Feb 17, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...

30 comments:

Kalavallabhan said...

"ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ഭൂമിദേവിയെ..."
കാച്ചിക്കുറുക്കാമായിരുന്നു.

പദസ്വനം said...

माँ तुझे सलाम !!
"ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ"
അല്ലെ??

സിയ, ഇപ്പോഴായി അമ്മ കുഞ്ഞു സ്നേഹം കൂടുതലായി കാണപ്പെടുന്നു, എന്താ?? ;)

gopan nemom said...

ശാസ്ത്രം പഠിച്ച മക്കളെ കൊണ്ണ്ടമ്മ ........
ശ്വാസം കഴിക്കാന്‍ പാടുപെട്ടു .........
രോഷം മുഴുത്ത മക്കളെ കൊണ്ണ്ടമ്മ......
കണ്ണിലിരിട്ടൂ.. വലിച്ചു കെട്ടി......

നന്മകള്‍ ആര്‍ദ്രം!

Pranavam Ravikumar said...

കവിത നന്നായിരിക്കുന്നു.. ഗദ്യ രൂപത്തിലെങ്കിലും ആശയം മനസ്സിലായി..ഭൂമിദേവിയെ കുറിച്ചാണ് എന്ന് പകുതി വായിച്ചപ്പോള്‍ മനസ്സിലായി.. ശരിയാണ്, സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി ഇന്ന് മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിച്ചു തുടങ്ങി കാലമേറെയായി.. ഇത് തുടര്‍ന്നാല്‍ എന്താകും സ്ഥിതി?

ജല സ്ത്രോതസ്സുകള്‍ ഇല്ലാതെയാകുന്നു, മരങ്ങള്‍ ഇല്ല, തന്മൂലം പക്ഷികള്‍ക്ക് സങ്കേതമില്ല. ഇങ്ങനെ പരിസ്ഥിതിയുടെ താളം തെറ്റുന്നു..

പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉള്ള ചരാചരപ്രപഞ്ചം ഇന്ന് ചരപ്രപഞ്ചമായി മാറുന്നു...

കവിതയില്‍ ചിഹ്നം പലയിടത്തും വിട്ടുപോയോ എന്ന് സംശയം...

ആശംസകളോടെ...!See this comment also in http://enikkuthonniyathuitha.blogspot.com/2011/02/blog-post_16.html

അനീസ said...

ദിവസങ്ങള്‍ കഴിയുംതോറും കൂടുതല്‍ വഷളാവുന്നേ ഉള്ളൂ, "ഭൂമിക്കൊരു ചരമ ഗീതം" ഓര്‍മ്മ വന്നു

ഒരില വെറുതെ said...

ബാക്കിയാവട്ടെ അമ്മ. നന്‍മ.സ്നേഹം.

Umesh Pilicode said...

ആശംസകള്‍

കൊമ്പന്‍ said...

kollaam

Sabu Hariharan said...

നന്നായി. അഭിനന്ദനങ്ങൾ.

ഒരു സംശയം..
മക്കൾ തന്നെയാണീ പാതകം ചെയ്തത്‌..
ആ മക്കളോട്‌ തന്നെ എങ്ങനെ സ്നേഹിക്കാൻ പറയും?

ജനിച്ചതെല്ലാം ഒരുനാൾ മരിക്കും..ഭൂമിയുമതു പോലെ...

ചന്തു നായർ said...

ഒരു കവിതയുടെ ധർമ്മം എന്താണ് ? അത് വായനക്കരനെ രസിപ്പിക്കണം,ചിന്തിപ്പിക്കണം, വായന തീർന്നതിന് ശേഷവും അവന്റെ മനസ്സിനെ മഥിക്കണം... ഇവിടെ സിയാ ആ കർമ്മത്തിൽ വിജയിച്ചിരിക്കുന്നൂ.... പോറ്റമ്മയുടെ-ഭൂമിയുടെ- വേദനയും, യാതനയും എടുത്ത്കാട്ടുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ഭാരത മാതാവിനെക്കുറിച്ചാകാം, എങ്കിൽ അവിടെ നിന്നും തുടങ്ങം.. 1, അറ്റുപോയ അവയവങ്ങള്‍ - പാക്കിസ്ഥാനായും, ബംഗ്ലാദേശായും, സമ്പൂർണ്ണമായിരുന്ന നമ്മുടെ മാതാവിനെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി വെട്ടിമാറ്റി (ശസ്ത്രക്രിയാപ്പാടുകള്‍ ) 2, അമ്മയുടെ ഉടുതുണി മാറ്റിയുംമാറും വയറും പിളര്‍ന്നുംപോലും ഐശ്വര്യം തിരയും മക്കള്‍- ഫ്ലാറ്റുകൾ,ബഹുനില മന്ദിരങ്ങൾതീർത്ത് ഐശ്വര്യം തിരയുന്നൂ( വിസ്താരഭയത്താൽ കൂടുതൾ എഴുതുന്നില്ലാ ) 3, പരസ്പരം കൊന്നുതള്ളിയുംവെട്ടിപ്പിടിച്ചും – ഇവിടെ ഭാരതത്തെ മാത്രമല്ലാ ലോകത്തിന്റെ(ഭൂമിയുടെ) സമസ്തഭാവങ്ങളിലും കവിയുടെ നയനങ്ങൾ എത്തുന്നൂ.3, ദാഹജലത്തിനായി കേഴുന്നു – ഇവിടെ അയ്യപ്പ്പണിക്കാരുടെ”കാടെവിടെ മക്കളേ.......”എന്ന് കവിത ഓർമ്മിക്കാം. 4, പുലർച്ചയിലും സന്ധ്യയിലും മുടങ്ങാതെകാന്തന്‍ നെറുകില്‍ ചാര്‍ത്തുംസിന്ദൂരം ‌- ഇവിടെ കവിയുടെ കൈയ്യൊപ്പ്.... ഓരൊ വരിയും എടുത്തെഴുതി വിമർശിക്കുന്നില്ലാ... ഒരു കാര്യം..... ഇവിടെ കവിതകൾ നശിക്കുന്നില്ല .... ഞാൻ ഇത്രയും എഴുതിയത് എന്റെ ബ്ലോഗിലെ “ഭരതവാക്യം” എന്ന കവിതയുടെ ആത്മാംശത്തിനു തുല്ല്യമായ ഒരു ചിന്ത ഇവിടെ കണ്ടതുകൊണ്ടാണ്..... സിയാ.....ഇനിയും എഴുതൂ....... ഞാൻ ഇത്രയും എഴുതിയത് എന്റെ ബ്ലോഗിലെ “ഭരതവാക്യം” എന്ന കവിതയുടെ ആത്മാംശത്തിനു തുല്ല്യമായ ഒരു ചിന്ത ഇവിടെ കണ്ടതുകൊണ്ടാണ്..... സിയാ.....ഇനിയും എഴുതൂ.......(“ഭൂമിദേവിയെ“.. ഇതുമാത്രം ഒഴിവാക്കാമായിരുന്നൂ,ആരെന്ന് വായനക്കാർ മനസ്സിലാക്കിക്കോട്ടേ) ആശംസകളോടെ ...ചന്തുനായർ

നാമൂസ് said...

പരിസ്ഥിതിയുടെ രാഷ്ട്രീയം ഇന്നെവിടെയാണുള്ളത്..?

Absar Mohamed said...

Nannaayittund.... Aashamsakal....

വീകെ said...

ഇങ്ങനെ പോയാൽ ഭൂമിദേവി തന്നെ ഉണ്ടാകുമൊ....?!!
ഇപ്പോൾ തന്നെ മൃതാവസ്ഥയാ...
ഇനി ഒരു മേജർ ഓപ്പറേഷൻ കൊണ്ടു പോലും ശരിയാക്കാൻ പറ്റുമെന്നു തോന്നുന്നില്ല....

ഇതു കവിത പോലെ തോന്നുന്നു...!
എന്നാൽ വായിക്കുമ്പോൾ ഗദ്യമായും...!!
ആശംസകൾ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭൂമി ദേവിയെ കുറിച്ചുള്ള കവിത...
വളരെ നന്നായിരിക്കുന്നു...
ചന്തു നായര്‍ പറഞ്ഞതിന്റെ അടിയില്‍ എന്റെ ഒരു ഒപ്പ്..

Ismail Chemmad said...

കവിത വായിച്ചു ,ഇഷ്ടപ്പെട്ടു.
തിരഞ്ഞെടുത്ത വിഷയം പ്രസക്തവും ഗൌരവ മേറിയതും...
ആശംസകള്‍

ആചാര്യന്‍ said...

നന്നായി മരണപ്പെട്ടു കൊണ്ടിരിക്കുന്ന മണ്ണ്..

ചാണ്ടിച്ചൻ said...

റിയാസ് പറഞ്ഞതിന്റെ അടിയില്‍ എന്റെ ഒരു കുത്ത്...

Jithu said...

ഓ എന്‍ വി മാഷിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത ഓര്‍മപ്പെടുത്തി...
നല്ല കവിത....നല്ല വരികള്‍.....എനിക്കിഷ്ടപ്പെട്ടു.

"ഇനിയും മരിക്കാത്ത ഭൂമി നിന്‍ ആസന്ന മൃതിയില്‍ നിനക്കാത്മശാന്തി......."

ഷമീര്‍ തളിക്കുളം said...

ഇനിയും നാം തിരിച്ചറിയുമോ, ഈ അമ്മതന്‍ സ്നേഹം...?
കവിതയിലെ ആശയം പ്രസക്താകുന്നു...

Unknown said...

നന്നായിരിക്കുന്നു. എങ്കിലും തുടക്കത്തിലുള്ള മേന്മ അവസാന വരികള്‍ക്കില്ല.
നല്ല ചിന്തയാണ്.
ആശംസകള്‍ !

MOIDEEN ANGADIMUGAR said...

ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ.
അമ്മയെ തെരുവിൽ തള്ളിയ മക്കളെക്കൂറിച്ചു ഇന്നലെ പത്രത്തിൽ വായിച്ചു.

കാഡ് ഉപയോക്താവ് said...

ആശംസകള്‍ !

GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
Here

ente lokam said...

ആര്‍ദ്രമീ വരികള്‍
ആര്‍ദ്രമീ ചിത്രം ..
ആര്‍ദ്രമീ ചിന്ത ...
മാതാവിനും എഴുതുകാരിക്കും
പ്രണാമം ....

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയാ വയ്കി പോയെങ്കിലും നമ്മുക്ക് നടത്താം ഒരു മൃത്യുഞ്ജയം നമ്മുടെ ഭൂമി ദേവിയുടെ ദീര്‍ഘായുസ്സിനായ്
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ബെഞ്ചാലി said...

അമ്മ. നല്ല ആശയം.

SUJITH KAYYUR said...

ashamsakal

മുകിൽ said...

nannayirikkunnu..

Unknown said...

നന്നായി എഴുതി...
നിറയെ കവിതകളുള്ള ബ്ളോഗ്!!!

ഇനിയും മൂർച്ചയുള്ള വരികളുണ്ടാകട്ടെ,,

zephyr zia said...

അമ്മയെ കണ്ട് സാന്ത്വനിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി...

ഇനിയെങ്കിലും നമുക്കൊരുമിച്ചു നിന്ന് അമ്മയെ സ്നേഹിക്കാം... ശുശ്രൂഷിക്കാം...

ജെ പി വെട്ടിയാട്ടില്‍ said...

ആദ്യമായിട്ടാണ് ഈ വഴിക്ക്.
കവിത കൊള്ളാം. ആസ്വാദനം കുറവാണ്. എന്നാലും എത്തി നോക്കും. പട്ടാമ്പിയില്‍ നിന്നൊരു പെണ്‍കുട്ടി എഴുതുന്ന കവിതകള്‍ എന്നെ ഹരം പിടിപ്പിച്ചിരുന്നു. പിന്നീട് എനിക്കിഷ്ടപ്പെട്ട രീതിയില്‍ അക്ഷരങ്ങള്‍ കാണാറില്ല.