Jan 4, 2011

കര്‍ക്കിടകപ്പെണ്ണ്

നിങ്ങളെന്‍റെ വരവും കാത്തിരിക്കുകയായിരുന്നു;
ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക്‌ തണുപ്പു പകരാന്‍!
നിങ്ങള്‍ക്കായ് സമൃദ്ധിയുടെ പറുദീസ ചമയ്ക്കാന്‍!

ഉള്ളിലൊരു സാഗരത്തോളം ദു:ഖങ്ങളുടെ അലകളൊതുക്കി
വിങ്ങുന്ന ഹൃദയത്തിന്‍റെ തുടിപ്പുകളുമായി ഞാനെത്തി;
എന്‍റെ കരിനീലമിഴികളെ നോക്കി നിങ്ങള്‍ പുഞ്ചിരിച്ചു.
ആ  ചഞ്ചലനേത്രങ്ങളില്‍ നിങ്ങള്‍ കണ്ടില്ല
തുളുമ്പിവരുന്നോരെന്‍ തേങ്ങലുകള്‍;
പകരം നിങ്ങളതില്‍ത്തിരഞ്ഞു
 സുഖസമൃദ്ധികളുടെ താക്കോല്‍പ്പഴുത്;
സ്വാര്‍ഥതകളില്‍ കപടസ്നേഹത്തിന്‍റെ ചായമടിച്ച്‌,
ആ കൃത്രിമപ്പൂക്കള്‍ എന്‍റെ കാലടികളിലര്‍പ്പിച്ച്,
നിങ്ങളെന്നെ പൂജിച്ചു; പ്രീതി യാചിച്ചു.

ഇടക്കാരോ പിറുപിറുത്തു-
മോഹിനിയായ് വന്ന ഭീകരരൂപിണി;
ദുരിതം വിതക്കുമിവള്‍!
ശ്യാമദു:ഖങ്ങളെ ഇമകള്‍ക്കകത്തിട്ടുപൂട്ടി ഞാന്‍,
ശ്വേതസ്മിതവുമായ് പെയ്തൊഴിയാതെനിന്നു.
ഉള്ളില്‍ തിങ്ങിനിറയുന്ന നെടുവീര്‍പ്പുകള്‍
ഇടംകിട്ടാതെ രക്ഷപ്പെടാന്‍വെമ്പി.
എന്‍റെ നിശ്വാസങ്ങുടെ ചൂട് താങ്ങാനാവാതെ
നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ഷിച്ചു.

ഒടുവില്‍ തുറന്നു ഞാനെന്‍ ഇമകള്‍!
മനസ്സിന്‍റെ പിരിമുറുക്കം കുറഞ്ഞു;
നിശ്വാസങ്ങളുടെ ചൂടു കുറഞ്ഞു;
സ്വാഭാവികമായ കുളിര്‍മയോടെ
അവ നിങ്ങളെ തഴുകി;
വിതുമ്പി നിന്നിരുന്ന അശ്രുബിന്ദുക്കള്‍
വെമ്പലോടെ താഴേക്കുരുണ്ടു.

ഇടക്കെപ്പോഴോ എന്‍റെ നിയന്ത്രണം വിട്ടുവോ?
നിശ്വാസങ്ങള്‍ കൊടുംകാറ്റായി;
ദു:ഖങ്ങള്‍ കരിമ്പൂതങ്ങളായ് രൂപമെടുത്തു;
കൈകള്‍കോര്‍ത്തവര്‍ നിങ്ങളുടെ തലക്കുമീതെനിന്ന്  
വെള്ളിത്തീതുപ്പി അട്ടഹസിച്ചു;
അലട്ടുന്ന തണുപ്പോടെ ഒലിച്ചിറങ്ങി
പ്രളയമായ് പെയ്തൊഴിഞ്ഞു.
അപ്പോഴേക്കും എനിക്കു പോകാന്‍ സമയമായി.

ഇനിയും കാലമിവിടെ 
വേനലും വരള്‍ച്ചയും ഉരുക്കിയൊഴിക്കും.
ആവര്‍ത്തനങ്ങളെ മന:പൂര്‍വ്വം മറന്ന്,
എന്‍റെ യാത്രയും ചിങ്ങപ്പെണ്ണിന്‍റെ വരവും
നിങ്ങള്‍ മതിമറന്ന് മദിച്ച് ആഘോഷിക്കുമ്പോള്‍
കരിപിടിച്ച മേഘവിഴുപ്പുകളെ അലക്കിവെളുപ്പിച്ച്‌ 
ആകാശക്കൊമ്പത്ത് ഉണക്കാനിടുന്ന സൂര്യന്‍
അര്‍ത്ഥംവെച്ചൊന്നു ചിരിച്ചു. 
ഞാന്‍ മറന്നുവെച്ചുപോയ ഒരു കണ്ണീര്‍ത്തുള്ളിയില്‍
അത് ഏഴുവര്‍ണങ്ങളില്‍ പ്രതിഫലിച്ചു;
ഇനിയും നിങ്ങള്‍ക്കായ് വസന്തമൊരുക്കാമെന്ന  
നിറമുള്ള എന്‍റെ സ്വപ്നപ്പീലികള്‍ വിരിച്ചാടും മയിലായ്
ലോലമേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിച്ചു.

ഏകാന്തമായ ഒരു കോണിലിരുന്ന്
ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു.
അവിടെ പ്രളയം നിലച്ചിരിക്കുന്നു;
മരതകവും പൊന്നും മിന്നിത്തിളങ്ങുന്നു;
മാദകമായ നിറക്കൂട്ടുകളുടെ ഊഞ്ഞാലില്‍
വസന്തം നിങ്ങളെ താലോലമാട്ടുന്നു;
എന്നില്‍നിന്നും അടര്‍ന്നുവീണുപോയ ദു:ഖപുത്രികള്‍
വെള്ളിക്കൊലുസുമിട്ട് കുണുങ്ങിക്കുണുങ്ങി ഒഴുകിനടക്കുന്നു;
കടലലകളെ ചെന്നുപുണര്‍ന്ന് പൊട്ടിച്ചിരിക്കുന്നു;
നിങ്ങളെന്നെ മറന്നിരിക്കുന്നു;
ഒരു നിറകണ്‍ചിരി എന്നില്‍ അറിയാതെ വിടര്‍ന്നു.   

19 comments:

Jazmikkutty said...

നന്നായിട്ടുണ്ട്.എനിക്കിഷ്ട്ടമായി.

Anonymous said...

"ഏകാന്തമായ ഒരു കോണിലിരുന്ന്
ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു ....."ആരോടും.. ഒന്നും പറയേണ്ടല്ലോ...അല്ലെ. ?

MOIDEEN ANGADIMUGAR said...

:)

Noushad Koodaranhi said...

എന്നില്‍നിന്നും അടര്‍ന്നുവീണുപോയ ദു:ഖപുത്രികള്‍
വെള്ളിക്കൊലുസുമിട്ട് കുണുങ്ങിക്കുണുങ്ങി ഒഴുകിനടക്കുന്നു;
കടലലകളെ ചെന്നുപുണര്‍ന്ന് പൊട്ടിച്ചിരിക്കുന്നു;
നിങ്ങളെന്നെ മറന്നിരിക്കുന്നു;
ഒരു നിറകണ്‍ചിരി എന്നില്‍ അറിയാതെ വിടര്‍ന്നു.'

ഞാനെവിടെയോ പറഞ്ഞു നിറുത്തിയതിന്റെ ബാക്കി പോലെ ഒരു തോന്നല്‍..
വെറുതെയാവാം..
ഏതായാലും നന്നായി കേട്ടോ...

Kadalass said...

ശ്യാമദു:ഖങ്ങളെ ഇമകള്‍ക്കകത്തിട്ടുപൂട്ടി ഞാന്‍,
ശ്വേതസ്മിതവുമായ് പെയ്തൊഴിയാതെനിന്നു.

നല്ല വരികള്‍!
അഭിനന്ദനങ്ങള്‍!

ayyopavam said...

വളരെ മനോഹരമായി മഴയെ വരച്ചതില്‍ താങ്കള്‍ വിജയിച്ചു കാല വര്‍ഷത്തിന്റെ

എല്ലാം മുഖത്തെയും വളരെ മനോഹരമായി വരച്ചു സാദാരണ ക്കാരന് മനസിലാകുന്ന ഭാഷയില്‍

എന്നിലെ അനുവാചകന്‍ സന്തുസ്ട്ടനാണ്

Sameer Thikkodi said...

കവിത നന്നായി ...നല്ല വരികള്‍

UNFATHOMABLE OCEAN! said...

ഏകാന്തമായ ഒരു കോണിലിരുന്ന്
ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു.
അവിടെ പ്രളയം നിലച്ചിരിക്കുന്നു;
മരതകവും പൊന്നും മിന്നിത്തിളങ്ങുന്നു;
മാദകമായ നിറക്കൂട്ടുകളുടെ ഊഞ്ഞാലില്‍
വസന്തം നിങ്ങളെ താലോലമാട്ടുന്നു

ചേച്ചി ഈ വരികള്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു ........കവിത നന്നായിട്ടുണ്ട് ആശംസകള്‍ ....

നാമൂസ് said...

എന്തൊക്കെയോ പിന്നെയും പിന്നെയും എന്നെ ഓർമ്മിപ്പിക്കുന്നു.... കാലാന്തരങ്ങളൂടെ ഇഴപിരിയൽ നൽകുന്ന കാഴ്ച്ചകൾ, നിറം മങ്ങി തെന്നി നീങ്ങുന്ന മേഘങ്ങളായി മനസ്സിലൂടെ ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്നു. ഇതൊന്നു പെയ്തു ഒഴിഞ്ഞെങ്കില്‍.... അതെന്നില്‍ വര്‍ഷിക്കുന്ന ആ നാളില്‍ ഞാന്‍ വീണ്ടും പുഷ്പിണിയാകും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏകാന്തമായ ഒരു കോണിലിരുന്ന് ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു..
പക്ഷെ..ഇപ്പോഴും പെയ്തുപെയ്തു കൊണ്ടിരിക്കുകയാണല്ലോ..?

ശാന്ത കാവുമ്പായി said...

'നിങ്ങളെന്നെ മറന്നിരിക്കുന്നു;
ഒരു നിറകണ്‍ചിരി എന്നില്‍ അറിയാതെ വിടര്‍ന്നു'
മറക്കാനല്ലേ എളുപ്പം.

Jayesh/ജയേഷ് said...

മൊത്തത്തില്‍ ഒരു ചന്തമുണ്ട്

Unknown said...

എന്നില്‍നിന്നും അടര്‍ന്നുവീണുപോയ ദു:ഖപുത്രികള്‍
വെള്ളിക്കൊലുസുമിട്ട് കുണുങ്ങിക്കുണുങ്ങി ഒഴുകിനടക്കുന്നു;
കടലലകളെ ചെന്നുപുണര്‍ന്ന് പൊട്ടിച്ചിരിക്കുന്നു;
നിങ്ങളെന്നെ മറന്നിരിക്കുന്നു..


കവിത മനോഹരം.

Sidheek Thozhiyoor said...

പുതുവര്‍ഷകവിത നല്ല ആഴമുള്ള വരികള്‍ , ഉരുകിഒഴുകുന്ന വേനലുകളിലൂടെ വരള്ച്ചകളിലൂടെ തളരാതെ മുന്നേറാന്‍ സര്‍വേശ്വന്‍ അനുഗ്രഹിക്കട്ടെ..

A said...

ജീവിത പ്രയാണത്തിലെ ഓളവും തീരവും ഓര്‍മിപ്പിക്കുന്ന വരികള്‍

ഐക്കരപ്പടിയന്‍ said...

എന്‍റെ ബ്ലോഗില്‍ വിസിറ്റ് ചെയ്തയാളെ തിരഞ്ഞു വന്നതാണ്...കൊള്ളാം...കാമ്പുള്ള കവിത...
കൂടുതല്‍ ഒഴിവു പോലെ വന്നു വായിക്കാം..

Ranjith chemmad / ചെമ്മാടൻ said...

ഒന്നു വാറ്റിക്കുറുക്കിയാൽ അതിമനോഹരമായ ഒന്ന്!!

zephyr zia said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!

Manickethaar said...

‍ആശംസകള്‍.