ഇന്നലെ.....
മലയാളമണ്ണിനെ താരാട്ട് പാടിയുറക്കിയിരുന്നവള്‍;
സാന്ദ്രമായ് എന്നും സാന്ത്വനമേകിയിരുന്നവള്‍;
സന്തോഷങ്ങള്‍കേട്ട് ആവേശമേകിയിരുന്നവള്‍;
സന്താപങ്ങള്‍കേട്ട് മെല്ലെത്തലോടിയിരുന്നവള്‍;
നന്മ പുകഴ്ത്തി അനുഗ്രഹിച്ചിരുന്നവള്‍;
തിന്മകള് കണ്ടാല്‍ ശിക്ഷിച്ചിരുന്നവള്‍;
ഒടുവില്‍ ഒരുപിടി ചാരമായ്തീരും മക്കളെ
മാറിലേറ്റി തന്റെ പുണ്യം പകര്‍ന്നിരുന്നവള്‍.
ഇന്ന്.....
ശുഷ്കിച്ച് വാടിത്തളര്‍ന്നവള്‍;
കണ്ണീരു പോലും വറ്റിയവള്‍;
താരാട്ടു പാടാന്‍ മറന്നവള്;
ഒന്നായിക്കണ്ട മക്കള്‍ പലരായിപ്പിരിഞ്ഞ്
സ്വാര്‍ഥതയും പാപങ്ങളും വെട്ടിപ്പിടിക്കുന്നു;
മെയ്യറ്റ, തലയറ്റ പ്രേതങ്ങള്‍ മോക്ഷം ലഭിക്കാതെ
ഇവളുടെ മാറിലൂടലഞ്ഞുതിരിയുന്നു;
മരണശയ്യയില്‍ കിടന്നവള്‍ നെടുവീര്‍പ്പിടുന്നു;
ആ നിശ്വാസങ്ങള്‍ ചുടുകാറ്റായ് പടരുന്നു.
നാളെ.....
ഇവളെ കുരുതികൊടുത്ത്, ഇവളുടെ മടിത്തട്ടുപിളര്‍ന്ന്
അതില്‍ കാലൂന്നിയുയരുന്ന സുഖവാസമന്ദിരങ്ങളില്‍
ശീതീകരിച്ച മുറികളിലിരുന്ന് പാതിമുറിഞ്ഞ മലയാളത്തില്‍
ഇവളുടെ കൊച്ചുമക്കള്‍ കേള്‍ക്കുന്ന പഴംകഥ;
ഇവളുടെ വരണ്ട മാറിടം വെട്ടിപ്പിളര്‍ന്നവര്‍തന്നെ
വിരുന്നുകാര്‍ക്കു ചൊല്ലിക്കൊടുക്കുന്ന ജന്മനാടിന് അഭിമാനഗാഥ.
Dec 25, 2010
കാത്തിരിപ്പ്
നേരിയ നിലാവ് പടര്‍ന്നു തുടങ്ങിയിരുന്നു.
നിഴല്‍ നിലാവിന്റെ മടിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു.
കടലോരത്തെ തണുത്ത കാറ്റില്‍ ഞാനിരുന്നു.
തിരകള്‍ എന്റെ കാലില്‍ തൊട്ടുവിളിച്ചു.
കടലെന്നോട് മന്ത്രിച്ചു.
മനം തളരാതെ, പ്രതീക്ഷ കൈവിടാതെ, നിന്നെപ്പോലെ,
നിത്യവും ഞാനീ തീരത്തിന്റെ മാറില്‍ വന്നുപുണരുന്നു;
ഒന്ന് ചേര്‍ത്തുപിടിക്കുമെന്ന പ്രതീക്ഷയോടെ.
ഓരോ തവണയും, ഒന്നു തലോടുകപോലും ചെയ്യാതെ,
അവനെന്നെ മടക്കിയയക്കുന്നു.
നിനക്ക് കാത്തിരിപ്പ് മടുക്കുമ്പോള്‍
എന്നിലേക്ക് വന്നോളൂ.
തളരാത്ത ഒരായിരം കൈകളാല്‍
ഞാന്‍ നിന്നെ പുണരാം മകളേ.
നീ എന്റെ അഗാധതയില്‍ ലയിച്ചു ചേര്‍ന്നോളൂ.
അതിലേപ്പോയ തെന്നല്‍ കടലിനെ ആശ്വസിപ്പിച്ചു;
കടലും കരയും ഒന്നാകുന്ന ഒരു പ്രളയകാലം വരും.
നിങ്ങളെ വേര്‍തിരിക്കുന്ന എല്ലാ ശക്തികളെയും തകര്‍ത്ത്
നിങ്ങള്‍ മാത്രമാകുന്ന കാലം.
ഭൂമി ഒന്ന് നെടുവീര്‍പ്പിട്ടു.
യുഗങ്ങളായി ഞാന്‍ ആകാശത്തെ പ്രണയിക്കുന്നു.
അവനെന്റെ മുകളില്‍
ഒരു കുടയായെനിക്ക് കാവല്‍ നില്ക്കുന്നു.
കുളിര്‍മഞ്ഞും ചുടുവെയിലും
മഴനീരും നിലാത്തണലും
പകര്‍ന്നെന്നെ പരിപാലിക്കുന്നു.
എന്നിട്ടും, എന്റെ ഹൃദയം വിതുമ്പുന്നു.
ആ മാറിലൊന്നു തലചായ്ക്കാനാവാത്തത്ര
വിദൂരതയിലാണവനെന്നറിഞ്ഞിട്ടും
ഇന്നും ഞാനവനെ പ്രണയിക്കുന്നു.
എന്റെയുള്ളിലിപ്പോഴും
കാത്തിരിപ്പിന്റെ ചുട്ടുപൊള്ളുന്ന ചൂടുണ്ട്.
നിനക്കു മടുക്കുമ്പോള്‍
എന്റെ മാറുപിളര്‍ന്നുകയറി
അതിലുരുകിയില്ലാതായിക്കോളൂ മകളേ.
തെന്നല്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു;
അവന്റെ സൂര്യചന്ദ്രകരങ്ങളിലെ
വിരലുകള്‍ കൊണ്ടവന്
നിന്നെ നിത്യം തലോടുന്നില്ലേ?
ചക്രവാളങ്ങളില്‍,
അവന് നിന്നെ ചേര്‍ത്തുപിടിക്കുമ്പോള്‍,
നിന്റെ മുഖം തുടുക്കാറുള്ളത്
നീ മറന്നുപോയോ?
എന്റെ കാത്തിരിപ്പ് വൃഥാവിലാകുമോ?
മുന്നില്‍ ഭീമാകാരനായി നില്ക്കുന്ന ഏകാന്തത.
എനിക്ക് ഭയമാകുന്നു.
എതമ്മയുടെ മടിയില്‍ മുഖംപൂഴ്ത്തി
ഇവനില്‍നിന്നു രക്ഷപ്പെടണം.
തെന്നല്‍ എന്നെ തലോടിക്കൊണ്ടു പറഞ്ഞു;
ഒരു കാലം വരും.
നിന്നെ തടവിലിട്ടിരിക്കുന്ന
കരുത്തനായ ഏകാന്തതയെ വെല്ലുവിളിച്ചുജയിച്ച്
നിന്റെ പ്രിയതമന് നിന്നെ
സ്വതന്ത്രയാക്കുന്ന ഒരു കാലം.
കടലിനെയും ഭൂമിയെയും പോലെ
പ്രണയിച്ചുകൊണ്ടേയിരിക്കൂ.
പ്രതീക്ഷയൊഴിയാതെ കാത്തിരിക്കൂ.
Dec 24, 2010
Dec 20, 2010
മോഹച്ചെപ്പു തേടി

ജീവിതവും മനസ്സും വേവുമ്പോള്‍,
മണല്ക്കാട്ടില് ബന്ധങ്ങള്‍ക്ക് പൊടിപിടിക്കുമ്പോള്‍,
എന്റെ പ്രതീക്ഷകള്‍ക്ക് ജീവജലമേകാന്‍
ഒരു മരുപ്പച്ച പ്രത്യക്ഷപ്പെട്ടു.
അപ്രതീക്ഷിതമായിരുന്നു,
മണല്ക്കുന്നിനു പിറകില്‍ ഒളിച്ചിരുന്ന
കൊള്ളക്കാരുടെ ആക്രമണം.
ചെറുത്തുനില്ക്കാനാവാതെ
പകച്ചു നില്ക്കുന്നതിനിടയില്,
എന്റെ മോഹച്ചെപ്പ് കവര്‍ന്നെടുത്ത്
അവര്‍ എങ്ങോട്ടോ കടന്നു കളഞ്ഞു.
ആ മരുപ്പച്ചയുടെ തീരത്ത്,
എന്റെ പ്രതീക്ഷകളെല്ലാം ഇറക്കിവെച്ച്,
വീണ്ടും മരുഭൂവിന്റെ വിജനതയില്‍
അലയുകയാണു ഞാന്‍.
എന്റെ മോഹച്ചെപ്പ് വീണ്ടെടുത്ത്
എനിക്കിനിയും പോകണം-
എന്റെ പ്രതീക്ഷകള്‍ക്ക് കാവലിരിക്കുന്ന
ആ മരുപ്പച്ചയിലേക്ക്.
Dec 16, 2010
വേശ്യയുടെ പ്രണയം

പണ്ടെങ്ങോ നിനക്കു നഷ്ടപ്പെട്ട ചെമ്പനീര്‍പ്പൂവ്,
നിന്റെ കൈക്കുമ്പിളില്‍ വന്നുപതിച്ച ദേവദാനം,
നിന്റെ കിനാവുകളില്‍ പെയ്തിറങ്ങിയ സ്വപ്നസഖി,
നിനക്കായ് സ്വയം വസന്തമായ് വിരിയുന്ന നിത്യപ്രണയിനി,
നിന്റെ മാനസസാമ്രാജ്യത്തിലെ അന്ത:പുരറാണി.
ഞാന്‍, അസ്തമയങ്ങളില്‍.....
കടലോരത്തെ പാറക്കെട്ടുകള്‍ക്കുമുകളില്‍
നിസ്സംഗതയോടെയിരിക്കുമ്പോള്;
തൊട്ടടുത്ത്, മുട്ടോളം വെള്ളത്തില്‍ നിന്ന്,
തൊട്ടടുത്ത്, മുട്ടോളം വെള്ളത്തില്‍ നിന്ന്,
നിന്റെ വധുവിന്റെ അരക്കെട്ടില്‍ ഇറുക്കിപ്പിടിച്ച്,
അവളുടെ ചുണ്ടുകളുടെ മധുരം നീ നുണയുന്നു.
അവളുടെ അഭിമാനത്തില്‍ ചിരിക്കുന്നു വേശ്യയോടുള്ള പുച്ഛം;
നിന്റെ അവഗണനയില്‍ ചിരിക്കുന്നു മാന്യതയുടെ പരിഹാസം;
എന്റെ അടിവയറ്റില്‍ ഊറിച്ചിരിക്കുന്നു നിന്റെ രതി ചോര്‍ത്തിയ ശുക്ലം!!!
അവളുടെ അഭിമാനത്തില്‍ ചിരിക്കുന്നു വേശ്യയോടുള്ള പുച്ഛം;
നിന്റെ അവഗണനയില്‍ ചിരിക്കുന്നു മാന്യതയുടെ പരിഹാസം;
എന്റെ അടിവയറ്റില്‍ ഊറിച്ചിരിക്കുന്നു നിന്റെ രതി ചോര്‍ത്തിയ ശുക്ലം!!!
Dec 14, 2010
Dec 12, 2010
സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം

നിഴലുകള്‍ക്ക് മീതെ നിലാവിന്റെ നീലിമ ചാലിച്ച് പച്ചകുത്തുന്ന ചന്ദ്രന്;
കരുത്തില്ലാതെയിടറും കീറോലമറകളിലൂടെ ഓടിയെത്തുന്ന ഇളംതെന്നല്‍;
അതിലെയുമിതിലെയും ഇറ്റിറ്റും പാറിയുമെത്തുന്ന ചാറ്റല്‍മഴത്തുള്ളികള്‍;
ഞങ്ങള്‍ക്കായ്, കഞ്ഞിക്കലത്തിന്നടിയില്‍ മക്കള്‍ ബാക്കിവെച്ച
നാഴിവെള്ളത്തില്‍ തെളിയുന്ന പ്രാണന്റെ ഇത്തിരിവെട്ടം;
പുത്തന്‍നഗരങ്ങളില്‍ നിലനിലയായുയരുന്ന കുഞ്ഞന്‍വീടുകളുടെ
അതിര്‍വരമ്പുകളില്‍ ശ്വാസംമുട്ടി ഞങ്ങളെത്തേടിയെത്തിയ സ്വാതന്ത്ര്യം;
സ്നേഹവാത്സല്യങ്ങള്‍ നഷ്ടപ്പെടാത്തൊരീ കൂരയില്‍
കൂട്ടിനിവരുള്ളപ്പോള്‍ സമൃദ്ധം, സമ്പന്നമീ ദാരിദ്ര്യം!
Dec 9, 2010
ഉയിര്‍ത്തെഴുന്നേല്‍പ്പ്

സുവര്‍ണാംഗിയായ് ജൂഹുവാനയായ് പിറന്നു ഞാന്‍.
ചാരത്തിന് കരിമ്പടം പുതച്ചാ ചൂടേറ്റിന്നു
കണ്ണടച്ചുറങ്ങുമ്പോള്‍ ആരെന്നെയുണര്‍ത്തുന്നൂ?
ശോകത്താലാളിക്കത്തിയാകവേ ചുവന്നൊരെന്‍
അകവും പുറവും ഞാന്‍ മറച്ചീ കംബളത്താല്‍.
എന്നിലെയിളംചൂടു നിങ്ങള്‍ക്കായേകുന്നല്ലോ
നവ്യമാം പ്രസരിപ്പും ഉണര്‍വും സദാനേരം.
എന്നിട്ടും ചപ്പുചവറെറിഞ്ഞും കുത്തീം ചിക്കീം
മറക്കാന്‍ ശ്രമിക്കുമെന് സ്മൃതിയില്‍ ചികയുന്നോ?
നിങ്ങള്‍ക്കു നല്‍കീടുന്നോരൂഷ്മളസ്നേഹത്തിന്നു
പകരം നല്കീടുന്നോ ശാപവും ദ്രോഹങ്ങളും?
എങ്കിലും സകലതും കൈക്കൊണ്ടു, മിഴിപൂട്ടി,
മൂകയായ് കിടപ്പൂ ഞാന്‍ സഹിപ്പൂ സര്‍വം നിത്യം.
ഉമ്മവെച്ചണച്ചെന്നെ ആര്‍ദ്രയാക്കിയിട്ടെന്നും
താരാട്ടിയുറക്കിയോരച്ഛനാം 'പുരുഷനോ'
കരുത്താര്‍ന്നൊരാ കൈയാല്‍ തന്റെത്താന്‍ മകളുടെ
അംബരമുരിയുന്നൂ; കാര്‍ന്നുതിന്നുന്നൂ മാംസം.
വയ്യിനി സഹിക്കില്ല; കനിയില്ലിനിയൊട്ടും;
ജ്വാലയായുയിര്‍ക്കൊള്ളും വെറുമീ കനലാം ഞാന്‍.
ഉരുകും മനസ്സില്‍നിന്നുതിരും ശാപങ്ങളില്‍
പതിരുണ്ടാകില്ലൊട്ടും; കിളിര്‍ക്കും സകലതും.
മലര്‍ക്കെത്തുറന്നൊരെന്‍ മാനസകവാടത്തിന്‍
ഇരുവാതിലുകളിലൊന്നു ഞാന്‍ ചാരീടട്ടെ.
സ്നേഹത്തിന്നലയുന്നോര്‍ക്കണയാനൊരു വാതില്‍;
എന്‍ സ്നേഹം പുച്ഛിച്ചോരെ ബന്ധിക്കാന്‍ മറുവാതില്‍.
തടവില്‍ക്കിടത്തിയെന്‍ പ്രതികാരത്തിന് താപം
മമതാജ്വാലകളായ് നിങ്ങളില്‍ ചൊരിയും ഞാന്‍.
സ്വാര്‍ത്ഥരേ, അഹന്തതന്‍ കോടിയില്‍ ഭോഗിപ്പോരേ,
ന്യായങ്ങള്‍ നിരത്തിത്തന്‍ ദുര്‍മനം മറപ്പോരേ,
എന്നിലെ ന്യായാധിപന് നിങ്ങള്‍ക്കായ് വിധിക്കുന്നൂ
ആജന്‍മമെന്നില്‍നിന്നും ദയയും മമതയും.
ക്ഷമയര്‍ഹിക്കാത്തോരോ വഞ്ചനകള്‍ക്കും നല്‍കും
തീവ്രമാം ദണ്ഡങ്ങളായ് സഹനജ്വാലാജിഹ്വം.
നിന്ദ്യമീ മനസ്സാക്ഷിക്കൂട്ടത്തെപ്പിടപ്പിക്കും
സ്നേഹമായാളിക്കത്താനെന്നുള്ളം ജ്വലിക്കുന്നു.
പൊള്ളുമ്പോള്‍, തളരുമ്പോള്‍, വേവുമ്പോളിറ്റിക്കെന്നില്‍
അനുതാപത്തോടാല്പം വാത്സല്യക്കുളുര്‍ജലം.
നിറയും നിര്‍വൃതിയോടേകിടാമന്നീ നെഞ്ചിന്
കുളിരുമിളംചൂടും ചേര്‍ന്നിടും സഞ്ജീവനി.
*സ്വന്തം പിതാവ് മകളെ ബലാല്‍സംഗം ചെയ്തെന്ന പത്രവാര്‍ത്തയാണ് ഈ കവിതയെഴുതാന്‍ എന്റെ മനസ്സിനോട് പറഞ്ഞത്*
Dec 4, 2010
കന്മദം

ജീവിതത്തില്‍ വഴിമാറി സഞ്ചരിക്കേണ്ടിവന്നപ്പോള്‍
പിന്നില്‍ കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍;
വാടിവീണ മോഹങ്ങള്‍;
അവരെ താലോലിക്കാതെ,
മുറിപ്പാടുകളില്‍ തലോടാതെ,
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ,
ദൂരേക്കു നടന്നകലുമ്പോള്‍
അവരെന്നെ ശപിച്ചു-
"ഒരിക്കലും ഒന്നിലും ഉരുകാത്ത ശിലയായ്,
ചുട്ടുപഴുത്തും തണുത്തു മരവിച്ചും
കാലത്തോടൊപ്പം നീ ഉരുണ്ടു നീങ്ങട്ടെ!
അവഗണിക്കപ്പെടലിന്റെ വേദനയില്‍ വിങ്ങിയ
ഞങ്ങളുടെ ശാപത്തിന്റെ സ്മാരകമായി
യുഗങ്ങളോളം നീ അലഞ്ഞു തിരിയട്ടെ!"
ഞാനുമാശിക്കുന്നു;
"ഈ അഹല്യയുടെ മോക്ഷപ്രാപ്തിക്കായി
ഒരു ശ്രീരാമന് ഉണ്ടാകാതിരിക്കട്ടെ!
എന്റെ അവസാനനാളില്‍,
എന്നില്‍നിന്നുരുകി പുറത്തേക്കൊഴുകുന്ന കന്മദം
വരും തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ഒരൌഷധമാവട്ടെ!"
Nov 30, 2010
ഓര്‍മകള്‍

സിരകളിലെ രക്തം തിളച്ചു തുടിക്കുന്നു;
തിളച്ചു തിളച്ചു ചോര വറ്റിത്തുടങ്ങി.
കരളിനുള്ളില്‍നിന്ന് കരിഞ്ഞ മണം!
ഈ കരിഞ്ഞു പിടിച്ച കറയുടെ
വൃത്തികെട്ട പാടുകള്‍ കളയുന്നതെങ്ങനെ?
ആദ്യം കണ്ണീരാല്‍ കഴുകിനോക്കി,
പിന്നെ ശാപവാക്കുകളാല്‍ ചുരണ്ടിനോക്കി,
ഒടുവില്‍ മറവിയാല്‍ മൂടിനോക്കി,
എന്നിട്ടും മായാതെ, മറയാതെ.....
Nov 24, 2010
പൂര്‍ണത

എല്പിച്ചിട്ടാണ് പോയത്.
എന്നാല്‍ അവള്‍ക്കു സ്വന്തം ഹൃദയം നഷ്ടപ്പെട്ടിരുന്നു!
ഒറ്റപ്പെട്ട അയാളുടെ ഹൃദയവും പേറി,
നഷ്ടപ്പെട്ട തന്റെ ഹൃദയത്തിനായി
അവള് കാത്തിരുന്നു;
ഏകാന്തതയില്‍ നിന്ന്
മോചനം തരുന്നൊരു കൂട്ടിനായി.
പക്ഷെ അവള്‍ക്കറിയില്ലായിരുന്നു;
നഷ്ടപ്പെട്ടതാരുടെ ഹൃദയമെന്ന്.
അവള്‍ക്ക് രണ്ടും
വേര്‍തിരിച്ചറിയാനാവാത്ത വിധം
ഒരുപോലെയായിരുന്നു.
ഒന്ന് മാത്രം അവള്‍ക്കറിയാം-
ഒന്നില്ലാതെ മറ്റൊന്ന് അപൂര്‍ണമാണെന്ന്.
Nov 18, 2010
കൈവിട്ട സുകൃതം

വിങ്ങിത്തുടിക്കുന്നെന്‍ ഹൃത്തടം.
എന്റെ സ്വപ്നങ്ങള്‍ നുകര്‍ന്ന്
എന്റെ വികാരങ്ങള്‍ക്ക് ധന്യത നല്കിയ കവിതേ,
നിന്നെ എന്നില്‍ നിന്നും പറിച്ചെടുത്തതാര്?
ഉള്ളില്‍ക്കിടന്നു വിങ്ങുമെന്‍ സ്വപ്നങ്ങളെ
വലിച്ചു കുടിച്ചെന്റെ വിങ്ങല്‍ തീര്‍ക്കാന്‍
നീ വരാത്തതെന്തേ എന്‍ കുഞ്ഞേ?
കൊതിച്ചു നടന്നിരുന്നു ഞാന്‍;
എനിക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായെങ്കില്‍!
എന്റെ സുകൃതങ്ങളെന്നില്‍ കനിഞ്ഞെങ്കില്‍!
നീ എന്റെ മനസിന്റെ ഗര്‍ഭത്തില്‍
നാമ്പെടുത്ത നാള് മുതല്‍
ഉണ്ണാനുമുറങ്ങാനും മറന്ന്
നിനക്കായ് വിരുന്നൊരുക്കി ഞാന്‍ കാത്തിരുന്നു.
കുഞ്ഞുടുപ്പുകള്‍ നെയ്ത്, കിന്നരിമാലകള്‍ കോര്‍ത്ത്,
നിന്റെ കുഞ്ഞുമുഖത്തിന് ചന്തം കൂട്ടാന്‍
ഞാനൊരുക്കിവെച്ചു.
നീ വന്നു പിറന്ന നാള് മുതല്‍
എന്റെ സര്‍വസ്വവും നീയായി മാറി.
എന്റെ ഭാവനകളൂട്ടി
എന്റെ ജ്ഞാനം പകര്‍ന്ന്
നിന്റെയുയിരിനു ഞാന്‍ ശക്തി നല്കി.
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടു ഞാന്‍ നിര്‍വൃതിക്കൊണ്ടു.
ഏവരും നിന്നെ പ്രശംസിച്ചപ്പോള്‍
ഞാനാനന്ദാശ്രുക്കള്‍ പൊഴിച്ചു.
മതിമറന്ന് സന്തോഷിച്ച ഞാന്‍
നിന്നെ അഭിമാനത്തോടെ വാരിപ്പുണര്‍ന്നു.
നിന്നെച്ചിലര്‍ വിമര്‍ശിച്ചപ്പോള്‍
മാതാവിന് വ്യഥ ഞാന്‍ തൊട്ടറിഞ്ഞു.
പെറ്റു വളര്‍ത്തിയൊരെന്‍ കുഞ്ഞിനു ഞാനൊരു
കുറ്റവും കണ്ടതില്ലിന്നേ വരെ.
താലോലിച്ചു കൊതി തീരും മുമ്പേ
ഞാനറിയാതെ നിന്നെക്കവര്‍ന്നോടിയതാര്?
നിന്റെ രോദനം കേള്‍ക്കുന്നതെവിടെനിന്ന്?
എരിയും മനസിനു കുളിരായി നീ
ഓടിയണയാത്തതെന്തേ എന്‍ കവിതേ?
Nov 14, 2010
Nov 12, 2010
എന്റെ മയില്‍പ്പീലിത്തുണ്ട്
Nov 11, 2010
തൊട്ടാവാടീ......

ശലഭങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്ത
വെറുമൊരു തൊട്ടാവാടിപ്പൂവാണു നീ.
ദു:ഖത്തിന്റെ മുള്‍പ്പടര്‍പ്പില്‍,
ഭയത്തിന്റെ കുറ്റിക്കാടുകള്‍ക്കിടയില്‍,
പതിഞ്ഞു കിടന്നാലും;
നോവിനെ മറക്കുന്ന നിന്റെ പുഞ്ചിരിയും
സദാ പ്രസരിപ്പാര്‍ന്ന ഭാവവും
എന്നിലുണര്‍ത്തുന്നു മാസ്മരരാഗങ്ങള്‍.
സൌന്ദര്യശാസ്ത്രവിശാരദന്മാര്‍
ലക്ഷണം നോക്കിപ്പറയുന്നു;
നിന്നിലില്ലൊട്ടും, ആരെയുമാകര്‍ഷിക്കും
വശ്യമനോഹരമാമഴക്!
പക്ഷെ...
നിന്റെ നനുത്ത മന്ദസ്മിതത്തില്‍,
വറ്റാത്ത പ്രസരിപ്പില്‍,
നിന്റെയിളം കാന്തിയില്‍ തുളുമ്പും ശാലീനതയില്,
കാണുന്നു ഞാന്‍; നിന്റെയുള്ളിന്റെയുള്ളിലെ
നൈര്‍മ്മല്യദീപത്തിന്‍ ചൈതന്യം.
നിന്നെത്തലോടാനായ് ഞാന്‍
കൊതിപൂണ്ടു കൈനീട്ടുമ്പോള്‍
ഒരു വിടര്‍ന്ന പുഞ്ചിരി മാത്രം നല്കി
തെന്നി മാറുന്നതെന്തിനു നീ?
ഈ നോവുകളുടെയന്ധകാരത്തില്‍നിന്നും
നിന്നെ ഞാനെന്റെ
പ്രണയത്തിന് വെട്ടത്തിലേക്ക് പറിച്ചുനട്ടോട്ടേ?
പരുപരുത്ത എന്റെ മാറില്‍ കുടിയിരുത്തി;
എന്നിലെ, ആരും രുചിക്കാത്ത
സ്നേഹനദിയിലെ ജലം തളിച്ച്;
നിന്നെ ഞാന്‍ തഴുകിയണച്ചോട്ടേ?
Nov 8, 2010
എനിക്കായ് പെയ്യുന്ന പ്രണയം

അതിന് തുടുത്ത നിറം!
ആ മാറോടു തല ചായ്ച്ചുവയ്ക്കുമ്പോഴെല്ലാം
എനിക്കാ നേര്‍ത്ത സ്വരം കേള്‍ക്കാം....
സിരകളിലേക്ക് ഇറ്റിറ്റു വീഴുന്ന പ്രണയത്തിന്റെ സ്വരം.
ഇലത്തുമ്പില്‍ നിന്ന് മെല്ലെപ്പതിക്കുന്ന
മഴത്തുള്ളികളുടെ നനുത്ത നാദം പോലെ!
നിലക്കാതെ അത്
പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു;
എന്നിലെ ജീവന് ഉണര്‍വ്വായി....
ഉന്മേഷമായി.....
Nov 5, 2010
അശ്വമേധം

ദോഷനിവൃത്തിക്കായി ഞാനെന്റെ അശ്വമേധം തുടങ്ങട്ടെ.
മനസ്സാകുന്ന എന്റെ അശ്വമേ,
നിന്റെ മസ്തകത്തില്‍ ബന്ധിച്ച ജയപത്രവുമായി
നീ യഥേഷ്ടം പായുക!
നിന്നെ പിടിച്ചുകെട്ടുന്നവനുമായുള്ള യുദ്ധത്തില്‍
നീ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ
ഞാന്‍ നിന്നെ വിട്ടയക്കുന്നു.
പിടികൊടുക്കാതെ സര്‍വലോകങ്ങളും താണ്ടി നീ
മടങ്ങിയെത്തുമെന്നു ഞാനാശിക്കുന്നു.
നിന്നെ പിടിച്ചുകെട്ടി
യുദ്ധത്തിലെന്നെ ജയിക്കാന്‍ കഴിയുന്ന
ഒരു വീരനും എങ്ങുമില്ലാതിരിക്കട്ടെ!
പായുക, പായുക, എന്റെ അശ്വമേ,
സ്വതന്ത്രനായി പായുക!
വിജയശ്രീലാളിതനായി മടങ്ങി വരിക!
മനസ്സാകുന്ന എന്റെ അശ്വമേ,
നിന്റെ മസ്തകത്തില്‍ ബന്ധിച്ച ജയപത്രവുമായി
നീ യഥേഷ്ടം പായുക!
നിന്നെ പിടിച്ചുകെട്ടുന്നവനുമായുള്ള യുദ്ധത്തില്‍
നീ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ
ഞാന്‍ നിന്നെ വിട്ടയക്കുന്നു.
പിടികൊടുക്കാതെ സര്‍വലോകങ്ങളും താണ്ടി നീ
മടങ്ങിയെത്തുമെന്നു ഞാനാശിക്കുന്നു.
നിന്നെ പിടിച്ചുകെട്ടി
യുദ്ധത്തിലെന്നെ ജയിക്കാന്‍ കഴിയുന്ന
ഒരു വീരനും എങ്ങുമില്ലാതിരിക്കട്ടെ!
പായുക, പായുക, എന്റെ അശ്വമേ,
സ്വതന്ത്രനായി പായുക!
വിജയശ്രീലാളിതനായി മടങ്ങി വരിക!
Nov 3, 2010
ജീവിതത്തിന്റെ രുചി

അവ കണ്ണില്‍ നിന്നും കവിളിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍,
ഇടയ്ക്കു ദിശ മാറി ചുണ്ടില്‍ തട്ടുമ്പോള്‍,
പലപ്പോഴും എനിയ്ക്കത് മനസ്സിലായിട്ടുണ്ട്.
സന്തോഷത്തിനോ?
മധുരമാണെന്നെല്ലാവരും പറയുന്നു.
പക്ഷെ....
സന്തോഷമനുഭവിച്ചപ്പോഴൊന്നും
ആ മധുരം എനിക്കനുഭവപ്പെട്ടിട്ടില്ല.
അപ്പോഴും
കണ്ണില്‍ നിന്നൊഴുകിയെത്തിയ വികാരധാരകള്‍ക്ക്
ഉപ്പുരസമായിരുന്നു.
Nov 2, 2010
നമ്രമുഖി

ന്നിറ്റിറ്റു വീഴുന്ന ഗംഗാംബുബിന്ദുക്കള്‍
ചന്ദ്രക്കലയിലുരുമ്മിയാ ജ്യോത്സ്ന തന്
കുളിരാര്‍ന്നു മഞ്ഞുകണങ്ങളായ് മാറിയീ
ഭൂവിലെക്കൊഴുകുന്നു, രാവിന്റെ മഞ്ജീര-
മണികളായെങ്ങും കിലുങ്ങും ധ്വനിയോടെ.
ആ സ്നിഗ്ധ മഞ്ഞുകണങ്ങളില്‍ നീരാടി,
പുളിയിലക്കരയണി നേരിയതും ചുറ്റി,
നമ്രമുഖിയായി, സുന്ദരരൂപിയായ്,
ഏകയായ് നില്പൂ മുളകുചെമ്പരത്തി.
ഉത്സാഹമെമ്പാടും വാരിയെറിഞ്ഞുകൊ-
ണ്ടുന്മേഷമോടെയുഷസ്സണഞ്ഞീടുമ്പോള്‍
നിന്നില്‍നിന്നൂര്‍ന്നു മണ്ണില്‍ പതിച്ചീടുവാന്‍
നിന് വിരല്‍ത്തുമ്പില്‍ വിതുമ്പി നില്ക്കുന്നൊരു
മഞ്ഞുകണത്തിന്റെ കൊച്ചുഗോളത്തിലായ്
തെളിയുന്നീ മോഹന ഭൂഗോളമാകെയും.
നിന്റെ തുടുപ്പാര്‍ന്ന മേനിയില്‍നിന്നല്പം
ചെഞ്ചായം സൂര്യന് കടമെടുത്തെന്നാളും
രാപ്പകല്‍ സംഗമ വേളകളെത്രയും
ശോഭാനമാക്കുവാന്‍ ചുറ്റിലും തൂവുന്നു.
ഉള്ളിലലക്കുമനന്തമാം ദു:ഖത്തി-
ന്നോളങ്ങളെയൊന്നടക്കിനിര്‍ത്തീടാനോ,
തുള്ളിത്തുളുമ്പുവാന്‍ വെമ്പിനില്ക്കുന്ന നി-
ന്നശ്രുകണങ്ങളെ മെല്ലെത്തടുക്കാനോ,
നീയെന്നുമിങ്ങനെ കൂമ്പിനിന്നീടുന്നു
നിത്യവും മന്ദസ്മിതം തൂകുമെന്‍ തോഴീ?
ദീര്ഘമാംഗല്യത്തിന് ഭാഗ്യം നിറച്ചൊരു
സിന്ദൂരച്ചെപ്പേന്തും നിത്യലാവണ്യമേ,
വിങ്ങും മനസ്സിന്നൊരാശ്വാസമേകുന്നു
തേജസ്സെഴുന്ന നിന് സുന്ദരദര്‍ശനം!
മായ
ഞാന്‍

കേള്‍ക്കാന്‍ കഴിയാതെന്‍ കാതുകള്‍ ബധിരമായ്,
മിണ്ടാന്‍ കഴിയാതെന്‍ ചുണ്ടുകള്‍ മൂകമായ്,
പാടാന്‍ കഴിയാതെന്‍ ശാരീരം ചോര്‍ന്നുപോയ്,
ആടാന്‍ കഴിയാതെന്‍ മെയ്യു തളര്‍ന്നുപോയ്,
കരയാന്‍ കഴിയാതെന്‍ മനസ്സിന്നു മരവിപ്പായ്.
ഒരു മുളംതണ്ടായി പാടുവാന്‍ മോഹിപ്പൂ
ഞാന്‍ കാണുമോരോ മനസ്സിന് തുടിപ്പിലും!
എന്നിലെ മാധുര്യമൂറ്റിക്കുടിച്ചവര്
നിര്‍ദ്ദയമെന്നെ ചവച്ചുതുപ്പുന്നല്ലോ.....
Subscribe to:
Posts (Atom)