വിഷ്ണോ! മഹാപ്രഭോ! കാണുവാനില്ലയോ
ഹിമവല്‍മാറില്‍ ബദരികാശ്രമത്തില്‍
സര്‍വം ത്യജിച്ചു നിന് പ്രീതിലബ്ധിക്കായി
ഘോരതപം ചെയ്യും കന്യാതുളസിയെ?
പഞ്ചാഗ്നി മധ്യത്തിലങ്ങയെ പൂജിപ്പൂ
വേനലില്‍, പൊള്ളും കൊടുംചൂടിലും പ്രഭോ;
നീരാന്തരത്തിലൊരു ശൈത്യം മുഴുവനും
അങ്ങേ സ്തുതിക്കുന്നേനൊട്ടും വിറക്കാതെ.
നിത്യവുമാപുണ്യപാദങ്ങള്‍ സങ്കല്പി-
ച്ചവയെ പുണര്‍ന്നു മയങ്ങുന്നോളല്ലോ ഞാന്‍.
എന്നുടെ ഭക്ഷണമങ്ങുതന്നുച്ഛിഷ്ട-
മെന്നു സങ്കല്പിച്ചു ഭോജിപ്പോളല്ലോ ഞാന്‍.
നിര്‍വൃതിക്കൊള്ളുന്നാ സങ്കല്പമാത്രയില്
സങ്കല്പമെന്തേ നിജമാകാത്തൂ പ്രിയാ?
ഹൃദയത്തിന്നോരോ തുടിപ്പിലും വിങ്ങുന്നു
ഉയിരിന്റെയോരോ ശ്വാസത്തിലും തേടുന്നു
കണ്ടതില്ലങ്ങയെ, വന്നതില്ലങ്ങെന്തേ?
പിടയുന്നു ഞാനാ വരപ്രസാദത്തിനായ്.
കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍ വയ്യാ ഇനിയുമീ നൊമ്പരം!
ഉണ്ണാവ്രതം നോല്‍ക്കാം ജലപാനം വെടിയാം ഞാന്‍
ശ്വാസനിശ്വാസങ്ങള്‍ പോലുമുപേക്ഷിക്കാം.
കാത്തിരുന്നീടാം ഞാന്‍, കാണുന്നില്ലങ്ങയെ
വൈകുന്നതെന്തങ്ങെന്‍ പ്രാണേശ്വരാ വരാന്‍?
നിത്യവുമങ്ങയെത്തേടുമെന്‍ മാനസം
കാണാത്തതെന്തങ്ങ്? കനിയാത്തതെന്തങ്ങ്?
നരകാന്തകാ, നൊന്തുവെന്തുനീറുന്നൊരീ
ഹൃത്തടമങ്ങു തഴയുന്നതെന്തിനോ?
സംവത്സരങ്ങള്‍ ഞാന്‍ കാത്തിരിക്കാമെന്റെ
സര്‍വവുമങ്ങേക്കായ് ഞാന്‍ ത്യജിക്കാം.
ഒന്നിങ്ങു വന്നെങ്കില്‍, അന്നു ഞാനാ പുണ്യ-
പാദങ്ങളില്‍ വീണു പൂജ ചെയ്യാം.
ദു:ഖങ്ങളെല്ലാം ക്ഷണംകൊണ്ടു മായ്ക്കുമാ
മാറില്‍ ചേര്‍ന്നന്നു ഞാന്‍ സ്വര്‍ഗം പൂകും!
16 comments:
ഭക്തി സാന്ദ്രം..ജാലപാന്മുപെക്ഷിച്ചു, സര്‍വവും ത്യജിച്ച് ഓരോ തുടിപ്പിലും തെടികൊണ്ടിരിക്കുന്ന ഭഗവാന് വരപ്രസാദവുമായി വേഗം വന്നണയട്ടെ.
ആശംസകള്‍..
ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ കഴിഞ്ഞു , ഒഴുക്കോടെ എഴുതിയതിനാല്‍..നല്ല താളവും..നന്നായിരിക്കുന്നു
വിപ്രലംഭം!
ഭൂവിനെ ദ്യോവിനെ സര്‍വ്വ ഭുവനങ്ങളെയും
ആത്മാവിലാവാഹിച്ച ത്രിവിക്രമാ...
തന്നെ സ്തുതിക്കുന്നവരെ
ക്ലേശിപ്പിക്കുകയില്ല നീ.
പ്രഭോ...എന്റെ അപേക്ഷകള്‍
ഒട്ടും ഉപേക്ഷയില്ലാതെ
ക്ഷണം, രക്ഷ നല്‍കണേ...!!
ഭക്തി പൂര്‍വ്വം
ഭക്തിസാന്ദ്രം ഈ കവിത.
ഈശ്വര ചിന്ത ഒന്ന് മാത്രം മനസമാധാനത്തിന്.
പ്രാർഥനയോടെ……………..
ഭക്തിപൂര്‍വ്വം,പ്രണയസാന്ദ്രം .............നന്നായിരിക്കുന്നു.
കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍ വയ്യാ ഇനിയുമീ നൊമ്പരം!
ഉണ്ണാവ്രതം നോല്‍ക്കാം ജലപാനം വെടിയാം ഞാന്‍
ശ്വാസനിശ്വാസങ്ങള്‍ പോലുമുപേക്ഷിക്കാം.
വരികള്‍ ഇഷ്ടപ്പെട്ടു
ആശംസകള്‍!
varikalil snehathinte pachappundu....ashamsakal
വിധി
നടന്നു തീര്‍ക്കട്ടെ
അലക്ഷ്യമായി ............. പിന്നെയും
:)
വാക്കുകളുടെ അതിപ്രസരം ,നന്മയുടെ ഭാവന , പ്രണയത്തിന് മുഖപടം ചാര്‍ത്തിയ ദേവന്റെ ഹൃദയത്തില്‍ തുളസിയായ് ചാര്‍ത്തിടുന്നു.
ആശംസകള്‍....
തീർച്ചയായും കാവ്യാത്മകതയും ഭക്തിയുടെ പ്രണയവും പ്രണയത്തിന്റെ ഭക്തിയും കലർന്ന കവിതയാണിത്.
കവിത്വം എതെഴുതിയ ആളിന്റെ രക്തത്തിൽ ഉണ്ട്. വലിയ അളവിൽ.
പക്ഷേ
അത് ഇത്തിരി കൂടിയ അളവിൽ റിഫൈൻ ചെയ്യേണ്ടതുണ്ട്.
കൃഷ്ണഭക്തിയും പ്രണയവുമൊക്കെ എത്രയോ നാം കേട്ടിരിക്കുന്നു. മലയാളത്തിന്റെ മാധവിക്കുട്ടിയുടെ കൃഷ്ണകവിതകൾ നോക്കൂ..
അപ്പോൾ അത് നാം പറയുമ്പോൾ വിഷയത്തിന്റെ വേറൊരു തലത്തെക്കുറിച്ച് ആലോചിച്ച് നോക്കണമ.
ഇവിടെ കവിതയുടെ പകുതി കഴിയുമ്പോൾ ആദ്യം പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്, താളം തെറ്റുന്നുമുണ്ട്.
എവിടെ താമസിച്ചാലും കവിതയെഴുത്തും വായനയും മുടക്കാതെ മുന്നേറുക
തീർച്ചയായും തനിക്ക് കവിതയിൽ ഒരു വഴി കണാൻ കഴിയും.
കവിതയിലെ ലയാത്മകത തന്നെ ഉദാഹരണം.
വെറുതെ പുകഴ്ത്തിയതല്ല കേട്ടോ...
സ്വയം കണ്ടെത്തലാണ് ലോകത്തിലെ ഏറ്റവും കഠിനവും ഏറ്റവും ഒടുവിൽ സംഭവിക്കുന്നതും.
മനസ്സിലെന്നും മന്ത്രമായി ഉരുവിടേണ്ട വരികള്‍ കൊള്ളാം സിയാ ...
അതി തീക്ഷ്ണമായ കാത്തിരിപ്പ്.. സ്നേഹം ഇത്ര തീവ്രമോ..?
വരാതിരിക്കുന്നുവെക്കിൽ ... ആരായാലും ഈ കാത്തിരിപ്പിന്റെ കനലിൽ ഉരുകി പോകും.
മനോഹരം ഈ വരികൾ
എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി!
സത്യം പറയട്ടെ..... സാധാരണ ബ്ലൊഗ് എഴുത്തുകാരിൽ നിന്നും വേറിട്ട ഒരു ശബ്ധം, പലരും ആഴ്ന്നിറങ്ങുന്നില്ല...ആഴത്തിൽ ചിന്തിക്കുന്നില്ല...വെറൂം ഉപരിപ്ലവം.. സിയാ...വരികൾക്കും,ആശയത്തിനും.ശതകോടി വന്ദനം....ചന്തുനായർ ( ആരഭി )
Post a Comment