Jun 6, 2011

ഉന്മാദികള്‍

ഉന്മാദികള്‍ ചിലര്‍ രാജ്യസ്നേഹത്താല്‍;
ഉന്മാദികള്‍ ചിലര്‍ സിംഹാസനത്തിനായ്;
ഉന്മാദികള്‍ ചിലര്‍ ദൈവനാമത്തില്‍;
ഉന്മാദികള്‍ ചിലര്‍ സമ്പത്തിനോടും;
ഉന്മാദികള്‍ ചിലര്‍ ഹിംസയില്‍; കാമത്തില്‍;
ഉന്മാദികള്‍ പുളഞ്ഞാര്‍ക്കുന്ന ഗര്‍ത്തം!

മനീഷയുടെ രക്തമവരൂറ്റിക്കുടിക്കുന്നു;
മനസ്സിന്‍റെ കനിവുറവ വറ്റി വരളുന്നു;
ഘോരാന്ധകാരം പടര്‍ത്തുന്നു സ്വാര്‍ഥത;
നമ്മളോ, കരകേറാനാകാതെ പിടയുന്നു!

പിറന്നോരു ചെറുപിടി മണ്ണിന്നതിരിട്ടു!
പിറന്നൊരീ പ്രപഞ്ചത്തിന്നതിരെങ്ങാനുണ്ടോ?
ഞെരിച്ചമര്‍ത്തീടാനായ് തേടുന്നധികാരം!
സ്നേഹത്തിന്‍ ശക്തിയാല്‍ വിജയിക്കാനറിയാഞ്ഞോ?
സമത്വം പഠിപ്പിച്ച മതങ്ങളാല്‍ കലഹിപ്പൂ!
സന്ധിയാല്‍ നഷ്ടമാം നേട്ടങ്ങളോര്‍ത്തിട്ടോ?
ദാരിദ്ര്യം വെല്ലുവാന്‍ വെട്ടിപ്പിടിച്ചേറെ!
യാചിക്കും ദൈന്യത കേള്‍ക്കാതെ പോകുന്നോ?
പേടിയകറ്റുവാന്‍ ഹിംസകള്‍ തുടരുന്നു!
ശാന്തിയുദ്ധത്തിന്നു ധൈര്യമില്ലാഞ്ഞോ?
ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?

തള്ളിയിട്ടതാരീയഗാധഗര്‍ത്തത്തില്‍,
അനുതാപം ശുഷ്കിച്ച മരണക്കിണറ്റില്‍?
ശാന്തിക്കായ്, പൂര്‍വികര്‍തന്‍ ദീര്‍ഘദര്‍ശനം,
പിഴയായ് ഭവിച്ചപ്പോള്‍ കാലിടറിവീണതോ?
നിയമങ്ങള്‍ തീര്‍ക്കും വിലക്കുകള്‍ മുതലാക്കി
ഇവിടേക്കെറിഞ്ഞത് കുടിലസഹജീവിയോ?

14 comments:

വരവൂരാൻ said...

ആശംസ്കൾ, നന്മകൾ നേരുന്നു.

ചാണ്ടിച്ചൻ said...

മനീഷയോ....അതാരാ :-)

Junaiths said...

:)

Unknown said...

ഹോ!!

ente lokam said...

ഒന്നിനും ന്യായം കണ്ടെത്താനാവാത്ത
ലോകത്തില്‍ അന്യായങ്ങള്‍ കലി തുള്ളി
വിറക്കുന്നു ....അധികാരത്തിന്റെ
കരുത്തിനു മുന്നില്‍ ശാന്തി യുദ്ധത്തിനു
കരുത്ത് എവിടെ ?

കരുത്തുള്ള ഈ എഴ്ത്തിനു ആശംസകള്‍ ..

ഷമീര്‍ തളിക്കുളം said...

ആശംസകള്‍.......

Sandeep.A.K said...

സിയാ.. കവിത ഇഷ്ടമായി.. വായിച്ചു കൊണ്ടിരുന്നപ്പോള്‍ മനസ്സ് പോയത് മറ്റെവിടെയോ.. ലോകത്തിന്‍റെ ഈ പോക്ക് കാണുമ്പോള്‍ സത്യത്തില്‍ ഭയമാണ്..

ഒരില വെറുതെ said...

ഏറെ കാലത്തിനു ശേഷം ഒരു കവിത.
നന്നായി.
ഉന്‍മാദത്തിന്റെ, ഹിംസയുടെ
വഴികളെക്കുറിച്ച മുന്നറിവുകള്‍.

Unknown said...

ഒട്ടും മോശമല്ലാത്ത വരികള്‍. ആശംസകള്‍.....

Lipi Ranju said...

ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?
കരുത്തുള്ള വരികള്‍... ആശംസകള്‍ സിയാ...

ഗുല്‍മോഹര്‍ said...

ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

Riya Shaji said...

very nice

ആസാദ്‌ said...

കാലം, അത് മുന്നോട്ടു പോകുന്തോറും.. മനുഷ്യന്‍ കൂടുതല്‍ നശിച്ചു കൊണ്ടിരിക്കും.. അതൊരു പ്രകൃതി നിയമമാണ്.. സിയാ.. കവിത വളരെ നന്നായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം.. തന്റെ ബ്ലോഗോന്നു നോക്കിയപ്പോള്‍ അതില്‍ പുതിയ മൂന്നു കവിതകള്‍ കണ്ടപ്പോള്‍. സന്തോഷമായി.. ആ സന്തോഷം അറിയിക്കുന്നു.. നല്ലത് മാത്രം നേരുന്നു.. നന്മകള്‍ മാത്രം..

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

oottan vaakkukal
kurikku kollunnava
kollaam
veendum yezhuthuka
postuka