മുലപ്പാല്‍ തിങ്ങിയ മാറിടം പോലെ
വിങ്ങിത്തുടിക്കുന്നെന്‍ ഹൃത്തടം.
എന്‍റെ സ്വപ്‌നങ്ങള്‍ നുകര്‍ന്ന്
എന്‍റെ വികാരങ്ങള്‍ക്ക് ധന്യത നല്‍കിയ കവിതേ,
നിന്നെ എന്നില്‍ നിന്നും പറിച്ചെടുത്തതാര്?
ഉള്ളില്‍ക്കിടന്നു വിങ്ങുമെന്‍ സ്വപ്നങ്ങളെ
വലിച്ചു കുടിച്ചെന്‍റെ വിങ്ങല്‍ തീര്‍ക്കാന്‍
നീ വരാത്തതെന്തേ എന്‍ കുഞ്ഞേ?
കൊതിച്ചു നടന്നിരുന്നു ഞാന്‍;
എനിക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായെങ്കില്‍!
എന്‍റെ സുകൃതങ്ങളെന്നില്‍ കനിഞ്ഞെങ്കില്‍!
നീ എന്‍റെ മനസിന്‍റെ ഗര്‍ഭത്തില്‍
നാമ്പെടുത്ത നാള്‍ മുതല്‍
ഉണ്ണാനുമുറങ്ങാനും മറന്ന്
നിനക്കായ് വിരുന്നൊരുക്കി ഞാന്‍ കാത്തിരുന്നു.
കുഞ്ഞുടുപ്പുകള്‍ നെയ്ത്, കിന്നരിമാലകള്‍ കോര്‍ത്ത്,
നിന്‍റെ കുഞ്ഞുമുഖത്തിന് ചന്തം കൂട്ടാന്‍
ഞാനൊരുക്കിവെച്ചു.
നീ വന്നു പിറന്ന നാള്‍ മുതല്‍
എന്‍റെ സര്‍വസ്വവും നീയായി മാറി.
എന്‍റെ ഭാവനകളൂട്ടി
എന്‍റെ ജ്ഞാനം പകര്‍ന്ന്
നിന്‍റെയുയിരിനു ഞാന്‍ ശക്തി നല്‍കി.
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടു ഞാന്‍ നിര്‍വൃതിക്കൊണ്ടു.
ഏവരും നിന്നെ പ്രശംസിച്ചപ്പോള്‍
ഞാനാനന്ദാശ്രുക്കള്‍ പൊഴിച്ചു.
മതിമറന്ന് സന്തോഷിച്ച ഞാന്‍
നിന്നെ അഭിമാനത്തോടെ വാരിപ്പുണര്‍ന്നു.
നിന്നെച്ചിലര്‍ വിമര്‍ശിച്ചപ്പോള്‍
മാതാവിന്‍ വ്യഥ ഞാന്‍ തൊട്ടറിഞ്ഞു.
പെറ്റു വളര്‍ത്തിയൊരെന്‍ കുഞ്ഞിനു ഞാനൊരു
കുറ്റവും കണ്ടതില്ലിന്നേ വരെ.
താലോലിച്ചു കൊതി തീരും മുമ്പേ
ഞാനറിയാതെ നിന്നെക്കവര്‍ന്നോടിയതാര്?
നിന്‍റെ രോദനം കേള്‍ക്കുന്നതെവിടെനിന്ന്?
എരിയും മനസിനു കുളിരായി നീ
ഓടിയണയാത്തതെന്തേ എന്‍ കവിതേ?
No comments:
Post a Comment