കൈലാസനാഥന്‍റെ തിരുമുടിക്കെട്ടില്‍ നി-
ന്നിറ്റിറ്റു വീഴുന്ന ഗംഗാംബുബിന്ദുക്കള്‍
ചന്ദ്രക്കലയിലുരുമ്മിയാ ജ്യോത്സ്ന തന്‍
കുളിരാര്‍ന്നു മഞ്ഞുകണങ്ങളായ് മാറിയീ
ഭൂവിലെക്കൊഴുകുന്നു, രാവിന്റെ മഞ്ജീര-
മണികളായെങ്ങും കിലുങ്ങും ധ്വനിയോടെ.
ആ സ്നിഗ്ധ മഞ്ഞുകണങ്ങളില്‍ നീരാടി,
പുളിയിലക്കരയണി നേരിയതും ചുറ്റി,
നമ്രമുഖിയായി, സുന്ദരരൂപിയായ്,
ഏകയായ് നില്പൂ മുളകുചെമ്പരത്തി.
ഉത്സാഹമെമ്പാടും വാരിയെറിഞ്ഞുകൊ-
ണ്ടുന്മേഷമോടെയുഷസ്സണഞ്ഞീടുമ്പോള്‍
നിന്നില്‍നിന്നൂര്‍ന്നു മണ്ണില്‍ പതിച്ചീടുവാന്‍
നിന്‍ വിരല്‍ത്തുമ്പില്‍ വിതുമ്പി നില്‍ക്കുന്നൊരു
മഞ്ഞുകണത്തിന്‍റെ കൊച്ചുഗോളത്തിലായ്
തെളിയുന്നീ മോഹന ഭൂഗോളമാകെയും.
നിന്‍റെ തുടുപ്പാര്‍ന്ന മേനിയില്‍നിന്നല്പം
ചെഞ്ചായം സൂര്യന്‍ കടമെടുത്തെന്നാളും
രാപ്പകല്‍ സംഗമ വേളകളെത്രയും
ശോഭാനമാക്കുവാന്‍ ചുറ്റിലും തൂവുന്നു.
ഉള്ളിലലക്കുമനന്തമാം ദു:ഖത്തി-
ന്നോളങ്ങളെയൊന്നടക്കിനിര്‍ത്തീടാനോ,
തുള്ളിത്തുളുമ്പുവാന്‍ വെമ്പിനില്‍ക്കുന്ന നി-
ന്നശ്രുകണങ്ങളെ മെല്ലെത്തടുക്കാനോ,
നീയെന്നുമിങ്ങനെ കൂമ്പിനിന്നീടുന്നു
നിത്യവും മന്ദസ്മിതം തൂകുമെന്‍ തോഴീ?
ദീര്‍ഘമാംഗല്യത്തിന്‍ ഭാഗ്യം നിറച്ചൊരു
സിന്ദൂരച്ചെപ്പേന്തും നിത്യലാവണ്യമേ,
വിങ്ങും മനസ്സിന്നൊരാശ്വാസമേകുന്നു
തേജസ്സെഴുന്ന നിന്‍ സുന്ദരദര്‍ശനം!
3 comments:
ആ സ്നിഗ്ധ മഞ്ഞുകണങ്ങളില്‍ നീരാടി,
പുളിയിലക്കരയണി നേരിയതും ചുറ്റി,
നമ്രമുഖിയായി, സുന്ദരരൂപിയായ്,
ഏകയായ് നില്പൂ മുളകുചെമ്പരത്തി
മനോഹരം ഈ കവിത ...
മലയാളത്തിൽ നല്ല അവഗാഹ്യമാണല്ലോ..
നന്ദി സുനില്‍
Beautiful, iniyum ezhthuka, Abhinandanagal
Post a Comment