Jan 22, 2011

അനുരാഗതപസ്യ

കല്പനാജാലകവാതില്‍ക്കല്‍ ഞാന്‍  
കാണ്മൂ നിത്യവും നിന്‍റെ രൂപം.
കുളിരേകും ശാന്തമാം ശ്യാമാരാവിന്‍
വശ്യതയോലുമാ കാഴ്ചകാണേ
ഇരുളില്‍ വിരിയുന്ന വെണ്‍പുഷ്പത്തിന്‍
മാദകഗന്ധം പടര്‍ന്നിടുന്നു.
രാപ്പാടിപ്പാട്ടുപോല്‍ താളാത്മകം
നിന്നുടെ ശ്വാസവും നിശ്വാസവും.
മോഹവും ഭീതിയും ചേര്‍ത്തുണര്‍ത്തും

മോഹനഗന്ധര്‍വസുന്ദരന്‍ നീ. 
കണ്ണില്‍ കത്തുന്ന ശൈവഭാവം,
കരളില്‍ കനക്കുന്ന മൌനരാഗം,
വിശ്വം നമിക്കുന്ന പ്രൌഢശബ്ദം,
വിളങ്ങും മുഖത്തു വിജയീഭാവം,
വാക്കില്‍ കാമന്‍റെ പൂവമ്പില്ല,
നോക്കില്‍ പ്രണയത്തിന്‍ തേനൂറില്ല.
ആരാധിക്കുന്നു ഞാനീ ധാര്‍ഷ്ട്യത്തെ,
പ്രണയിച്ചിടുന്നു ഞാനീ പാരുഷ്യം.
പരുക്കനാ നെഞ്ചിലൊളിച്ചിരിക്കും
മൃദുലാനുരാഗം വെളിച്ചംകാണ്‍കെ
പ്രണയത്തിന്നേഴു നിറങ്ങളും നാം
വെണ്മയായ് പ്രതിഫലിപ്പിച്ചിടേണം.
ഏഴഴകുള്ള കറുപ്പായ് തമ്മില്‍
ദു:ഖങ്ങള്‍ സ്വാംശീകരിച്ചിടേണം.
കളങ്കത്തിന്‍ ചായക്കൂട്ടു കടത്താത്ത
കാപട്യത്തിന്‍ നിറങ്ങളെടുക്കാത്ത
തൂമഞ്ഞിന്‍ കുഞ്ഞുകണങ്ങളാല്‍ തീര്‍ത്തൊരു  
സ്നേഹപ്പളുങ്കായ് ചിരിച്ചിടേണം.

17 comments:

സാബിബാവ said...

എന്നും ഇതേ ചിന്തയോടെ കാണാന്‍ കഴിയട്ടെ പുതുമ ഇല്ലാത്ത വിഷയമാണ്‌ എങ്കിലും വരികളില്‍ പ്രണയത്തിന്റെ നനവുണ്ട്

Hamsageetham said...

വാക്കില്‍ കാമന്‍റെ പൂവമ്പില്ല,
നോക്കില്‍ പ്രണയത്തിന്‍ തേനൂറില്ല.
ആരാധിക്കുന്നു ഞാനീ ധാര്‍ഷ്ട്യത്തെ,
പ്രണയിച്ചിടുന്നു ഞാനീ പാരുഷ്യം.
പരുക്കനാ നെഞ്ചിലൊളിച്ചിരിക്കും
മൃദുലാനുരാഗം വെളിച്ചംകാണ്‍കെ
പ്രണയത്തിന്നേഴു നിറങ്ങളും നാം
വെണ്മയായ് പ്രതിഫലിപ്പിച്ചിടേണം.

റൊമാന്റിസത്തിനു വല്ലാത്ത ഒരു ലാസ്യ ഭാവമുണ്ട്, ഒരു പരിധി വരെ ഈവരികളില്‍ ഉണ്ട്, ഇനിയും നല്ല സൃഷ്ടികള്‍ പ്രതീഷിക്കുന്നു

രമേശ്‌ അരൂര്‍ said...

വൈയക്തിക ഭാവങ്ങളും ചിന്തകളും കവിതയില്‍
കൊണ്ട് വന്നാല്‍ അത് കവിയുടെ സ്വകാര്യതയാവും ..വിശേഷിച്ചും ഈ കവിത തികച്ചും സ്വകാര്യതയാണ് ..അത് പ്രസിദ്ധപ്പെടുത്തിയ സ്ഥിതിക്ക് അങ്ങനെ തന്നെ സ്നേഹിച്ചും ലാളിച്ചും ജീവിക്കൂ എന്നേ വായിക്കുന്നവര്‍ക്ക് പറയാനുള്ളൂ ..സാമൂഹിക പ്രസക്തിയോടെ എഴുതിയാല്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടും എന്ന അഭിപ്രായം ഉണ്ട് ..

റാണിപ്രിയ said...

Good....

ഫോണ്ട് വായിക്കാന്‍ സുഖം പോര...
ആശംസകള്‍....

വരവൂരാൻ said...

സ്നേഹപ്പളുങ്കായ് ചിരിച്ചിടേണം.

ആശംസകൾ

paarppidam said...

വളരെ നന്നായിരിക്കുന്നു ഓരോ പോസ്റ്റും, എന്നാല്‍ സമയക്കുറവു കൊണ്ട് ഓരോന്നിനും പ്രത്യേകം കമന്റ് ഇടുന്നില്ല.
ബുദ്ധിമുട്ടില്ലെങ്കില്‍ പുതിയ പോസ്റ്റു വരുമ്പോള്‍ ഒന്ന് മെയില്‍ ചെയ്യുമല്ലോ?
സസ്നേഹം
എസ്.കുമാര്‍

Jithu said...

Kollaam

വര്‍ഷിണി* വിനോദിനി said...

പ്രണയം എനിക്കും എന്തെല്ലമൊക്കെയോ ആണ്..ഒരുപാട് നിഗൂഢതകള് സൂക്ഷിക്കുന്നതാണ്..ഏഴഴകുള്ള കറുപ്പ് നിറമാണതിന്. ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"പ്രണയം"
എത്ര പറഞ്ഞാലും, എഴുതിയാലും തീരില്ല...
കൊള്ളാം സിയ...നല്ല വരികള്‍

Junaiths said...

:)

മൻസൂർ അബ്ദു ചെറുവാടി said...

:)
Good

SAJAN S said...

വാക്കില്‍ കാമന്‍റെ പൂവമ്പില്ല,
നോക്കില്‍ പ്രണയത്തിന്‍ തേനൂറില്ല.
ആരാധിക്കുന്നു ഞാനീ ധാര്‍ഷ്ട്യത്തെ,
പ്രണയിച്ചിടുന്നു ഞാനീ പാരുഷ്യം.
പരുക്കനാ നെഞ്ചിലൊളിച്ചിരിക്കും
മൃദുലാനുരാഗം വെളിച്ചംകാണ്‍കെ
പ്രണയത്തിന്നേഴു നിറങ്ങളും നാം
വെണ്മയായ് പ്രതിഫലിപ്പിച്ചിടേണം.

വളരെയേറെ ഇഷ്ടമായി
:):):):)

ജയിംസ് സണ്ണി പാറ്റൂർ said...

പ്രണയത്തെjക്കുറിച്ച് എങ്ങിനെ
എഴുതാതിരിക്കും.ശൈശവഭാവമെന്നല്ലേ
ഉദ്ദേശിച്ചത്,ഒരു സംശയം.

zephyr zia said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!
@പാറ്റൂര്‍, ശൈവ(ശിവന്‍റെ)ഭാവം എന്ന് തന്നെയാണ് ഉദ്ദേശിച്ചത്

A said...

അനുരാഗത്തിന്റെ തീക്കാറ്റ്‌ വായനക്കാരന്റെ ഹൃദയം പൊള്ളിക്കുന്നു.

നീലാംബരി said...

"കല്പനാജാലകവാതില്‍ക്കല്‍ ഞാന്‍
കാണ്മൂ നിത്യവും നിന്‍റെ രൂപം.
കുളിരേകും ശാന്തമാം ശ്യാമാരാവിന്‍
വശ്യതയോലുമാ കാഴ്ചകാണേ
ഇരുളില്‍ വിരിയുന്ന വെണ്‍പുഷ്പത്തിന്‍
മാദകഗന്ധം പടര്‍ന്നിടുന്നു."

ഭാവനാ ജാലകം തുറന്നിടുമ്പോള്‍ പേരറിയാത്ത പൂവിന്റെ ഗന്ധം

Anonymous said...

നല്ല കവിത.......