Feb 2, 2011

കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു

കൊടുത്തതെത്ര; കണക്കു വച്ചില്ല ഞാന്‍.  
കൊണ്ടതെത്ര; എഴുതിയും വച്ചില്ല ഞാന്‍.
മുന്നില്‍ നിരക്കുന്നു കണക്കുപുസ്തകങ്ങള്‍
മുതലും പലിശയും കൂട്ടുപലിശയുമായ്.
കണ്ണുരുട്ടിക്കൊണ്ടു നാവോങ്ങിനില്‍ക്കുന്നൂ
കണ്ടുശീലിച്ച  മുഖങ്ങളെല്ലാം മുന്നില്‍.
അറിയില്ല; കടങ്ങള്‍ വീട്ടുവാനൊരു മാര്‍ഗം.
അറിയില്ല; കിട്ടാക്കടങ്ങളുണ്ടോയെന്നും.
ഓര്‍മയില്‍പ്പോലും സൂക്ഷിച്ചുവെക്കുവാന്‍  
ഓര്‍ത്തതില്ല ഞാന്‍ കൊടുത്ത കണക്കുകള്‍.
കണ്ടതുമില്ലവയാരുടെ കണക്കിലും;
കണ്ടതോ ഞാന്‍ കടംവാങ്ങിയവ മാത്രം.
പിഴച്ചിരിക്കുന്നെന്‍ കണക്കുകളെല്ലാമേ.
പിഴുതെറിയുന്നതെങ്ങനെയീ പാഴ്ജന്മം?

21 comments:

ഒരില വെറുതെ said...

കണക്കുകള്‍ക്കപ്പുറത്തും ചിലതുണ്ട്. ഒന്നും ഒന്നും ചേര്‍ന്നാല്‍ വലിയ ഒന്നാവുമെന്ന് പറയാന്‍ കഴിയുന്ന മറ്റൊരു ലോകം. കൊണ്ടും കൊടുത്തും മാത്രം പുലരുന്ന ലോകത്തെ സ്വപ്നങ്ങളുടെയും കവിതയുടെയും വഴിയിലേക്ക് തിരിച്ചുവിടാനായാല്‍ ഇത്ര മാത്രം ഇരുണ്ടതാവില്ല ലോകം. മറ്റ് കവിതകളേക്കാള്‍, നേര്‍ക്കുനേരെ നില്‍ക്കുന്നു ഈ വരികള്‍.

JITHU said...

കണക്കെടുപ്പില്‍ ശിഷ്ടം ............നഷ്ടം...!!

നന്നായിരിക്കുന്നു ഈ കണക്കുപുസ്തകം......

ചാണ്ടിച്ചന്‍ said...

മിക്കവാറും ഒരു മുഴം കയറിലാവാനാ സാധ്യത....
കുറിക്കു കൊണ്ടിരിക്കുന്നു ഈ ചിന്ത.....

ചെറുവാടി said...

:)
നന്നായിരിക്കുന്നു

വര്‍ഷിണി said...

ബാധ്യതകളുടെ കണക്ക് പുസ്തകം നന്നായിരിയ്ക്കുന്നൂ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കൊടുത്ത കണക്കുകള്‍ സൂക്ഷിച്ചു വച്ചില്ലെങ്കില്‍ വിജയിച്ചു..ജന്മം പാഴാവുന്നത് കൊണ്ടത്‌ എഴുതിവക്കാതിരുന്നത് കൊണ്ടാണ്..എങ്കിലും ആദ്യത്തെ നന്മയുടെ ഒരു പിടിവള്ളിയുണ്ടല്ലോ?

moideen angadimugar said...

പലപ്പോഴും പലകണക്കുകളും അങ്ങനെയാ..
സെഫയര്‍ സിയയുടെ ഒരുവ്യത്യസ്ത കവിത എന്ന് തന്നെപറയാം. നന്നായിട്ടുണ്ട്

നാമൂസ് said...

താങ്ങിയും തൂങ്ങിയും നീളെ.... ദിനരാത്രവര്‍ഷങ്ങള്‍.

നിശാസുരഭി said...

ഇന്നത്തെ സുപ്രധാന വാര്‍ത്തയാണ് ഓര്‍മ്മ വന്നത്, സ്മാര്‍ട്ട് സിറ്റിയും ഉമ്മന്‍ ചാണ്ടിയുടെ പരസ്പര വിരുദ്ധ പ്രസ്താവനകളും :)

കവിത അതാണെന്നല്ല പറഞ്ഞത്, പക്ഷെ അതുമായ് കൂട്ടിവായിക്കാം സാധിക്കുന്നുണ്ട്!! (ഞാനോടീ)

kARNOr(കാര്‍ന്നോര്) said...

നന്നായിരിക്കുന്നു

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ചികപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റിയെന്നും വരാം.......
ആശംസകൾ!

സാബിബാവ said...

എപ്പോഴും വെത്യസ്തമായ കവിതകള്‍ ആണല്ലോ ഇവിടെ ഇഷ്ട്ടമായി

ഹാഷിക്ക് said...

ഒന്നും അങ്ങോട്ട്‌ 'ടാലി' ആകുന്നില്ലല്ലോ..?കിട്ടാക്കടം ആയിരിക്കും കൂടുതല്‍......

Kalavallabhan said...

സാരമില്ല, കൊള്ളാമിനിയും
ജന്മം ബാക്കി ഉണ്ടെങ്കിൽ..

നന്നായിട്ടുണ്ട്
ആശംസകൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിരിക്കുന്നു സിയാ..

Kiran / കിരണ്‍ said...

പിഴുതെറിയാന്‍ വരട്ടെ. കുറച്ചു കൂടി കണക്കുകള്‍ കൂട്ട് :-)

രമേശ്‌അരൂര്‍ said...

കൊടുത്തവര്‍ക്കും കണക്കില്ല ,കിട്ടിയവര്‍ക്കും കണക്കില്ല..ഒന്നും ഓര്‍മയും ഇല്ല ..ഇങ്ങനെ ബിസിനസ് ചെയ്‌താല്‍ കട എപ്പോള്‍ പൂട്ടും എന്ന് പറയേണ്ടല്ലോ :)(കച്ചവടം ആണെങ്കില്‍ )
..
"കൊടുത്തതെത്ര; കണക്കു വച്ചില്ല ഞാന്‍. കൊണ്ടതെത്ര; എഴുതിയും വച്ചില്ല "
ഈ വരികള്‍ വായിച്ചാല്‍ തല്ലുകിട്ടിയ കാര്യം ആണെന്നും തോന്നും ...:)

zephyr zia said...

വായനക്ക് നന്ദി! അഭിപ്രായങ്ങള്‍ക്കും.....

അനീസ said...

1=1=3

അയ്യോ, വീണ്ടും പിഴച്ചു

Anonymous said...

കവിത നന്നായിരിക്കുന്നു..:-)

Meera's World said...

Beautiful lyrics:)I envy those who can write like this:)