നു;
ഘോരാന്ധകാരം പടര്‍ത്തുന്നു സ്വാര്‍ഥത;
നമ്മളോ, കരകേറാനാകാതെ പിടയുന്നു!

പിറന്നോരു ചെറുപിടി മണ്ണിന്നതിരിട്ടു!
പിറന്നൊരീ പ്രപഞ്ചത്തിന്നതിരെങ്ങാനുണ്ടോ?
ഞെരിച്ചമര്‍ത്തീടാനായ് തേടുന്നധികാരം!
സ്നേഹത്തിന്‍ ശക്തിയാല്‍ വിജയിക്കാനറിയാഞ്ഞോ?
സമത്വം പഠിപ്പിച്ച മതങ്ങളാല്‍ കലഹിപ്പൂ!
സന്ധിയാല്‍ നഷ്ടമാം നേട്ടങ്ങളോര്‍ത്തിട്ടോ?
ദാരിദ്ര്യം വെല്ലുവാന്‍ വെട്ടിപ്പിടിച്ചേറെ!
യാചിക്കും ദൈന്യത കേള്‍ക്കാതെ പോകുന്നോ?
പേടിയകറ്റുവാന്‍ ഹിംസകള്‍ തുടരുന്നു!
ശാന്തിയുദ്ധത്തിന്നു ധൈര്യമില്ലാഞ്ഞോ?
ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?

തള്ളിയിട്ടതാരീയഗാധഗര്‍ത്തത്തില്‍,
അനുതാപം ശുഷ്കിച്ച മരണക്കിണറ്റില്‍?
ശാന്തിക്കായ്, പൂര്‍വികര്‍തന്‍ ദീര്‍ഘദര്‍ശനം,
പിഴയായ് ഭവിച്ചപ്പോള്‍ കാലിടറിവീണതോ?
നിയമങ്ങള്‍ തീര്‍ക്കും വിലക്കുകള്‍ മുതലാക്കി
ഇവിടേക്കെറിഞ്ഞത് കുടിലസഹജീവിയോ?