Dec 25, 2010

കാത്തിരിപ്പ്

നേരിയ നിലാവ് പടര്‍ന്നു തുടങ്ങിയിരുന്നു.
നിഴല്‍ നിലാവിന്‍റെ മടിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു. 
കടലോരത്തെ തണുത്ത കാറ്റില്‍ ഞാനിരുന്നു.

തിരകള്‍ എന്‍റെ കാലില്‍ തൊട്ടുവിളിച്ചു.
കടലെന്നോട് മന്ത്രിച്ചു.
മനം തളരാതെ, പ്രതീക്ഷ കൈവിടാതെ, നിന്നെപ്പോലെ,
 നിത്യവും ഞാനീ തീരത്തിന്‍റെ മാറില്‍ വന്നുപുണരുന്നു;
ഒന്ന് ചേര്‍ത്തുപിടിക്കുമെന്ന പ്രതീക്ഷയോടെ.
ഓരോ തവണയും, ഒന്നു തലോടുകപോലും ചെയ്യാതെ,
അവനെന്നെ മടക്കിയയക്കുന്നു.
നിനക്ക് കാത്തിരിപ്പ് മടുക്കുമ്പോള്‍
എന്നിലേക്ക്‌ വന്നോളൂ.
തളരാത്ത ഒരായിരം കൈകളാല്‍
ഞാന്‍ നിന്നെ പുണരാം മകളേ.
നീ എന്‍റെ അഗാധതയില്‍ ലയിച്ചു ചേര്‍ന്നോളൂ.

അതിലേപ്പോയ തെന്നല്‍ കടലിനെ ആശ്വസിപ്പിച്ചു;
കടലും കരയും ഒന്നാകുന്ന ഒരു പ്രളയകാലം വരും.
നിങ്ങളെ വേര്‍തിരിക്കുന്ന എല്ലാ ശക്തികളെയും തകര്‍ത്ത്
നിങ്ങള്‍ മാത്രമാകുന്ന കാലം.

ഭൂമി ഒന്ന് നെടുവീര്‍പ്പിട്ടു.
യുഗങ്ങളായി ഞാന്‍ ആകാശത്തെ പ്രണയിക്കുന്നു.
അവനെന്‍റെ മുകളില്‍
ഒരു കുടയായെനിക്ക് കാവല്‍ നില്‍ക്കുന്നു.
കുളിര്‍മഞ്ഞും ചുടുവെയിലും  
മഴനീരും നിലാത്തണലും
പകര്‍ന്നെന്നെ പരിപാലിക്കുന്നു.
എന്നിട്ടും, എന്‍റെ ഹൃദയം വിതുമ്പുന്നു.
ആ മാറിലൊന്നു  തലചായ്ക്കാനാവാത്തത്ര
വിദൂരതയിലാണവനെന്നറിഞ്ഞിട്ടും
ഇന്നും ഞാനവനെ പ്രണയിക്കുന്നു.
എന്‍റെയുള്ളിലിപ്പോഴും
കാത്തിരിപ്പിന്‍റെ ചുട്ടുപൊള്ളുന്ന ചൂടുണ്ട്.
നിനക്കു മടുക്കുമ്പോള്‍
എന്‍റെ മാറുപിളര്‍ന്നുകയറി
അതിലുരുകിയില്ലാതായിക്കോളൂ മകളേ.

തെന്നല്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു;
അവന്‍റെ സൂര്യചന്ദ്രകരങ്ങളിലെ
വിരലുകള്‍ കൊണ്ടവന്‍ 
നിന്നെ നിത്യം തലോടുന്നില്ലേ?
ചക്രവാളങ്ങളില്‍,
അവന്‍ നിന്നെ ചേര്‍ത്തുപിടിക്കുമ്പോള്‍,
നിന്‍റെ മുഖം തുടുക്കാറുള്ളത്
നീ മറന്നുപോയോ?

എന്‍റെ കാത്തിരിപ്പ് വൃഥാവിലാകുമോ?
മുന്നില്‍ ഭീമാകാരനായി നില്‍ക്കുന്ന ഏകാന്തത.
എനിക്ക് ഭയമാകുന്നു.
എതമ്മയുടെ മടിയില്‍ മുഖംപൂഴ്ത്തി
ഇവനില്‍നിന്നു രക്ഷപ്പെടണം.

തെന്നല്‍ എന്നെ തലോടിക്കൊണ്ടു പറഞ്ഞു;
 ഒരു കാലം വരും.
നിന്നെ തടവിലിട്ടിരിക്കുന്ന
കരുത്തനായ ഏകാന്തതയെ വെല്ലുവിളിച്ചുജയിച്ച് 
നിന്‍റെ പ്രിയതമന്‍ നിന്നെ 
 സ്വതന്ത്രയാക്കുന്ന ഒരു കാലം.
കടലിനെയും ഭൂമിയെയും പോലെ
പ്രണയിച്ചുകൊണ്ടേയിരിക്കൂ.
പ്രതീക്ഷയൊഴിയാതെ കാത്തിരിക്കൂ. 

9 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കടലും കരയും ഒന്നാകുന്ന ഒരു പ്രളയകാലം ..
കാണാതെ പോയാലും അത് വരും..

വരവൂരാൻ said...

ഒരു കാലം വരും.
നിന്നെ തടവിലിട്ടിരിക്കുന്ന
കരുത്തനായ ഏകാന്തതയെ വെല്ലുവിളിച്ചുജയിച്ച്
സ്വതന്ത്രയാകുന്ന ഒരു കാലം.

ഒരൊ പോസ്റ്റും നന്നാവുന്നുണ്ട്‌.. തുടരുക... ആശംസകൾ

hafeez said...

നിങ്ങളെ വേര്‍തിരിക്കുന്ന എല്ലാ ശക്തികളെയും തകര്‍ത്ത്
നിങ്ങള്‍ മാത്രമാകുന്ന കാലം.
പ്രതീക്ഷയോഴിയാതെ കാത്തിരിക്കൂ

ഇഷ്ടപ്പെട്ടു

Manoraj said...

വരികള്‍ ഇഷ്ടമായി. നല്ല ഭാവന

രമേശ്‌ അരൂര്‍ said...

കവിത ഇഷ്ടമായി .:)

zephyr zia said...

എല്ലാവര്‍ക്കും നന്ദി

ശ്രീ said...

കൊള്ളാം

Hamsageetham said...

"തെന്നല്‍ എന്നെ തലോടിക്കൊണ്ടു പറഞ്ഞു;
ഒരു കാലം വരും.
നിന്നെ തടവിലിട്ടിരിക്കുന്ന
കരുത്തനായ ഏകാന്തതയെ വെല്ലുവിളിച്ചുജയിച്ച്
നിന്‍റെ പ്രിയതമന്‍ നിന്നെ
സ്വതന്ത്രയാക്കുന്ന ഒരു കാലം.
കടലിനെയും ഭൂമിയെയും പോലെ
പ്രണയിച്ചുകൊണ്ടേയിരിക്കൂ."

പ്രജോദനമേകുന്ന വരികള്‍, ഓരോ സൃഷ്ടികളും നന്നാവുന്നുണ്ട്, ആ കര, തൂലികയില്‍ നിന്നും ഇനിയും നല്ല വരികള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

ആസാദ്‌ said...

കൂരിരിട്ടിണ്റ്റെയേതോ ഏകാന്ത കോട്ടയില്‍
ഒറ്റക്കിരുന്ന്‌ പാടു കിളിയേ നിന്‍
രാപാട്ടു കേട്ടുണര്‍ന്നു ഞാനെണ്റ്റെ മണ്‍ക്കുടിലില്‍
ഒരു വട്ടം കൂടിയാ പാട്ടൊന്നു കേള്‍ക്കുവാന്‍
കാതോര്‍ക്കവേ കേട്ടു ഞാന്‍ നിണ്റ്റെ
പ്രണയ ചകോരത്തിണ്റ്റെ ചിറകടിയൊച്ചയും!
ഇനിയില്ല നോവിണ്റ്റെ കാലമധികം
നിങ്ങളൊന്നു ചേരുന്ന നേരം നീയെനിക്കായ്‌
പാടുക വിണ്ടുമീ രാഗാര്‍ദ്രമാം ഗാനം!


നന്നായിരിക്കുന്നു. സന്തോഷമായി.. ഇനിയും വരാം.