Dec 20, 2010

മോഹച്ചെപ്പു തേടി

മരുഭൂമിയിലെ കൊടുംചൂടില്‍
ജീവിതവും മനസ്സും വേവുമ്പോള്‍,
മണല്‍ക്കാട്ടില്‍ ബന്ധങ്ങള്‍ക്ക് പൊടിപിടിക്കുമ്പോള്‍,
എന്‍റെ പ്രതീക്ഷകള്‍ക്ക് ജീവജലമേകാന്‍
ഒരു മരുപ്പച്ച പ്രത്യക്ഷപ്പെട്ടു.

അപ്രതീക്ഷിതമായിരുന്നു,
മണല്‍ക്കുന്നിനു പിറകില്‍ ഒളിച്ചിരുന്ന
കൊള്ളക്കാരുടെ ആക്രമണം.

ചെറുത്തുനില്‍ക്കാനാവാതെ
പകച്ചു നില്‍ക്കുന്നതിനിടയില്‍,
എന്‍റെ മോഹച്ചെപ്പ് കവര്‍ന്നെടുത്ത്‌
അവര്‍ എങ്ങോട്ടോ കടന്നു കളഞ്ഞു.

ആ മരുപ്പച്ചയുടെ തീരത്ത്,
എന്‍റെ പ്രതീക്ഷകളെല്ലാം ഇറക്കിവെച്ച്,
വീണ്ടും മരുഭൂവിന്‍റെ വിജനതയില്‍
അലയുകയാണു ഞാന്‍.

എന്‍റെ മോഹച്ചെപ്പ് വീണ്ടെടുത്ത്‌
എനിക്കിനിയും പോകണം-
എന്‍റെ പ്രതീക്ഷകള്‍ക്ക് കാവലിരിക്കുന്ന
ആ മരുപ്പച്ചയിലേക്ക്‌.

8 comments:

കാഡ് ഉപയോക്താവ് said...

താങ്കളെ പോലെ , കഴിവും പ്രതിഭയുമുള്ള ഒരാൾ ഇത്തരം കവിതകൾ എഴുതുന്നതിനോട് എനിക്കു യോജിപ്പില്ല. ഞാൻ ഇവിടെ സാഹിത്യ സമ്പൂർണ്ണത കാണുന്നുവെങ്കിലും , തളർന്നമനസ്സിന്റെ വിങ്ങലുകൾ കാണുന്നു. താങ്കളെപ്പോലെ, പോസിറ്റീവ് എനർജ്ജിയും, സ്നേഹവും ആർദ്രതയും ഉള്ള ഒരു വ്യക്തി, സൈകോളജിയിലും വിദ്യഭ്യാസമേഘലയിലും മികച്ച പ്രകടനം കാഴ്ച വെച്ച ഒരാൾ, മറ്റുള്ളവർക്ക്, പോസിറ്റീവ് സ്ട്രോക് മാത്രം കൊടുക്കേണ്ട ഒരാൾ, തീർച്ചയായും എന്റെ അഭിപ്രായം ഉൾകൊള്ളും എന്നു വിചാരിക്കുന്നു. അതല്ല " നിങ്ങൾ, നിങ്ങളുടെ കാര്യം നോക്കിയാൽ മതി" എന്നാണെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. താങ്കളുടെ പഴയ പോസ്റ്റുകൾ വായിച്ചിരുന്ന ആൾ എന്ന നിലക്ക് എനിക്കിത് പറയാൻ തോന്നി എന്നു മാത്രം. അതായത്.. കുട്ടികൾക്കു വേണ്ടിയുള്ള കവിതകളും കഥകളും... അതെവിടെ? ലിങ്കുകൾ കൊടുക്കുമല്ലോ? ഇവിടെ വരുന്ന എന്നേപോലുള്ളവർ, "നന്നായി " എന്നു പുകഴ്ത്തിയതു കൊണ്ട് സമൂഹത്തിനു എന്ത് നേട്ടം. ...നെഗറ്റീവ് സ്ട്രോക്കുകൾ കല്ലിവല്ലി എന്ന് പറയൂ.... ക്ഷമിക്കണം.. എനിക്കിത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന പ്രതീക്ഷയോടെ.. അല്ലെങ്കിൽ ഡിലീറ്റാം.

zephyr zia said...

തീര്‍ച്ചയ്യായും അഭിപ്രായസ്വാതന്ത്ര്യമുണ്ട്.
അത് തള്ളിക്കളയാതെ ഉള്‍ക്കൊള്ളുന്നു.
അഭിപ്രായം കലക്കി!!!
ഇതാണ് വേണ്ടത്- ശരിയായ വിമര്‍ശനം.
പിന്നെ ഈ കവിതയില്‍ ഒരു ഒരു നെഗറ്റീവ് മനോഭാവം ഉണ്ടെന്നു സമ്മതിക്കാന്‍ എനിക്കൊരു മടിയുണ്ട്.
തല്‍ക്കാലത്തേക്ക് ഒരു തളര്‍ച്ച വന്നെങ്കിലും തളര്‍ന്നിരിക്കുന്നില്ല.
പോസിറ്റീവ് ആയിത്തന്നെയാണ്‌ ചിന്തിക്കുന്നത്.
നഷ്ടപ്പെട്ടത് വീണ്ടെടുത്ത് പ്രതീക്ഷകളുടെ ലോകത്തേക്ക് തിരിച്ചുപോണം എന്ന ദൃഢനിശ്ചയത്തോടെയാണ് കവിത അവസാനിക്കുന്നതെന്ന് ശ്രദ്ധിക്കുമല്ലോ?
തളര്‍ന്ന് നിശ്ചേഷ്ടമായ മനസ്സുകള്‍ക്ക് അതൊരു പോസിറ്റീവ് ഊര്‍ജ്ജമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കാഡ് ഉപയോക്താവ് said...

Thanks ! Be positive ! Concentrate on your old kids poems. I like that verymuch.

zephyr zia said...

കുട്ടിക്കാലത്തെ കുറേ കവിതകളൊന്നും ഇപ്പൊ എവിടെയാണെന്നറിയില്ല. തിരഞ്ഞെടുക്കണം. പിന്നെ ഇപ്പൊ മോളുണ്ടല്ലോ കുട്ടിക്കഥകളും കവിതകളും എഴുതാന്‍. അവളെ പ്രോത്സാഹിപ്പിക്കുമല്ലോ?

കാഡ് ഉപയോക്താവ് said...

കുട്ടികളുടെ കവിതയും, കുട്ടികൾക്കു വേണ്ടിയുള്ള കവിതയും രണ്ടും രണ്ടാണ്‌. ഒന്ന് കുഞ്ഞ് മനസ്സിന്റെ ആഗ്രഹങ്ങളും ആശങ്കകളും, രണ്ടാമത്തേത്.. motivation and support. രണ്ടാമത്തെതാണ്‌ മുതിർന്നവരുടെ കർത്തവ്യം.

faisu madeena said...

നല്ല ചര്‍ച്ച ആണല്ലോ ?/

zephyr zia said...

@ഫൈസു
ചര്‍ച്ചയില്‍ കൂടുന്നോ?

zephyr zia said...

@കാഡ് ഉപയോക്താവ്,
തീര്‍ച്ചയ്യായും എന്നാലാവുംപോലെ ശ്രമിക്കാം