Dec 9, 2010

ഉയിര്‍ത്തെഴുന്നേല്‍പ്പ്

വായുവില്‍ ലയിപ്പിച്ചെന്‍ ജീവാംശം ബ്രഹ്മാവപ്പോള്‍
സുവര്‍ണാംഗിയായ് ജൂഹുവാനയായ് പിറന്നു ഞാന്‍.
ചാരത്തിന്‍ കരിമ്പടം പുതച്ചാ ചൂടേറ്റിന്നു
കണ്ണടച്ചുറങ്ങുമ്പോള്‍ ആരെന്നെയുണര്‍‍ത്തുന്നൂ?
ശോകത്താലാളിക്കത്തിയാകവേ ചുവന്നൊരെന്‍
അകവും പുറവും ഞാന്‍ മറച്ചീ കംബളത്താല്‍.
എന്നിലെയിളംചൂടു നിങ്ങള്‍ക്കായേകുന്നല്ലോ
നവ്യമാം പ്രസരിപ്പും ഉണര്‍വും സദാനേരം.
എന്നിട്ടും ചപ്പുചവറെറിഞ്ഞും കുത്തീം ചിക്കീം
മറക്കാന്‍ ശ്രമിക്കുമെന്‍ സ്മൃതിയില്‍ ചികയുന്നോ?
നിങ്ങള്‍ക്കു നല്‍കീടുന്നോരൂഷ്മളസ്നേഹത്തിന്നു
പകരം നല്‍കീടുന്നോ ശാപവും ദ്രോഹങ്ങളും?
എങ്കിലും സകലതും കൈക്കൊണ്ടു, മിഴിപൂട്ടി,
മൂകയായ്‌ കിടപ്പൂ ഞാന്‍ സഹിപ്പൂ സര്‍വം നിത്യം.
ഉമ്മവെച്ചണച്ചെന്നെ ആര്‍ദ്രയാക്കിയിട്ടെന്നും
താരാട്ടിയുറക്കിയോരച്ഛനാം 'പുരുഷനോ'
കരുത്താര്‍ന്നൊരാ കൈയാല്‍ തന്‍റെത്താന്‍ മകളുടെ
അംബരമുരിയുന്നൂ; കാര്‍ന്നുതിന്നുന്നൂ മാംസം.
വയ്യിനി സഹിക്കില്ല; കനിയില്ലിനിയൊട്ടും;
ജ്വാലയായുയിര്‍ക്കൊള്ളും വെറുമീ കനലാം ഞാന്‍.
ഉരുകും മനസ്സില്‍നിന്നുതിരും ശാപങ്ങളില്‍
പതിരുണ്ടാകില്ലൊട്ടും; കിളിര്‍ക്കും സകലതും.
മലര്‍ക്കെത്തുറന്നൊരെന്‍ മാനസകവാടത്തിന്‍
ഇരുവാതിലുകളിലൊന്നു ഞാന്‍ ചാരീടട്ടെ.
സ്നേഹത്തിന്നലയുന്നോര്‍ക്കണയാനൊരു വാതില്‍;
എന്‍ സ്നേഹം പുച്ഛിച്ചോരെ ബന്ധിക്കാന്‍ മറുവാതില്‍.
തടവില്‍ക്കിടത്തിയെന്‍ പ്രതികാരത്തിന്‍ താപം
മമതാജ്വാലകളായ് നിങ്ങളില്‍ ചൊരിയും ഞാന്‍.
സ്വാര്‍‍ത്ഥരേ, അഹന്തതന്‍ കോടിയില്‍ ഭോഗിപ്പോരേ,
ന്യായങ്ങള്‍ നിരത്തിത്തന്‍ ദുര്‍മനം മറപ്പോരേ,
എന്നിലെ ന്യായാധിപന്‍ നിങ്ങള്‍ക്കായ് വിധിക്കുന്നൂ
ആജന്‍മമെന്നില്‍നിന്നും ദയയും മമതയും.
ക്ഷമയര്‍ഹിക്കാത്തോരോ വഞ്ചനകള്‍ക്കും നല്‍കും
തീവ്രമാം ദണ്ഡങ്ങളായ് സഹനജ്വാലാജിഹ്വം.
നിന്ദ്യമീ മനസ്സാക്ഷിക്കൂട്ടത്തെപ്പിടപ്പിക്കും
സ്നേഹമായാളിക്കത്താനെന്നുള്ളം ജ്വലിക്കുന്നു.
പൊള്ളുമ്പോള്‍, തളരുമ്പോള്‍, വേവുമ്പോളിറ്റിക്കെന്നില്‍
അനുതാപത്തോടാല്പം വാത്സല്യക്കുളുര്‍ജലം.
നിറയും നിര്‍വൃതിയോടേകിടാമന്നീ നെഞ്ചിന്‍
കുളിരുമിളംചൂടും ചേര്‍ന്നിടും സഞ്ജീവനി.

*സ്വന്തം പിതാവ് മകളെ ബലാല്‍സംഗം ചെയ്തെന്ന പത്രവാര്‍ത്തയാണ് ഈ കവിതയെഴുതാന്‍ എന്‍റെ മനസ്സിനോട് പറഞ്ഞത്*

7 comments:

വരവൂരാൻ said...

നല്ല കവിത... തീക്ഷ്ണമായ്‌ പറഞ്ഞിരിക്കുന്നു.

രമേശ്‌ അരൂര്‍ said...

ഹിംസാ പാപത്തെ സഹനത്തിന്റെ അഗ്നിയില്‍ ദഹിപ്പിക്കാനുള്ള ഈ ചിന്ത ബുദ്ധനും അശോകനും ബിംബിസാരനും ശിബിയും ഗാന്ധിജിയും ഉയര്‍ത്തിക്കാട്ടിയ മഹത്തായ ഭാരത പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നു ..നല്ല prathikaranam thanneyaanu ഈ kavitha ,shakthamaaya bhaashayil paranjathu .:)

zephyr zia said...

നന്ദി!

Unknown said...

നല്ല കവിത.ആശംസകള്‍

zephyr zia said...

നന്ദി ജുവൈരിയ!

faisu madeena said...

ഹമ്മോ ....ഞാനിങ്ങോട്ടു വന്നിട്ടേ ഇല്ല ......!!

zephyr zia said...

ഫൈസൂ........ കളിയാക്കല്ലേ... നമുക്ക് കോമഡി ഒന്നും അറിഞ്ഞൂടേയ്........