സുഗന്ധം പരത്തി, മാദകമധു നിറച്ച്,
ശലഭങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്ത
വെറുമൊരു തൊട്ടാവാടിപ്പൂവാണു നീ.
ദു:ഖത്തിന്‍റെ മുള്‍പ്പടര്‍പ്പില്‍,
ഭയത്തിന്‍റെ കുറ്റിക്കാടുകള്‍ക്കിടയില്‍,
പതിഞ്ഞു കിടന്നാലും;
നോവിനെ മറക്കുന്ന നിന്‍റെ പുഞ്ചിരിയും
സദാ പ്രസരിപ്പാര്‍ന്ന ഭാവവും
എന്നിലുണര്‍ത്തുന്നു മാസ്മരരാഗങ്ങള്‍.
സൌന്ദര്യശാസ്ത്രവിശാരദന്മാര്‍
ലക്ഷണം നോക്കിപ്പറയുന്നു;
നിന്നിലില്ലൊട്ടും, ആരെയുമാകര്‍ഷിക്കും
വശ്യമനോഹരമാമഴക്!
പക്ഷെ...
നിന്‍റെ നനുത്ത മന്ദസ്മിതത്തില്‍,
വറ്റാത്ത പ്രസരിപ്പില്‍,
നിന്‍റെയിളം കാന്തിയില്‍ തുളുമ്പും ശാലീനതയില്‍,
കാണുന്നു ഞാന്‍; നിന്‍റെയുള്ളിന്‍റെയുള്ളിലെ
നൈര്‍മ്മല്യദീപത്തിന്‍ ചൈതന്യം.
നിന്നെത്തലോടാനായ് ഞാന്‍
കൊതിപൂണ്ടു കൈനീട്ടുമ്പോള്‍
ഒരു വിടര്‍ന്ന പുഞ്ചിരി മാത്രം നല്‍കി
തെന്നി മാറുന്നതെന്തിനു നീ?
ഈ നോവുകളുടെയന്ധകാരത്തില്‍നിന്നും
നിന്നെ ഞാനെന്‍റെ
പ്രണയത്തിന്‍ വെട്ടത്തിലേക്ക് പറിച്ചുനട്ടോട്ടേ?
പരുപരുത്ത എന്‍റെ മാറില്‍ കുടിയിരുത്തി;
എന്നിലെ, ആരും രുചിക്കാത്ത
സ്നേഹനദിയിലെ ജലം തളിച്ച്;
നിന്നെ ഞാന്‍ തഴുകിയണച്ചോട്ടേ?
No comments:
Post a Comment